- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സെസി സേവ്യർ എത്തിയത് 11.30ന്; ഈ കോടതിയല്ല കേസ് പരിഗണിക്കേണ്ടത് എന്നു ജഡ്ജി പറഞ്ഞതോടെ കൂളായി ഇറങ്ങി കാറിൽ കയറി; പൊലീസിനോട് അറസ്റ്റു ചെയ്യുന്നില്ലേ എന്ന് പോസിക്യൂട്ടർ ചോദിച്ചിട്ടും ഫലമുണ്ടായില്ല
ആലപ്പുഴ: എൽഎൽബി പാസാകാതെ അഭിഭാഷകയായി വിലസിയ സെസി സേവ്യർ ഇന്ന് ആലപ്പുഴയിലെ കോടതിയിൽ എത്തിയത് തീർത്തും നാടകീയമായിട്ടായിരുന്നു. കോടതിയിൽ കീഴടങ്ങി ജാമ്യം എടുക്കുമെന്നു കരുതിയാണ് അവർ എത്തിയത്. ബാർ അസോസിയേഷൻ എതിർകക്ഷിയായ കേസിൽ ഇവരുടെ ബന്ധുവായ അഭിഭാഷകനായിരുന്നു വക്കാലത്തുമായി എത്തിയത്. ഇതേചൊല്ലി അസോസിയേഷനിലും പ്രശ്നങ്ങൾ ഉരുത്തിരിഞ്ഞിട്ടുണ്ട്.
ഇന്ന് രാവിലെ പതിനൊന്നര മണിയോടെയാണ് സെസി സേവ്യർ കാറിൽ കോടതിയിൽ കീഴടങ്ങാൻ എത്തിയത്. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേട്ടിന്റെ കോടതിയിലാണ് ഇവർ എത്തിയത്. തനിക്കെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തിയ വിവരം സെസിയും അറിഞ്ഞിരുന്നില്ല. കോടതിയിൽ എത്തിയ ഇവർ വക്കീലിനൊപ്പം ഹാജരായി. കേസ്പരിഗണിച്ച ജഡ്ജി ഈകോടതിയിൽ അല്ല അപേക്ഷ സമർപ്പിക്കേണ്ടത് എന്ന് അറിയിക്കുകയായിരുന്നു. ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ടിനു മുന്നിലായിരുന്നു സെസി ഹാജരാകേണ്ടത് എന്നാണ് ജഡ്ജി പറഞ്ഞത്. ഇതോടെയാണ് തനിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയ വിവരം സെസി മനസിലാക്കിയത്.
കോടതി ഇക്കാര്യം വ്യക്തമാക്കിയതോടെ തനിക്ക് ജാമ്യം കിട്ടാൻ വഴിയില്ലെന്ന് സെസി മനസ്സിലാക്കി. ഇതോടെ കൂളായി തന്നെ കോടതിയിൽ നിന്നും ഇറങ്ങി. ഈ സമയം കോടതിയിൽ ഉണ്ടായിരുന്ന പൊലീസുകാരനോട് അറസ്റ്റു ചെയ്യുന്നില്ലേ എന്ന് പബ്ലിക് പ്രോസിക്യൂട്ടർ ചോദിച്ചു. എന്നാൽ പരിഭ്രമിച്ചു പോയ പൊലീസുകാരന് എന്തു ചെയ്യണമെന്ന് പോലും ചിന്തിക്കും മുമ്പ് സെസി കാറിൽ കയറിയിരുന്നു. അഭിഭാഷകർക്കൊപ്പം കാറോടിച്ചു പോകുകയായിരുന്നു ഇവർ.
