മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ദേവേന്ദ്ര ഫട്‌നാവിസിനെ തിരഞ്ഞെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ മുംബൈയിൽ ചേർന്ന നിയമസഭാകക്ഷി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്. യോഗത്തിൽ സംസ്ഥാന ബിജെപിയിലെ മുതിർന്ന നേതാക്കൾ പങ്കെടുത്തു. ഇതോടെ മഹാരാഷ്ട്രയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാവുകയാണ് നാൽപ്പത്തിനാലുകാരനായ ഫട്‌നാവിസ്.

നാഗ്പൂർ വെസ്റ്റിൽ നിന്നുള്ള എംഎ‍ൽഎയാണ് ഫട്‌നാവിസ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നവരിൽ ആദ്യത്തെ പേരും ഫട്‌നാവിസിന്റേതായിരുന്നു. 1970 ജൂലെ 22 ന് നാഗ്പൂരിൽ ജനിച്ച ഫട്‌നാവിസ് രാഷ്ട്രീയ സ്വയം സേവക സംഘത്തിലൂടെയാണ് പൊതുപ്രവർത്തനത്തിലേക്കെത്തുന്നത്. തുടർന്ന് ഭാരതീയ ജനതാ പാർട്ടിയിലൂടെ രാജ നൈതിക രംഗത്തെത്തിയ അദ്ദേഹം 21ാം വയസ്സിൽ നാഗപൂർ മുനിസിപ്പൽ കോർപ്പറേഷനിലെ കൗൺസിലറായി . 27ാം വയസ്സിൽ നാഗ്പൂരിലെ മേയറായി തെരഞ്ഞെടുക്കപ്പെട്ടു.

1999 മുതൽ നാഗ്പൂരിലെ എം എൽ എ ആണ് ഫട്‌നാവിസ്. കഴിഞ്ഞ ഏപ്രിലിലാണ് ഫട്‌നാവിസിനെ പാർട്ടി സംസ്ഥാന അധ്യക്ഷനായി അവരോധിച്ചത്. നിതിൻ ഗഡ്കരിയുടെ രാഷ്ട്രീയ ഗുരുവായ ഗംഗാധർ ഫട്‌നാവിസാണ് ദേവേന്ദ്രയുടെ പിതാവ്. നിയമ ബിരുദവും എം.ബി.എയുമുള്ള ഫട്‌നവിസ് രണ്ട് സാമ്പത്തിക ശാസ്ത്ര പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. അമൃതയാണ് ഭാര്യ. ദിവിജ ഫട്‌നാവിസ് മകളാണ്.

അതേസമയം ബിജെപിക്ക് പിന്തുണ നൽകുന്നത് ശിവസേനയാണെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ ശിവസേനയുമായുള്ള ധാരണകൾ പൂർത്തിയായിട്ടില്ല. ബിജെപി ആരെ നിശ്ചയിച്ചാലും പിന്തുണയ്ക്കുമെന്ന് നേരത്തെ ശിവസേന വ്യക്തമാക്കിയിരുന്നു. അതിനിടെ വിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കില്ലെന്ന് എൻസിപിയും വ്യക്തമാക്കി. ഇതോടെ ശിവസേന പിന്തുണ ഇല്ലെങ്കിലും മഹാരാഷ്ട്രയിൽ ബിജെപിക്ക് ഭരണം നേടാനാവുമെന്ന അവസ്ഥയിലാണ്.

ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി എംപിമാർക്കായി നടത്തിയ ചായസൽക്കാരത്തിലാണ് മഹാരാഷ്ട്രയിൽ ഒന്നര പതിറ്റാണ്ടിനുശേഷം സേനബിജെപി സഖ്യത്തിന് വീണ്ടും ജീവൻ വച്ചത്. ഉപാധികളില്ലാത്ത സഖ്യമാകും ബിജെപി മുന്നോട്ട് വയ്ക്കുക. എന്നാൽ ശിവസേനയെ അപമാനിക്കുകയും ഇല്ല. പരമാവധി മന്ത്രിസ്ഥാനങ്ങളും നൽകും. ആഭ്യന്തരം വിട്ടു നൽകാനും സാധ്യതയില്ല.

നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് തകർന്ന സഖ്യം തിരിച്ചുകൊണ്ടുവരാൻ ശിവസേന വൻതോതിൽ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നു. 288 അംഗ നിയമസഭയിൽ 122 സീറ്റുകൾ നേടി ബിജെപി ഒന്നാമതെത്തിയപ്പോൾ ഒറ്റയ്ക്ക് മത്സരിച്ച ശിവസേനയ്ക്ക് 63 സീറ്റുകൾ നേടാനെ കഴിഞ്ഞുള്ളു. 41 സീറ്റ് നേടിയ എൻ.സി.പിയുമായി ചേർന്ന് ബിജെപി സർക്കാരുണ്ടാക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നപ്പോൾ ശിവസേന വിട്ടുവീഴ്ചയ്ക്ക് തയ്യാറായി.