- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എടിഎം പിൻ നമ്പർ അന്വേഷിച്ച് വ്യാജ ബാങ്ക് മാനേജർമാർ ഫോണിൽ വിളിച്ചു; ഒട്ടേറെ പേർക്കു പതിനായിരങ്ങൾ നഷ്ടമായി; പിൻ നമ്പരിനോ എടിഎം നമ്പറിനോ വേണ്ടി ഫോണിൽ വിളിക്കില്ലെന്നു ബാങ്കുകൾ; ജാഗ്രത പുലർത്തണമെന്ന് പൊലീസ്
തിരുവനന്തപുരം: ബാങ്കിൽനിന്നു വിളിക്കുകയാണെന്നു തെറ്റിദ്ധരിപ്പിച്ച് എടിഎം കാർഡിന്റെ നമ്പരും പിൻനമ്പരും നൽകിയവർക്ക് പതിനായിരങ്ങൾ നഷ്ടമായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓൺലൈനിലൂടെ നടത്തുന്ന തട്ടിപ്പ് വ്യാപകമാകുകയാണെന്നു പൊലീസ് സ്റ്റേഷനുകളിൽ എത്തുന്ന പരാതികൾ സൂചിപ്പിക്കുന്നു. ചതിയറിയാതെ 'വ്യാജ ബാങ്ക് മാനേജർമാർക്ക്' എടിഎം
തിരുവനന്തപുരം: ബാങ്കിൽനിന്നു വിളിക്കുകയാണെന്നു തെറ്റിദ്ധരിപ്പിച്ച് എടിഎം കാർഡിന്റെ നമ്പരും പിൻനമ്പരും നൽകിയവർക്ക് പതിനായിരങ്ങൾ നഷ്ടമായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓൺലൈനിലൂടെ നടത്തുന്ന തട്ടിപ്പ് വ്യാപകമാകുകയാണെന്നു പൊലീസ് സ്റ്റേഷനുകളിൽ എത്തുന്ന പരാതികൾ സൂചിപ്പിക്കുന്നു. ചതിയറിയാതെ 'വ്യാജ ബാങ്ക് മാനേജർമാർക്ക്' എടിഎം നമ്പരും പിൻനമ്പരും നൽകി തട്ടിപ്പിന് ഇരയായവർ ധാരാളമുണ്ടെങ്കിലും പരാതിയുമായി ചെല്ലുന്നവർ വിരളമാണെന്നും പൊലീസ് വ്യക്തമാക്കുന്നു.
തട്ടിപ്പിന്റെ വഴി ഇങ്ങനെ:
മാർച്ച് മൂന്നിന് വടകരപ്പതി വില്ലേജ് അസിസ്റ്റന്റ് മാർട്ടിന്റെ ഫോണിലേക്ക് ബാങ്കിൽനിന്നു മാനേജരെന്ന പേരിൽ ഫോൺ കോൾ വന്നു. 8969016380 എന്ന നമ്പരിൽ നിന്നാണ് വിളിച്ചത്. മാർട്ടിൻ ഉപയോഗിക്കുന്ന എടിഎം കാർഡിന്റെ പിൻനമ്പർ മാറ്റാൻ സമയമായെന്നും എടിഎം കാർഡിന്റെ നമ്പരും പിൻനമ്പരും നൽകണമെന്നും ആവശ്യപ്പെട്ടു. നമ്പർ മാറ്റിയില്ലെങ്കിൽ റിസർവ് ബാങ്ക് നിർദേശ പ്രകാരം ഫൈൻ ഈടാക്കുമെന്ന ഭീഷണിയും ഇയാൾ നടത്തി. സംശയം തോന്നിയ മാർട്ടിൻ, ബാങ്കിൽ നേരിട്ടെത്തി മാറ്റി ക്കൊള്ളാം എന്നുപറഞ്ഞു. മാർട്ടിൻ അടുക്കുന്നില്ലെന്നു കണ്ടതോടെ തട്ടിപ്പുകാരൻ തന്ത്രം മാറ്റി. അക്കൗണ്ടിൽ തന്നിരിക്കുന്ന വിലാസം ഉറപ്പ് വരുത്താൻ ഇപ്പോഴത്തെ വിലാസവും മറ്റേതെങ്കിലും ടെലിഫോൺ നമ്പറും നൽകാൻ പറഞ്ഞു. മാർട്ടിൻ അഡ്രസും വീട്ടിലെ ലാൻഡ് നമ്പറും നൽകി. കുറച്ചുസമയം കഴിഞ്ഞപ്പോൾ മാർട്ടിന്റെ മൊബൈലിലേക്ക് ബാങ്കിൽനിന്നുള്ള സന്ദേശം എത്തി. താങ്കളുടെ അക്കൗണ്ടിൽ നിന്ന് 4500 രൂപ പിൻവലിച്ചിരിക്കുന്നു. മാർട്ടിൻ വീട്ടിലെത്തിയപ്പോഴാണ് മാർട്ടിന്റെ അച്ഛൻ പറയുന്നത്, ബാങ്കിൽ നിന്നും മാനേജർ വിളിച്ചിരുന്നു. എടിഎം നമ്പറും പിൻനമ്പറും നൽകിയെന്ന്. കൂടാതെ മറ്റു ബാങ്കുകളുടെ അക്കൗണ്ട് നമ്പറും വിവരങ്ങളും മാർട്ടിന്റെ പ്രായമായ അച്ഛനിൽനിന്ന് തട്ടിപ്പുകാർ എടുത്തിരുന്നു. മാർട്ടിന്റെ മറ്റൊരു അക്കൗണ്ടിൽനിന്നും പണം നഷ്ടപ്പെട്ടു.
