സൗദിയിലെ ജുബൈലിൽ പെട്രോകെമിക്കൽ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ മരിച്ചത് രണ്ട് മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു. ചൊവ്വാഴ്ചയോടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാവുമെന്നാണ് കരുതുന്നത്.

രണ്ട് മലയാളികൾ ഉൾപ്പെടെ പന്ത്രണ്ട് പേരാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ആറ് പേർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. ജുബൈലിലെ യുനൈട്ടെഡ് പെട്രോ കെമിക്കൽ കമ്പനിയിൽ ശനിയാഴ്ച ഉണ്ടായ അപകടത്തിൽ ഒമ്പത് ഇന്ത്യക്കാർ ഉൾപ്പെടെ പന്ത്രണ്ട് പേരാണ് മരിച്ചത്.

പോസ്റ്റുമോർട്ടം ഒഴിവാക്കി മൃതദേഹങ്ങൾ വിട്ടു നൽകാൻ അധികൃതർ തീരുമാനിച്ചിരുന്നു. ഇതോടെയാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലായത്. റോയൽ കമ്മീഷൻ, മുവാസാത്ത്, അൽമന ആശുപത്രി മോർച്ചറികളിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കുന്നതിന് കമ്പനി അധികൃതരും ഇന്ത്യൻ എംബസി സന്നദ്ധ പ്രവർത്തകരും ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

അപകടത്തിൽ മരിച്ച തൃശ്ശൂർ കുട്ടഞ്ചേരി സ്വദേശി ലാസർ ലിജോണിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. മലങ്കര സ്വദേശി ബെന്നി വർഗീസിന് പത്തിലും എട്ടിലും പഠിക്കുന്ന രണ്ട് മക്കളുമുണ്ട്. പരിക്കേറ്റവരിൽ ആറ് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഫാക്ടറിയിൽ വർഷാന്ത്യ അറ്റകുറ്റപ്പണികൾക്കായി ഫർണസിൽ ഇറങ്ങിയവരാണ് അപകടത്തിൽ പെട്ടത്.

ചെറിയ തീപിടിത്തത്തെ തുടർന്ന് ഫർണസിനുള്ളിൽ പുക നിറഞ്ഞതാണ് മരണ കാരണം. തീ വേഗം കെട്ടുവെങ്കിലും ജീവനക്കാർ പുക ശ്വസിച്ച്‌ബോധം നഷ്ടപ്പെടുകയായിരുന്നു. റോയൽ കമ്മീഷൻ അധികൃതർ അന്വേഷണ സംഘത്തെ നിയമിച്ചു. ഒരാഴ്ചക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.