ന്യൂഡൽഹി: മോദി സർക്കാരിനെതിരെ വലിയ അഴിമതി ആരോപണം എന്ന മട്ടിൽ കോൺഗ്രസ് അവതരിപ്പിക്കുന്ന റാഫേൽ ഇടപാടിൽ ഒരു തട്ടിപ്പും നടന്നിട്ടില്ലെന്നും മറിച്ച് യുപിഎ സർക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ ഉടമ്പടിയിൽ നിശ്ചയിച്ചതിനേക്കാൾ കുറഞ്ഞ വിലയ്ക്കാണ് റാഫേൽ വിമാനങ്ങളുടെ ബേസ് മോഡൽ എൻഡിഎ സർക്കാർ വാങ്ങുന്നതെന്നും റിപ്പോർട്ട്. മന്മോഹൻ സിങ് സർക്കാരിന്റെ കാലത്തേക്കാൾ പത്തു ദശലക്ഷം യൂറോ കുറവ് വിലയ്ക്കാണ് മോദി സർക്കാർ ഫ്രാൻസുമായി റാഫേൽ കരാറിൽ ഏർപ്പെട്ടതെന്ന വിവരമാണ് പുറത്തുവരുന്നത്. മോദി സർക്കാർ വലിയ അഴിമതി കാട്ടിയെന്ന മട്ടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ ഇപ്പോൾ നടക്കുന്ന പ്രചരണം യാതൊരു അടിസ്ഥാനവും ഇല്ലാത്തതാണെന്ന് ഇക്കണോമിക് ടൈംസ് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

ഇൻഡോ-ഫ്രാൻസ് റാഫേൽ കരാർ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒപ്പിട്ടത് പ്രകാരം 36 അത്യാധുനിക റാഫേൽ വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. മന്മോഹൻ സിങ് സർക്കാരിന്റെ കാലത്തെ ഉടമ്പടി 126 മീഡിയം മൾട്ടി റോൾ കോമ്പാറ്റ് എയർക്രാഫ്റ്റുകൾ (എംഎംആർസിഎ) വാങ്ങാനായിരുന്നു. ഒരു വിമാനത്തിന്റെ ബേസ് മോഡലിന്റെ വില പരിശോധിച്ചാൽ മന്മോഹന്റെ കാലത്തെ കരാറിനേക്കാൾ കുറവാണ് മോദി സർക്കാർ ഉണ്ടാക്കിയ കരാറിലെന്ന് ഡിഫൻസ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഒരു വിമാനത്തിന് യുപിഎ കാലത്തേക്കാൾ ഉയർന്ന വില നൽകി മോദി സർക്കാർ വാങ്ങിയെന്ന ആക്ഷേപമാണ് രാഹുൽഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസിന്റെ പ്രമുഖ നേതാക്കൾ കുറ്റപ്പെടുത്തുന്നത്. ഇതു ചൂണ്ടിക്കാട്ടിയാണ് അഴിമതി ആരോപണവും ഉന്നയിക്കുന്നത്. എന്നാൽ ഇത് വെറും രാഷ്ട്രീയ സ്റ്റണ്ട് മാത്രമെന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. മുൻ റാഫേൽ ഇടപാടിനേക്കാൾ വില കുറച്ചുകിട്ടാനായി ഒന്നര വർഷത്തോളം പലവട്ടം ചർച്ച നടത്തിയാണ് മോദി സർക്കാർ പുതിയ കരാർ ഉണ്ടാക്കിയത്. ഇതിനായി സുരക്ഷാ ക്യാബിനറ്റ് കമ്മിറ്റിയുടെ മുൻകൂർ അനുവാദം വാങ്ങിയില്ലെന്നതാണ് കോൺഗ്രസ് ഉന്നയിക്കുന്ന മറ്റൊരു ആരോപണം.

ഉപയോഗത്തിന് പൂർണസജ്ജമായ രീതിയിലുള്ള 36 റാഫേൽ വിമാനങ്ങളാണ് ഇന്ത്യൻ സേനയ്ക്ക് മോദി സർക്കാരിന്റെ ഉടമ്പടി പ്രകാരം ലഭിക്കുക. ഇതിന്റെ വിലയായി നിശ്ചയിച്ചിട്ടുള്ളത് 7889.54 ദശലക്ഷം യൂറോ (7.9 ബില്യൺ യൂറോ) ആണ്. 18 വിമാനങ്ങൾ ഉപയോഗിക്കാൻ സജ്ജമാക്കി കൈമാറാനാണ് യുപിഎ സർക്കാരിന്റെ കാലത്തെ ഡീൽ. ശേഷിക്കുന്ന 108 വിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാനുള്ള ലൈസൻസും ഇതോടൊപ്പം ലഭിക്കും. ഇതിൽ വിമാനത്തിന്റെ എണ്ണത്തിന്റെ കാര്യമെടുത്താൽ യുപിഎ സർക്കാരിന്റെ കാലത്തെ ഉടമ്പടി പ്രകാരം 36 വിമാനങ്ങൾ രാജ്യത്തിന് ലഭിക്കുമായിരുന്നെങ്കിൽ ഇതിന്റെ വില 9502.3 ദശലക്ഷം യൂറോ (9.5ബില്യൺ യൂറോ) ആകുമായിരുന്നു - റിപ്പോർട്ടിൽ പറയുന്നു.

