കോതമംഗലം: കേസുകൾ നടത്താൻ നയാപെസ കൈയിലില്ല. വാപ്പായോട് ചോദിച്ചിട്ടും ഫലമുണ്ടായില്ല. കവർച്ചയല്ലാതെ മറ്റ് വഴികളില്ലന്ന് ബോദ്ധ്യമായി. എന്തെങ്കിലും കിട്ടിയാൽ രക്ഷയായല്ലോ എന്ന് കരുതി കയറിയത് ആളുള്ള വീട്ടിൽ. രക്ഷപെടാൻ ഓടിയെങ്കിലും ദിക്കറിയാത്തതിനാൽ പെട്ടു.

മാതിരപ്പിള്ളിയിൽ പട്ടാപ്പകൽ കവർച്ചശ്രമത്തിനിടടെ നാട്ടുകാരുടെ പിടിയിലായ മോഷ്ടാവ് ഫൈസൽ ചോദ്യം ചെയ്യലിനിടെ കോതമംഗലം പൊലീസിൽ വെളിപ്പെടുത്തിയ 'സത്യങ്ങൾ' ഇങ്ങനെയാണ്. കുറ്റവാളികളുടെ പലതരം പരിതേവനങ്ങൾ നിത്യേന കേൾക്കുന്ന തങ്ങൾക്ക് ഇത് പുതമയല്ലങ്കിലും താൻ നടത്തിയ 'ഓപ്പറേഷനെ'ക്കുറിച്ച് വേറിട്ട ശൈലിയിലെ ഇയാളുടെ വിവരണവും വേഷപകർച്ചയും കാഴ്ചയിൽ കൗതുകവും ആശ്ച്യര്യവും പകരുന്നതായിരുന്നെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ നേർസാക്ഷ്യം.

മാതിരപ്പിള്ളി കൊച്ചുവീട്ടിൽ ഗോപിയുടെ വീട്ടിലെ കവർച്ച ശ്രമത്തിനിടെയാണ് കുപ്രസിദ്ധ മോഷ്ടാവ് ഈരാറ്റുപേട്ട നടക്കൽ സ്വദേശി മുണ്ടക്കൽ പറമ്പിൽ ഫൈസൽ (36)ണ് നാട്ടുകാരുടെ പിടിയിലായത്. 2005-ൽ മൂവാറ്റുപുഴ പൊലീസ് ചാർജ്ജ് ചെയ്ത കവർച്ചകേസിൽ ശിക്ഷിക്കപ്പെട്ട ഇയാൾ വിയ്യൂർ സെന്റട്രൽ ജയിലിലായിരുന്നു. ആനിക്കാട് സ്വദേശിയുടെ വീട് കുത്തിത്തുറന്ന് 3 ലക്ഷത്തിൽപരം രൂപ തട്ടിയെടുത്ത കേസിലാണ് ഫൈസൽ അകത്തായത്. ശിക്ഷകഴിഞ്ഞ് പുറത്ത് വന്നിട്ട് 5 മാസമേ ആയിട്ടുള്ളു. ഇതിനിടയിലാണ് വീണ്ടും കവർച്ചകേസിൽ പൊലീസ് പിടിയിലായിട്ടുള്ളത്.

സ്വദേശം ഈരാറ്റുപേട്ടയാണെങ്കിലും കുറച്ചുകാലമായി ഇയാളുടെ മാതാപിതാക്കൾ കോതമംഗലത്തിനടുത്ത് കൂവള്ളൂരിലേക്ക് താമസം മാറിയിരുന്നു. ജയിലിൽ നിന്നും പുറത്തിറങ്ങിയശേഷം ഫൈസൽ ഇടയ്ക്കിടെ ഇവിടെയെത്തി മാതാപിതാക്കൾക്കൊപ്പം തങ്ങാറുണ്ട്. നിത്യവൃത്തിക്ക് വകയില്ലാതെ കഷ്ടപ്പെട്ടിരുന്ന ഇവരോട് ഫൈസൽ പലആവശ്യങ്ങൾ പറഞ്ഞ് ചെറിയ തുകകൾ വാങ്ങിയിരുന്നെന്നും കേസ് നടത്താൻ ആയിരങ്ങൾ ആവശ്യപ്പെട്ടപ്പോൾ കൈയൊഴിഞ്ഞെന്നും ഇതേത്തുടർന്ന് ഇയാൾ ഇവരുമായി അകൽച്ചയിലായിരുന്നെന്നുമാണ് പ്രാഥമീക അന്വേഷണത്തിൽ പൊലീസിന് ലഭിച്ച വിവരം.

