ലോകം കണ്ട ഏറ്റവു പ്രഗത്ഭനായ ഭൗതിക ശാസ്ത്രജ്ഞന്മാരിലൊരാളായിരുന്നു സ്റ്റീഫൻ ഹോക്കിങ്. അതുകൊണ്ടുതന്നെ ഭൗതികതയ്ക്കപ്പുറം അദ്ദേഹത്തിന് വിശ്വാസവുമുണ്ടായിരുന്നില്ല. മരണാനന്തര ജീവിതമോ സ്വർഗ നരകങ്ങളോ ഇല്ലെന്ന കാര്യത്തിലും അദ്ദേഹത്തിന് സംശയമുണ്ടായിരുന്നില്ല. സ്വർഗത്തെക്കുറിച്ച് ചിന്തിക്കുന്നതിനെക്കാൾ നല്ലത് ഭൂമിയിൽ ലഭ്യമായ ജീവിതം സന്തോഷത്തോടെ ആസ്വദിച്ച് ജീവിക്കുന്നതിലാണെന്ന് ഹോക്കിങ് പറഞ്ഞു.

മരണശേഷം ജീവിതമുണ്ടെന്ന് കരുതുന്നത് വെറും കെട്ടുകഥയാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. തനിക്ക് മരണത്തെ പേടില്ലെന്ന് 2011-ൽ ഗാർഡിയനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. എന്നാൽ, മരിക്കാൻ യാതൊരു തിടുക്കവുമില്ല. ചെയ്തുതീർക്കാൻ ഇനിയുമേറെയുണ്ടെന്നാണ് കരുതുന്നത്. അതൊക്കെ ചെയ്തുതീർക്കലാണ് ആദ്യം. മരണം അതിനുശേഷമേ ഉള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി മരണം തൊട്ടരികിലുണ്ടെന്ന യാഥാർഥ്യത്തോടെയാണ് താൻ ജീവിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

തലച്ചോറെന്നത് ഒരു കംപ്യൂട്ടറിന് തുല്യമാണെന്നാണ് ആ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. ഒട്ടേറെ ഘടകങ്ങൾ അതിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നുണ്ട്. മറ്റുഘടകങ്ങളുടെ പ്രവർത്തനം നിലയ്ക്കുമ്പോൾ അതും കേടാകും. കേടായ കംപ്യൂട്ടറുകൾക്ക് സ്വർഗമോ പിന്നീടൊരു ജീവിതമോ ഇല്ല. അതുപോലെയാണ് മനുഷ്യരുടെ കാര്യവും. മരണത്തെ ഭയക്കുന്നവരാണ് വീണ്ടുമൊരു ജീവിതമുണ്ടെന്നും മരണശേഷം സ്വർഗമുണ്ടെന്നുമൊക്കെ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്വർഗത്തിലേക്ക് നോക്കിയിരിക്കാതെ, ഇപ്പോഴത്തെ ജീവിതം ആസ്വദിച്ച് ജീവിക്കാനായിരുന്നു ഹോക്കിങ്ങിന്റെ ഉപദേശം. ചെയ്യുന്നതിന്റെ മൂല്യത്തിൽ വിശ്വസിക്കാനും അദ്ദേഹം പറഞ്ഞു. പ്രപഞ്ചത്തെക്കുറിച്ച് ലോകത്ത് മറ്റാർ്ക്കുമറിയുന്നതിനേക്കാൾ ധാരണ ഹോക്കിങ്ങിനുണ്ടായിരുന്നു.പ്രപഞ്ചം ശൂന്യതയിൽനിന്നാണ് ഉണ്ടായതെന്നായിരുന്നു അദ്ദേഹം വിശ്വസിച്ചിരുന്നത്. ദൈവസങ്കൽപ്പത്തിനും മത സങ്കൽപ്പത്തിനും എതിരായിരുന്നു. പ്രപഞ്ചോത്പത്തിയെക്കുറിച്ച് ശാസ്ത്രം വിശദീകരിക്കുന്നതിന് മുമ്പ് എല്ലാത്തിനും കാരണക്കാരനായ ദൈവമുണ്ടെന്ന് മനുഷ്യർ വിശ്വസിച്ചത് സ്വാഭാവികമാണെന്നും അദ്ദേഹം വിലയിരുത്തി.

വിശ്വാസത്തെക്കാൾ കൃത്യതയ്യാർന്ന വിശദീകരണം നൽകാൻ ശാസ്ത്രത്തിനാവുമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പുസ്തകത്തിനൊടുവിലെ വാക്യം ഹോക്കിങ് ദൈവത്തിൽ വിശ്വസിക്കുന്നുണ്ടെന്നാണ് പറയുന്നതെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, താനത് ആലങ്കാരികമായി പറഞ്ഞതാണെന്നും വാച്യാർഥത്തിലല്ലെന്നും പിന്നീടുള്ള പതിപ്പുകളിൽ ഹോക്കിങ് തന്നെ വ്യക്തമാക്കി. പ്രപഞ്ചത്തിനൊരു സ്രഷ്ടാവ് വേണമെന്ന് ഒരു നിർബന്ധവുമില്ലെന്നും അദ്ദേഹം വിലയിരുത്തി.