തിരുവനന്തപുരം : ഒട്ടേറെ താരങ്ങൾ ജനസമ്മിതി തേടിയിറങ്ങിയ തെരഞ്ഞെടുപ്പായിരുന്ന ഇത്തവണത്തേത്. നിയമസഭ-ലോക്‌സഭാ തെരഞ്ഞെടുപ്പുകൾക്ക് ലഭിക്കുന്ന ഗ്ലാമർ തദ്ദേശത്തിന് ഇല്ലെങ്കിലും താരങ്ങളുടെ സാന്നിധ്യത്തിന് ഒട്ടും കുറവില്ലായിരുന്നു. ചാനൽ അവതാരകർ മുതൽ സിനിമാ നിർമ്മാതാക്കൾ വരെ സ്ഥാനാർത്ഥി വേഷം കെട്ടിയപ്പോൾ ആരൊക്കെ തോറ്റു, ആരൊക്കെ ജയിച്ചു.

എസ്എഫ്‌ഐ പ്രവർത്തകനായി രാഷ്ട്രീയത്തിൽ അരങ്ങേറി പിന്നീട് എഎപിയിലേക്കു ചുവട് മാറി ഒടുവിൽ ബിജെപി സ്ഥാനാർത്ഥിയായി നിന്ന അലി അക്‌ബറാണ് തോൽവിയുടെ രുചി ആദ്യം അറിഞ്ഞത്. കോഴിക്കോട് കോർപറേഷൻ അരീക്കോട് വാർഡിൽ നിന്നാണ് അലി അക്‌ബർ മൽസരിച്ചത്. എതിരാളി വി.കെ.സി മമ്മദ് കോയയും. എൽഡിഎഫ് സ്ഥാനാർത്ഥിയായ വി.കെ.സി മമ്മദ് കോയ 1848 വോട്ടുകൾ നേടി വിജയിച്ചപ്പോൾ അലി അക്‌ബറിന് 396 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വടകരയിൽ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായി മൽസരിച്ചെങ്കിലും 6235 വോട്ട് മാത്രം നേടി പരാജയപ്പെട്ടു.സിനിമയിൽ അലി അക്‌ബർ അണിയാത്ത വേഷങ്ങളില്ല. സംവിധായകൻ, തിരക്കഥാകൃത്ത്, എഡിറ്റർ, ഛായാഗ്രാഹകൻ, സംഭാഷണ രചയിതാവ് , കഥാകൃത്ത്, ഗാനരചയിതാവ് അങ്ങനെ എല്ലാ വേഷങ്ങളും പയറ്റി ശേഷമാണ് തെരഞ്ഞെടുപ്പു അങ്കത്തിൽ മൽസരിക്കാൻ എത്തുന്നത്.

തിരുവനന്തപുരത്ത് ടിവി അവതാരക വീണ എസ്. നായരാണ് താരസാന്നിധ്യം. അഭിഭാഷകയായ വീണ ശാസ്തമംഗലത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയായാണു മത്സരിക്കുന്നത്. ചാനൽ അവതാരകയുടെ ചുറുചുറുക്കോടെയാണ് പ്രചാരണ പ്രവർത്തനങ്ങൾ. മുൻ ഉദുമ എംഎൽഎ കെ.പി. കുഞ്ഞിക്കണ്ണന്റെ മരുമകൾകൂടിയാണു വീണ. പക്ഷെ വീണയുടെ രാഷ്ട്രീയത്തിനൊപ്പം ശാസ്തമംഗലത്തുകാർ ഒപ്പം നിന്നില്ല. സിപിഐഎമ്മിന്റെ ബിന്ദു ശ്രീകുമാറാണ് വീണ നായരെ പരാജയപ്പെടുത്തിയത്. എൽഡിഎഫ് സ്ഥാനാർത്ഥി 1477 വോട്ടും വീണ നായർ 1352 വോട്ടുമാണ് നേടിയത്. സോഷ്യൽ മീഡിയകളിലൂടെ വമ്പിച്ച പ്രചാരണമായിരുന്നു ചാനൽ അവതാരകയുടേത്.