കഴിഞ്ഞ 5 മാസമായി ഇയാൾ മറ്റെവിടെയെങ്കിലും കവർച്ച നടത്തിയിട്ടുണ്ടോ എന്നാണ് പ്രധാനമായും പൊലീസ് അന്വേഷിച്ച് വരുന്നത്.അടക്കടി നാട്ടിലും കൂവള്ളുരിലും പ്രത്യക്ഷപ്പെട്ടിരുന്ന ഫൈസലിന്റെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നുണ്ടെന്ന് കോതമംഗലം സി ഐ അഗസ്റ്റിൻ മാത്യു മറുനാടനോട് വ്യക്തമാക്കി. കവർച്ചയ്ക്ക് ശ്രമിക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന ഗോപിയുടെ മകൾ കീർത്തനയുടെ ബുദ്ധിപരമായ നീക്കമാണ് ഫൈസലിനെ കുടുക്കിയത്.

ഫൈസൽ കവർച്ചയ്ക്കായി പിൻവാതിൽ തകർക്കാൻ ശ്രമിക്കുമ്പോൾ കീർത്തന വീടിനകത്ത് മുറിക്കുള്ളിലായിരുന്നു. പിൻവാതിലിലും ജനാലകളിലും ചുറ്റും നടന്ന് മുട്ടിയിട്ടും പ്രതികരണമില്ലന്ന് കണ്ടതോടെയാണ് ഫൈസൽ വാതിലിന്റെ കുറ്റി പൊളിച്ച് അകത്ത് കയറുന്നതിന് നീക്കം ആരംഭിച്ചത്. വാതിലിലും ജനാലകളിലും മുട്ടിവിളിക്കൽ കഴിഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ പിറകുവശത്തെ കതകിന്റെ കുറ്റിപൊളിക്കാൻ പുറത്തുനിന്നും ആരോ ശ്രമിക്കുന്നതായി തനിക്ക് തോന്നിയെന്നും പിന്നീട് ശ്രദ്ധിച്ചപ്പോൾ ആൾ അകത്തുകടന്നതായും വാക്കത്തി ഉപയോഗിച്ച് മറ്റൊരുമുറിയുടെ വാതിൽ പൊളിക്കാൻ ശ്രമിക്കുന്നത് കണ്ടു.

ഇതേത്തുടർന്ന് കള്ളനെ കുടുക്കണമെന്ന ഉദ്ദേശത്തോടെ ശബ്ദമുണ്ടാക്കാതെ മുൻവശത്തെത്തി, കതക് പൂട്ടി പുറത്തിറങ്ങി സമീപത്ത് തന്നെയുണ്ടായിരുന്ന മാതാവിന്റെ അടുത്തേക്ക് ഓടിയെത്തി വിവരം ധരിപ്പിക്കുകയായിരുന്നെന്നുമാണ് കീർത്തനയുടെ വെളിപ്പെടുത്തൽ. ഇവർ ഇരുവരും ചേർന്ന് ആളെ വിളിച്ച് കൂട്ടുകയും ഓടി രക്ഷപെടാൻ ശ്രമിച്ച ഫൈസലിനെ ജനക്കൂട്ടം വളഞ്ഞിട്ട് പിടികൂടുകയുമായിരുന്നു.