ആലപ്പുഴയിലെ അഭിഭാഷകനോടൊപ്പമാണ് സെസി എത്തിയതെന്ന് അറിയുന്നു. ഇദ്ദേഹം സെസിയുടെ ബന്ധുവാണെന്നാണ് റിപ്പോർട്ടുകൾ. എൽഎൽബി ജയിക്കാതെ വ്യാജ വിവരങ്ങൾ നൽകി അഭിഭാഷകവൃത്തി നടത്തിയ സെസിയെ കണ്ടെത്താൻ മൊബൈൽ ഫോൺ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഒളിവിലായ കുട്ടനാട് രാമങ്കരി നീണ്ടിശേരിയിൽ സെസി സേവ്യറിന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്.
നേരത്തെ 417,419 വകുപ്പുകൾ മാത്രമാണ് പൊലീസ് സെസിക്കെതിരെ ചുമത്തിയിരുന്നത്. ഇന്ന് മുൻകൂർ ജാമ്യമെടുക്കാനായി അഭിഭാഷകരുമായി സെസി എത്തിയതോടെ പ്രോസിക്യൂട്ടർ സെസി വ്യാജരേഖ ചമച്ചതായും ആൾമാറാട്ടം നടത്തിയതായും കോടതിയെ അറിയിച്ചു. ഇതോടെയാണ് ഇവരുടെ കേസ് കൂടുതൽ ശക്തമായത്. മതിയായ യോഗ്യത ഇല്ലാതെയാണ് സെസി രണ്ടരവർഷം കോടതിയിൽ അഭിഭാഷക പ്രാക്ടീസ് ചെയ്തത്. ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തിരുന്നു. യോഗ്യതാ രേഖകൾ ആവശ്യപ്പെട്ടിട്ടും നൽകാതിരുന്ന ഇവർക്കെതിരെ ബാർ അസോസിയേഷൻ സെക്രട്ടറി അഭിലാഷ് സോമന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു പൊലീസ് കേസെടുത്തത്.
2018ൽ ആണ് സെസി ബാർ അസോസിയേഷനിൽ അംഗത്വം നേടിയത്. രണ്ടരവർഷമായി ജില്ലാ കോടതിയിൽ ഉൾപ്പെടെ കോടതി നടപടികളിൽ പങ്കെടുക്കുകയും ഒട്ടേറെ കേസുകളിൽ അഭിഭാഷക കമ്മിഷനായി പോകുകയും ചെയ്തിരുന്നു. സെസിയുടെ യോഗ്യതയെക്കുറിച്ച് ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ 24 മണിക്കൂറിനുള്ളിൽ രേഖകൾ ഹാജരാക്കണമെന്ന് ബാർ അസോസിയേഷൻ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇവർ നൽകിയ എന്റോൾമെന്റ് നമ്പറിൽ ഇങ്ങനെയൊരു പേരുകാരി ബാർ കൗൺസിലിന്റെ പട്ടികയിൽ ഇല്ലെന്നു കണ്ടെത്തിയിരുന്നു. മറ്റൊരാളുടെ എന്റോൾമെന്റ് നമ്പർ കാണിച്ചാണ് ഇവർ പ്രാക്ടീസ് ചെയ്തിരുന്നത്.
തിരുവനന്തപുരത്ത് നിയമപഠനം നടത്തിയതായാണ് സെസി ആദ്യം പറഞ്ഞിരുന്നത്. പിന്നീട് ബെംഗളുരുവിൽ പഠനം പൂർത്തിയാക്കിയതായി അറിയിച്ചിരുന്നു. അഭിഭാഷക യോഗ്യതയില്ലെന്നു കണ്ടെത്തിയതിനാൽ ബാർ അസോസിയേഷനിൽനിന്ന് സെസിയെ പുറത്താക്കി. സെസി മാർച്ചിൽ നാടുവിട്ടെന്നാണു പൊലീസ് കരുതിയിരുന്നത്. എന്നാൽ ഇവർ ആലപ്പുഴയിൽ തന്നെ ഒളിവിൽ കഴിയുകയാണ് എന്നാണ് പുറത്തുവരുന്ന വിവരം.
മറുനാടന് മലയാളി ബ്യൂറോ