കൊച്ചിയിലും ഉണ്ട് താരങ്ങൾക്ക് കുറവില്ല. സിനിമയിലും സീരിയലിലും സജീവ സാന്നിധ്യമായിരുന്ന കോട്ടയം സ്വദേശി സോണി ജോസ് ശിവസേന സ്ഥാനാർത്ഥിയായി എറണാകുളം നോർത്ത് ഡിവിഷനിൽ നിന്നും മൽസരിച്ചു. സ്‌ക്രീനിൽ വില്ലത്തിയും പരദൂഷണിക്കാരിയുമായി എത്തുന്നതു കൊണ്ടാകും ജനങ്ങൾ ഈ താരത്തെയും പിന്തുണച്ചില്ല. 33 വോട്ടുകൾ മാത്രമാണ് എറണാകുളം നോർത്ത് ഡിവിഷനിൽ നിന്ന് സോണിക്ക് നോടാൻ ആയത്. കാമ്പസ് രാഷ്ട്രീയത്തിന്റെ പിൻബലത്തിലാണ് വർഷങ്ങൾക്ക് ശേഷം തെരഞ്ഞെടുപ്പ് ഗോദയിൽ പരീക്ഷണത്തിനായി ഇറങ്ങിയത്. ആലപ്പുഴ ജില്ലാ പഞ്ചായത്തിലേക്ക് അരൂരിൽ നിന്ന് സിപിഐഎം സ്ഥാനാർത്ഥിയായി മൽസരിച്ച താരമായിരുന്നു ഗായികയായ ദലീമ. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്തെന്ന സിനിമയിലെ മഞ്ഞു മാസ പക്ഷിയിലൂടെ ആയിരക്കണക്കിന് ആരാധകരുടെ താരമായി മാറിയ ദലീമയെ ജനങ്ങൾ കൈവിട്ടില്ല. എസ്. ജാനകിയുടെ നാദസൗന്ദര്യത്തിൽ ദലീമ വോട്ടർമാരെ സ്വാധീനിച്ചപ്പോൾ ജനസമ്മിതിയും ദലീമയ്ക്ക് ഒപ്പമായി.

താരങ്ങളും അവതാരകരും ഗായികമാരും മാത്രമല്ല അങ്കത്തട്ടിൽ ജനങ്ങളുടെ മനസറിഞ്ഞത്. നിർമ്മാതാവും മൽസരരംഗത്തുണ്ടായിരുന്നു. മമ്മി സെഞ്ച്വറിയും എറണാകുളം കീഴ്മാട് ഡിവിഷനിൽ നിന്ന് എൻസിപി സ്ഥാനാർത്ഥിയായി മൽസരിച്ചത്. കോൺഗ്രസ് എസിലും എൻസിപിയിലുമായുള്ള നാല് ദശാബ്ദക്കാലത്തെ രാഷ്ട്രീയ പാരമ്പര്യവുമായാണ് മൽസരിക്കാനിറങ്ങിയത്. മുഹമ്മദ് കുഞ്ഞ് മുസലിയാർ എന്ന മമ്മി സെഞ്വറിക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മമ്മി സെഞ്ച്വറിയെക്കാൾ മൂവായിരിത്തിലധികം വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചത്. കഴിഞ്ഞ തവണ വാഴക്കുളത്ത് നിന്ന് മൽസരിച്ചെങ്കിലും ഭാഗ്യം തുണച്ചിരുന്നില്ല.

താരങ്ങൾക്കു പുറമെ മോഡലുകളും ഈ തെരഞ്ഞെടുപ്പിലെ പുതുമുഖങ്ങളായി എത്തി. കിസ് ഓഫ് ലവ് നായിക ഹെന്ന മരിയ കെന്നഡി ബിജെപി ടിക്കറ്റിൽ മൽസരിച്ചത് ശ്രദ്ധേയമായിരുന്നു. കളമശേരി നഗരസഭയിൽ നിന്നാണ് ഹെന്ന മൽസരിച്ചത്. പക്ഷെ കിസ് ഓഫ് ലവിന്റെ പേരിൽ ബിജെപി ഓടിച്ച വ്യക്തി തന്നെ ബിജെപി സ്ഥാനാർത്ഥിയായി എത്തിയത് പ്രവർത്തകരും ജനങ്ങളും അംഗീകരിച്ചില്ലെന്നു വേണം കരുതാൻ. 47 വോട്ടുകൾ മാത്രം നേടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. താരത്തിളക്കത്തിൽ തദ്ദേശതെരഞ്ഞെടുപ്പ് ഗ്ലാമറായെങ്കിലും പല താരസ്ഥാനാർത്ഥികളും ജനങ്ങളുടെ ഗ്ലാമറിൽ മുങ്ങി പോയി.