കോഴിപ്പാറ സ്‌കൂളിലെ ക്ലർക്ക് പോൾ ക്രൂസിനും സമാനരീതിയിൽ പണം നഷ്ടമായി. എടിഎമ്മുകളിൽനിന്ന് നേരി്ട്ടു പണം പിൻവലിക്കാനെത്തിയാൽ കാമറയിൽ മുഖം പതിയുമെന്നുള്ളതിനാൽ ഓൺലൈൻ വഴി ആണ് എടിഎമ്മുകളിൽനിന്നു പണം ട്രാൻസ്ഫർ ചെയ്യുന്നത്. സംസ്ഥാനത്തിന്റെ അതിർത്തി ഗ്രാമങ്ങളിലെ ബാങ്കുകളിലെ ഉപയോക്താക്കൾക്കാണ് ആദ്യം പണം നഷ്ടമായതെങ്കിലും പിന്നീട് പൊലീസ് സ്റ്റേഷനുകളിൽ പരാതിയുടെ പ്രവാഹമായിരുന്നു. മാർച്ച് മൂന്ന് , നാല് തീയതികളിലാണ് കൂടുതൽ പേരുടെ പണം നഷ്ടമായത്. ദേശസാത്കൃത ബാങ്കുകളിലെ ഉപയോക്താക്കൾക്കാണ് കൂടുതലും പണം നഷ്ടമായത്.
ബാങ്കുകളുടെയും പൊലീസിന്റെയും മുന്നറിയിപ്പ്
ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ, എടിഎം നമ്പറോ, പിൻ നമ്പറോ , സിവിവി നമ്പറോ അന്വേഷിച്ച് ഒരിക്കലും ബാങ്ക് അധികൃതർ ഫോണിൽ വിളിക്കില്ല. എ.ടി.എം പിൻ നമ്പർ ഇടയ്ക്കിടെ മാറ്റാൻ ഉറപ്പു വരുത്തുക, എടിഎം കവറിലോ, കാർഡിലോ പിൻ നമ്പർ സൂക്ഷിക്കാതിരിക്കുക. ഈ രീതിയിൽ പണം നഷ്ടമായാൽ ബാങ്കിന് ഉത്തരവാദിത്വം ഉണ്ടായിരിക്കുകയില്ല. ഇത്തരത്തിലുള്ള ഫോൺ കോളുകളെക്കുറിച്ചുള്ള വിവരങ്ങൾ ബാങ്ക് അധികൃതരെ ധരിപ്പിക്കുക. പണം നഷ്ടമായാൽ എത്രയും പെട്ടെന്ന് പൊലീസിൽ അറിയിക്കുക. കാരണം തട്ടിപ്പുകാർ വ്യാജപേരിൽ എടുക്കുന്ന സിംകാർഡുകൾ തട്ടിപ്പ് നടത്തിയ ശേഷം പെട്ടെന്ന് തന്നെ നശിപ്പിക്കും. വ്യാജഫോൺകോളുകൾ വന്നാൽ പൊലീസിനെയും ബാങ്കിനെയും അടുത്ത സുഹൃത്തുക്കളെയും വിവരമറിയിക്കുക.
'ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ ഫോണിലൂടെ നൽകരുതെന്ന് മിക്ക ബാങ്കുകളും എസ്.എം.എസ് വഴി സന്ദേശം അയയ്ക്കാറുണ്ടെങ്കിലും ബാങ്കിൽ നിന്നും വരുന്ന ഈ സന്ദേശങ്ങൾ ഉപയോക്താക്കൾ അവഗണിക്കുന്നതാണ് തട്ടിപ്പിനിരയാവാൻ കാരണമെന്ന് ' സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഉദ്യോഗസ്ഥൻ അജിത് പറയുന്നു. വേലന്താവളം, കൊഴിഞ്ഞാമ്പാറ, ചിറ്റൂർ മേഖലകളിലാണ് ഉപയോക്താക്കൾ തട്ടിപ്പിനിരയായത്. എറണാകുളം, കോട്ടയം മേഖലകളിലും സമാന സംഭവങ്ങൾ ഉണ്ടായെങ്കിലും തട്ടിപ്പിനിരയായവർ നാണക്കേടു കൊണ്ട് പൊലീസിൽ പരാതിപ്പെടുന്നില്ല, ഇതു തന്നെയാണ് തട്ടിപ്പുകാർക്ക് അനുഗ്രഹമാകുന്നതും.