മലപ്പുറം: തിരൂരങ്ങാടി കൊടിഞ്ഞി പുല്ലാണി ഫൈസൽ(33) വധക്കേസിലെ പ്രധാന പ്രതികളായ മൂന്ന് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ. ഇന്നലെ വൈകിട്ടോടെയാണ് അന്വേഷണസംഘം മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. തിരൂർ സ്വദേശികളായ രണ്ടു പേരും വള്ളിക്കുന്ന് സ്വദേശിയായ ഒരാളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരൂർ മംഗലം പുല്ലുണി സ്വദേശി ബാബു (33), തിരൂർ തൃക്കണ്ടിയൂർ സ്വദേശി അപ്പു(29), വള്ളിക്കുന്ന് സ്വദേശിയായ മറ്റൊരാളുമാണ് അറസ്റ്റിലായത്.

അറസ്റ്റിലായവരുടെ വിളിപ്പേരുകളാണിത്. ഇവരുടെ യഥാർത്ഥ പേരു വിവരങ്ങൾ പൊലീസ് പുറത്തു വിടാൻ തയ്യാറായിട്ടില്ല. അറസ്റ്റു ചെയ്ത ശേഷം ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സാക്ഷികൾക്കു മുന്നിൽ തിരിച്ചറിയൽ പരേഡ് നടത്തിയ ശേഷമായിരിക്കും ഇവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുക.

തിരൂരിൽ ഒളിവിൽ കഴിയുകയായിരുന്ന ബാബു, അപ്പു എന്നിവരെ തിരൂർ പൊലീസിന്റെ സഹായത്തോടെ മലപ്പുറം ഡിവൈഎസ്‌പി പി പ്രദീപും സംഘവും പിടികൂടുകയായിരുന്നു. വള്ളിക്കുന്ന് സ്വദേശിയെ പരപ്പനങ്ങാടിയിൽ വച്ചുമാണ് അറസ്റ്റ് ചെയതതെന്ന് ഡിവൈഎസ്‌പി പറഞ്ഞു. ഇതോടെ ഫൈസൽ വധക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. രണ്ട് ബൈക്കുകളിലായെത്തിയ നാലു പേരടങ്ങുന്ന സംഘമാണ് ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയിരുന്നത്. ഇതിൽപ്പെട്ടവരാണ് ഇപ്പോൾ അറസ്റ്റിലായ മൂന്ന് പേർ. സംഘത്തിലെ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. കേസിൽ ഉൾപ്പെട്ട മറ്റു പ്രധാന പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഇസ്ലാം സ്വീകരിച്ച ഫൈസലിനെ വിദേശത്തേക്ക് മടങ്ങുന്നതിന്റെ തലേദിവസം ഇക്കഴിഞ്ഞ 19ന് പുലർച്ചെ അഞ്ചിന് കൊടിഞ്ഞി ഫാറൂഖ് നഗറിൽ വച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു ഗൂഢാലോചന നടത്തിയ എട്ടുപേരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഫൈസലിന്റെ സഹോദരി ഭർത്താവും മറ്റു ബന്ധുക്കളുമടക്കമുള്ളവരാണ് നേരത്തെ അറസ്റ്റിലായത്. ഇവരെല്ലാം ആർ.എസ്.എസ് പ്രവർത്തകരായിരുന്നു. പ്രദേശത്തെ ബിജെപി, ആർ.എസ്.എസ് നേതാക്കളുമായി പല തവണ ഗൂഢാലോചന നടത്തിയവരായിരുന്നു നേരത്തെ അറസ്റ്റിലായവരെല്ലാം. പ്രദേശത്തെ ഗവ.സ്‌കൂളിലും മറ്റുമായി ഫൈസലിനെ കൊലപ്പെടുത്തുന്ന കാര്യം ചർച്ച ചെയ്തിരുന്നു. ഇതനുസരിച്ച് ആർ.എസ്.എസുകാരായ കൊലയാളി സംഘത്തിന് വിവരം കൈമാറുകയും നേരത്തെ വിവരമറിയിച്ചതിനെ തുടർന്ന് വിവധ പ്രദേശങ്ങളിൽ നിന്നെത്തിയ ആർ.എസ്.എസ് പ്രവർത്തകർ ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബിജെപി, ആർ.എസ്.എസ് പ്രവർത്തകരായ ഫൈസലിന്റെ സഹോദരി ഭർത്താവ് കൊടിഞ്ഞി ചുള്ളിക്കുന്ന് പുല്ലാണി വിനോദ് (39), മാതൃസഹോദര പുത്രൻ പുല്ലാണി സജീഷ് ( 32), കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരൻ പുളിക്കൽ ഹരിദാസൻ (30), ഇയാളുടെ ജ്യേഷ്ഠൻ ഷാജി (39), ചാനത്ത് സുനിൽ (39), കളത്തിൽ പ്രദീപ് ( 32), ചെറുപ്പാറയിലെ കൊടിഞ്ഞി ഡ്രൈവിങ് സ്‌കൂൾ ഉടമയും പാലത്തിങ്ങൽ പള്ളിപ്പടി സ്വദേശിയുമായ ലിജീഷ് എന്ന ലിജു (27), പരപ്പനങ്ങാടി സ്വദേശിയും വിമുക്തഭടനുമായ കോട്ടയിൽ ജയപ്രകാശ് (50) എന്നിവരാണ് നേരത്തെ അറസ്റ്റിലായവർ.

ഇപ്പോൾ അറസ്റ്റിലായ മൂന്നു പേരും ആർ.എസ്.എസ് പ്രവർത്തകരാണ്. പ്രത്യേകം പരിശീലനം ലഭിച്ചവരാണ് കൊല നടത്തിയതെന്ന നിഗമനത്തിൽ നേരത്തെ പൊലീസ് എത്തിച്ചേർന്നിരുന്നു. ഗൂഢാലോചനയിൽ അടക്കം പ്രതികളുടെ എണ്ണം ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. കേസിലെ സാക്ഷികൾക്ക് മുമ്പിൽ തിരിച്ചറിയൽ പരേഡിനായി കൊണ്ടുപോവാനുള്ളതിനാൽ മുഖം മറച്ചാണു പ്രതികളെ സ്റ്റേഷനിൽനിന്നു കൊണ്ടുപോയത്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതികളെയും നേരത്തേ അറസ്റ്റ് ചെയ്തവരെയും അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു. പ്രതിപ്പട്ടികയിലുള്ള യാസർ വധക്കേസിലെ പ്രതി തിരൂർ മഠത്തിൽ നാരായണനടക്കം ഒളിവിലാണ്. ഇവർക്കുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. ഇസ്ലാംമതം സ്വീകരിച്ച യാസറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു നാരായണൻ. ഫൈസൽ വധത്തിലും നാരായണന് പങ്കുള്ളതായി പൊലീസ് പറഞ്ഞു.