മലപ്പുറം: കൊടിഞ്ഞി ഫൈസൽ വധക്കേസിലെ പ്രതി ബിബിൻ കൊല്ലപ്പെട്ടു. ആലത്തിയൂർ സ്വദേശിയായ 25 കാരൻ ബിബിൻ ഇന്ന് രാവിലെയാണ് കൊല്ലപ്പെട്ടത്. റോഡരികിൽ വെട്ടേറ്റ നിലയിൽ കാണപ്പെട്ട ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിത്ത് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. ബീപ്പിയങ്ങാടി പുളിഞ്ചോട് വച്ചാണ് അക്രമസംഭവം ഉണ്ടായത്. രാവിലെ 7.15നായിരുന്നു കൊലപാതകം. മദ്രസയ്ക്ക് പോകുകയായിരുന്നു കുട്ടികളായിരുന്നു വെട്ടേറ്റ നിലയിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന ബിബിനെ കണ്ടത്. ഫൈസൽ വധക്കേസിലെ രണ്ടാം പ്രതിയാണ് കൊല്ലപ്പെട്ട ബിബിൻ.

ബിപിി കൊലപാതകത്തെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. വൻപൊലീസ് സംഘം ഇവിടെ ക്യാംപ് ചെയ്യുന്നുണ്ട്. ആർഎസ്എസ്-ബിജെപി പ്രവർത്തകർ സ്ഥലത്ത് തടിച്ചു കുടിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടക്കുകയാണ്. കൊലപാതകത്തിന് പിന്നിൽ ആരാണെന്നതിനെ കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരിലാണ് കൊടിഞ്ഞി സ്വദേശിയായ ഫൈസൽ(അനിൽകുമാർ എന്ന ഉണ്ണി) കൊല്ലപ്പെടുന്നത്. ഹിന്ദുവായിരുന്ന അനിൽകുമാർ മതം മാറി ഫൈസലായി മാറുകയായിരുന്നനു. ഈ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഗൾഫിൽ വച്ചായിരുന്നു ഫൈസൽ മതം മാറിയത്. 2016 നവംബർ 19ന് പുലർച്ചയാണ് കൊടിഞ്ഞി ഫാറൂഖ് നഗറിൽ ഫൈസൽ കൊല്ലപ്പെട്ടത്. 16 പ്രതികളാണ് കൊടിഞ്ഞി ഫൈസൽ വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നത്. ഇതിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരും ഗൂഢാലോചനയിൽ പങ്കാളികളായവരുമുണ്ടായിരുന്നു. കർശന വ്യവസ്ഥകളോടെയാണ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നതും.

ഈ സംഭവത്തിന്റെ പ്രതികാരമാണോ ഇതെന്ന ആശങ്കയുണ്ട്. ആസൂത്രിത കൊലപാതകമാണ് ഇതെന്നാണ് വിലയിരുത്തുന്നത്. ഫൈസലിന്റെ മരണശേഷം ഇദ്ദേഹത്തിന്റെ കുടുംബവും ഇസ്ലാം മതം സ്വീകരിച്ചിരുന്നു. ഫൈസലിന്റെ രണ്ട് സഹോദരിമാരും ഭർത്താക്കന്മാരും അഞ്ച് മക്കളുമാണ് മതം മാറിയത്. ഫൈസലിന്റെ കൊലപാതകത്തിന് പിന്നാലെ അമ്മ മീനാക്ഷിയും ഇസ്ലാം സ്വീകരിച്ചിരുന്നു

ഫെസൽ വധക്കേസിൽ നേരിട്ട പങ്കെടുത്തവരിൽ ഒരാളാണ് ബിബിൻ. കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ. തെങ്ങുകയറ്റ തൊഴിലാളിയായ ബിബിൻ ജാമ്യത്തിലിറങ്ങിയ ശേഷ സാധാരണ ജീവിതം നയിക്കുകയായിരുന്നു. ഏഴ് മണിയോടെ വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു. നിരവധി വെട്ടുകൾ ബിബിന്റെ ശരീരത്തിലുണ്ടായിരുന്നു.

രാവിലെ ബൈക്കിൽ വരികയായിരുന്ന ബിപിനെ അക്രമികൾ തടഞ്ഞുനിർത്തിയാണ് കൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്. റോഡരികൽ ബൈക്കും പഴ്‌സും മൊബൈൽ ഫോണും ചിതറിക്കിടന്നിരുന്നു. അതേസമയം ബിപിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബിജെപി ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി എട്ട് മണി വരെ ഹർത്താലിന് ആഹ്വാനം ചെയ്തു. സംഭവത്തെ തുടർന്ന് കൂടുതൽ അക്രമങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കയാണ് പൊലീസ്.