വിമാനത്തിന്റെ എണ്ണത്തിലെ വ്യത്യസ്തത കൊണ്ടു മാത്രമല്ല, രണ്ടു ഉടമ്പടിയിലേയും വിമാനങ്ങൾ തമ്മിൽ സൗകര്യങ്ങളിലും ശേഷിയിലും സൈന്യത്തിന് ലഭ്യമാക്കുന്ന കാലയളവിന്റെ കാര്യത്തിലുമെല്ലാം വലിയ വ്യത്യാസം ഉണ്ട് എന്നതിനാൽ തന്നെ താരതമ്യം പോലും ശരിയല്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. മോദി സർക്കാർ ഒപ്പുവച്ച ഉടമ്പടി പ്രകാരം ലഭിക്കുന്ന റാഫേൽ വിമാനങ്ങൾക്ക് വലിയ പ്രഹരശേഷിയാണ് മുൻകാലത്തെ കരാറിനേക്കാൾ ഉള്ളത്. ആയുധ പാക്കേജാണ് അതിൽ പ്രധാനം. 150 കിലോമീറ്റർ ദൂരത്തേക്ക് പ്രഹരശേഷിയുള്ള മിസൈലുകൾ ഉൾപ്പെടുന്ന വിമാനം തയ്യാറാക്കുന്നത് ഇന്ത്യയിലെ സാഹചര്യത്തിന് യോജിച്ച സൗകര്യങ്ങളും മറ്റും ചേർത്ത് 13 പ്രത്യേകതകൾ കൂടി ഉൾപ്പെടുത്തിയാണ്.

ബേസിക് എയർക്രാഫ്റ്റിന്റെ കാര്യം മാത്രം പരിശോധിച്ചാൽ ഇപ്പോഴത്തെ കരാർ പ്രകാരം ഒരു വിമാനത്തിന്റെ വില 91 ദശലക്ഷം യൂറോ ആണ്. യുപിഎ ഡീൽ പ്രകാരം ഇത് 99 ദശലക്ഷം യൂറോ ആയിരുന്നു. അതിനാൽ 2.2 ബില്യൺ യൂറോയുടെ നേട്ടം യുപിഎ സർക്കാരിന്റെ കാലത്തെ അപേക്ഷിച്ച് മോദിയുടെ ഉടമ്പടിയിലൂടെ രാജ്യത്തിന് ലഭിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

ഇതിലെല്ലാം ഉപരി സൈന്യത്തിന് എത്രയും വേഗം വിമാനങ്ങൾ കിട്ടുന്നു എന്നതാണ് നിർണായകമായ മറ്റൊരു നേട്ടം. പ്രത്യേകിച്ചും അതിർത്തിയിലെ സുരക്ഷാ ഭീഷണി അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിൽ. വിമാനത്തിന്റെ വിശദാംശങ്ങൾ പുറത്തുവിടാത്തത് സുരക്ഷാകാര്യങ്ങൾ കൊണ്ടുതന്നെ ആണെന്നും ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നുണ്ട്.

മോദി സർക്കാരിന്റെ പാക്കേജ് പ്രകാരം ബേസിക് എയർക്രാഫ്റ്റ്, രാജ്യത്തിന്റെ ആവശ്യങ്ങൾക്ക് യോജിച്ച ക്രമീകരണങ്ങൾ, സ്‌പെയേഴ്‌സ്, സൈനികർക്ക് വേണ്ട പരിശീലനം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ, ഉപഭാഗങ്ങൾ, ആയുധങ്ങൾ എന്നിവയെല്ലാം ഒരു വിമാനത്തിന്റെ കാര്യത്തിൽ ലഭിക്കും. ഒരു വിമനത്തിന്റെ വില എന്ന രീതിയിൽ താരതമ്യം ചെയ്യുമ്പോൾ അത് ബേസ് എയർക്രാഫ്റ്റിന്റെ കാര്യത്തിൽ മാത്രമേ നടക്കൂ എന്ന് ചുരുക്കം. അങ്ങനെ നോക്കിയാൽ പക്ഷേ, മോദി സർക്കാരിന്റെ കാലത്തെ ഡീൽ പ്രകാരം വൻ ലാഭമാണ് രാജ്യത്തിന് ഉണ്ടായിട്ടുള്ളത്.

ഇപ്പോൾ ആരോപണം ഉന്നയിക്കാൻ വേണ്ടി കോൺഗ്രസ് കാണിക്കുന്നതാകട്ടെ അന്ന് ഒരു ജെറ്റിന് നൽകുന്ന വിലയേക്കാൾ ഇന്ന് ഒരു ജെറ്റിന് നൽകേണ്ടിവന്നു എ്ന്ന് മാത്രം വാദിച്ചാണെന്നും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ കാര്യമുൾപ്പെടെ പൂർണമായും മറച്ചുപിടിക്കുന്നുവെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ എയർഫോഴ്‌സിന് അടിയന്തിരമായി വിമാനങ്ങൾ ലഭ്യമാക്കേണ്ട സാഹചര്യമായതുകൊണ്ടു കൂടിയാണ് ഇത്രയധികം വിമാനങ്ങൾക്കായി ഉടമ്പടി ഉണ്ടാക്കിയതെന്നും ഈ സാഹചര്യത്തിൽ റാഫേൽ ഉടമ്പടിയെ ചൊല്ലി രാഷ്ട്രീയ താൽപര്യം മാത്രം വച്ചുകൊണ്ട് വിവാദം ഉണ്ടാക്കുന്നത് ശരിയല്ലെന്നും ഡിഫൻസ് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.