ന്യൂഡൽഹി: കനേഡിയൻ ശതകോടീശ്വരൻ പ്രേം വാട്‌സയുടെ ഉടമസ്ഥതയിലുള്ള ഫെയർഫാക്‌സ് ഫിനാൻഷ്യൽ ഹോൾഡിങ്‌സ് കാത്തലിക് സിറിയൻ ബാങ്ക് കൈയടക്കുന്നു. ബാങ്കിന്റെ 51 ശതമാനം ഓഹരി സ്വന്തമാക്കാൻ റിസർവ് ബാങ്ക് അംഗീകാരം നൽകിയിരുന്നു.തൃശൂർ കേന്ദ്രമായുള്ള ബാങ്കിന് വിലയിട്ടിരിക്കുന്നത് 1200 കോടിയാണ്.ഓഹരി ഒന്നിന് 140 രൂപ വച്ചാണ് പരസ്പരധാരണയായത്.

അത്യന്തം മൽസരം നിറഞ്ഞ ബാങ്കിങ് രംഗത്ത് സ്വയം നവീകരണത്തിന് കാത്തലിക് ബാങ്കിനെ സഹായിക്കുന്നതാണ് പുതിയ നടപടിയെന്ന് ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു.നേരത്തെ ബാങ്ക് ആവശ്യപ്പെട്ടതിനേക്കാൾ, 25 ശതമാനം മൂല്യം കുറച്ചാണ് ഫെയർഫാക്‌സ് ഭൂരിപക്ഷ ഓഹരികൾ നേടുന്നത്.1300 കോടി രൂപ വിലയിട്ട ഫെയർഫാക്‌സ് ഇടയ്ക്ക് ചില ന്യൂനപക്ഷ ഓഹരിക്കാർ ഉയർന്ന മൂല്യം ഉപേക്ഷിച്ചതിനെ തുടർന്ന് പിന്മാറിയിരുന്നു.ഓഹരിത്ത് 160 വീതമാണ് നേരത്തെ ബാങ്ക് ആവശ്യപ്പെട്ടത്. എന്നാൽ ആ ഇടപാട് നടക്കാതെ പോവുകയായിരുന്നു.ഏതായാലും പുതിയ ഇടപാടോടെ ഇൻഷുറൻസ് മുതൽ വിമാനത്താവളം വരെയുള്ള രംഗത്ത് സജീവമായ പ്രേം വാട്‌സ കാത്തലിക് സിറിയൻ ബാങ്ക് കൈയടക്കും.

ഭൂരിഭാഗം ഓഹരി ഒറ്റ നിക്ഷേപകന് വിൽക്കാൻ ആർ.ബി.ഐ ഒരു ബാങ്കിന് അനുമതി നൽകുന്നത് ഇതാദ്യമായാണ്. മാത്രമല്ല, ഇടപാട് പൂർത്തിയാകുമ്പോൾ ഒരു ബാങ്കിതര ധനകാര്യ സ്ഥാപനം ആദ്യമായി നിയന്ത്രണം കൈയടക്കുന്ന ഇന്ത്യൻ ബാങ്കാകും കാത്തലിക് സിറിയൻ ബാങ്ക്.

നേരത്തേ, ഇന്ത്യയിലെ ഏതെങ്കിലുമൊരു ബാങ്കിൽ 1,000 കോടി രൂപ മുടക്കാൻ താൽപര്യം പ്രകടിപ്പിച്ച് ഫെയർഫാക്‌സ് ആർ.ബി.ഐയെ സമീപിച്ചിരുന്നു. ഈ നിർദ്ദേശം ആർ.ബി.ഐ കാത്തലിക് സിറിയൻ ബാങ്കിന് കൈമാറി. അടിയന്തരമായി മൂലധനം സമാഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബാങ്ക് ഈ വാഗ്ദാനം സ്വീകരിച്ചത്.

വൻകിട വിദേശ കോർപറേറ്റ് കമ്പനികളടക്കം ഓഹരി വാങ്ങിക്കൂട്ടാൻ തുടങ്ങിയതോടെയാണ് സിഎസ്ബി കൈവിട്ടുപോകുമെന്ന ആശങ്ക വ്യാപിച്ചത്. ഇതിനെതിരെ നിക്ഷേപകരും ജീവനക്കാരുടെ സംഘടനകളും രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ, വൻകിട ഓഹരി വിൽപനയിൽ നിന്ന് പിന്മാറാതെ കുത്തക മുതലാളിമാരെ ബാങ്കുമായി അടുപ്പിക്കാനായിരുന്നു ചെയർമാന്റെ തീരുമാനം.

അതിനിടെയാണ് കാനഡയിലെ ടൊറോന്റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫയർഫാക്സ് ഇന്ത്യ ഹോൾഡിങ് കോർപറേഷൻ 51 ശതമാനം ഓഹരിക്കും വേണ്ടി ശ്രമങ്ങൾ നടത്തുന്നത്. ചെറുകിട നിക്ഷേപകർക്കും ബാങ്കിലെ സാധാരണ ഇടപാടുകാർക്കും ആശങ്കയുണ്ട്. ബാങ്കിന്റെ നിലനിൽപ്പിന് ഓഹരി വിൽപന അനിവാര്യമാണെന്ന് പറയുന്ന ഇടപാടുകാരും ജീവനക്കാരും പക്ഷെ, മുഖ്യഭാഗം ഷെയറുകളും വിൽക്കാനുള്ള മാനേജ്മെന്റ് നീക്കത്തിന് എതിരാണ്.

നേരത്തെ നഷ്ടത്തിന്റെ പേരിൽ ബാങ്ക് കെട്ടിടം വിൽപനയ്ക്കൊരുങ്ങിയപ്പോഴും ചെറുകിട ഷെയറുകളോടെ ബാങ്കിനെ നിലനിർത്താനും നിർദ്ദേശങ്ങൾ വന്നു. ഈ ഘട്ടത്തിൽ സെബിയുടെ ഉൾപ്പടെ അനുമതി വാങ്ങിയെങ്കിലും ചെറുകിട ഓഹരി വിൽപനയേക്കാൾ മുഖ്യഭാഗം ഓഹരി സ്വീകരിക്കുന്നതിനാണ് മാനേജ്മെന്റ് ശ്രമിച്ചത്.

കാത്തലിക് സിറിയൻ ബാങ്കിന്റെ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ബൈജു സാമിയുടെ ഫേസ്‌ബുക്ക് കുറിപ്പും വായിക്കാം: