കോഴിക്കോട്: സിപിഐ(എം) പ്രവർത്തകർ ആക്രമിച്ചുവെന്ന് ആരോപിച്ച് ചികിത്സയിൽ കഴിയുന്ന കെ കെ രമയുടേത് തട്ടിപ്പുനാടകമെന്ന് എൽഡിഎഫ്. ഇതു തെളിയിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

കുറേ ദിവസങ്ങളായി സ്വതന്ത്രസ്ഥാനാർത്ഥിയായ രമയും പലഭാഗത്തുനിന്നും വന്നെത്തുന്ന സഹപ്രവർത്തകരും വടകരയുള്ള വീടുകളെല്ലാം തുടർച്ചയായി കയറിക്കൊണ്ടിരിക്കുകയായിരുന്നു. ഈ സമയം വരെ ഒരു പ്രശ്‌നവും ഒരു സ്ഥലത്തും ഉണ്ടായിട്ടില്ല.

എന്നാൽ വടകര പ്രദേശത്തുനിന്ന് വലിയതോതിൽ വോട്ട് സമാഹരിക്കാമെന്നുള്ള സ്ഥാനാർത്ഥിയുടെ വ്യാമോഹം പൂർണമായും തകർന്ന ഘട്ടത്തിലാണ് ആസൂത്രിതമായ ഈ നാടകം അരങ്ങേറിയതെന്നു എൽഡിഎഫ് വടകര മണ്ഡലം കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു.

ശനിയാഴ്ച ഉച്ചയ്ക്ക് 12.30ന് വടകര നാരായണനഗരത്തിനടുത്തുള്ള മാണിക്കോത്ത് മീത്തൽ രാജന്റെ വീട്ടിലെത്തിയ സ്ഥാനാർത്ഥി കുടിക്കാൻ വെള്ളമാവശ്യപ്പെട്ടപ്പോൾ അതുകൊടുത്തു. ഈ ദൃശ്യം മാതൃഭൂമി ന്യൂസ് ചാനൽ വീഡിയോ എടുക്കുന്നതിൽ വീട്ടുകാർ അതൃപ്തി പ്രകടിപ്പിച്ചു. രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണ് ഇതെന്ന് മനസ്സിലായതുകൊണ്ടാണ് വീട്ടുകാർ എതിർത്തത്. ഇത് സ്ഥാനാർത്ഥിയോടൊപ്പം വന്ന രാജന്റെ സഹോദരീപുത്രൻ ആർഎംപി പ്രവർത്തകനായ മനോജനോട് ശ്രദ്ധയിൽ പെടുത്തിയപ്പോഴുണ്ടായ വാക്കുതർക്കം മാത്രമാണ് അവിടെ നടന്നത്.

ആരെയും കയ്യേറ്റം ചെയ്തിട്ടില്ല. എല്ലാവരും സമാധാനപരമായി പിരിഞ്ഞുപോയി ഏറെ സമയത്തിനുശേഷമാണ് യുഡിഎഫ് നേതൃത്വത്തിന്റെ നിർദ്ദേശം അനുസരിച്ച് സ്ഥാനാർത്ഥി ആശുപത്രിയിൽ കിടന്നത്. അതിന്റെ ഭാഗമായാണ് ഉമ്മൻ ചാണ്ടിയുടെ തത്സമയ വാർത്താ സമ്മേളനം നടന്നതെന്നും എൽഡിഎഫ് പറയുന്നു. ഇത്തരം തെറ്റായ പ്രചാരണങ്ങൾ ജനങ്ങൾ തള്ളിക്കളയുമെന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞു.