- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കറുവപ്പട്ടയുടെ വ്യാജനായെത്തുന്ന വിഷത്തിനെതിരേ കുരിശുയുദ്ധം; റിലയൻസിനെയും കുടുക്കി കൊച്ചി വഴിയുള്ള ഇറക്കുമതി തടഞ്ഞ് കറുവപ്പട്ടക്കർഷകന്റെ ഒറ്റയാൾ പോരാട്ടം
കണ്ണൂർ: ലിയോണാർഡ് ജോണിന്റെ ഒറ്റയാൾ പോരാട്ടം ഒമ്പതാം വർഷത്തിലേക്ക് കടക്കുകയാണ്. നാം സദ്യവട്ടങ്ങളിൽ ഉപയോഗിക്കുന്ന കറുവപ്പട്ടയുടെ പേരിൽ വിഷമയമായ കാമറിൻ അടങ്ങിയ കാസിയക്കെതിരെ ഇന്ത്യയിൽ ആദ്യം ശബ്ദമുയർത്തിയത് ലിയോണാർഡ് ആണ്. കണ്ണൂർ ജില്ലയിലെ മലയോരഗ്രാമമായ നടുവിൽവിളക്കന്നൂരിൽ മുപ്പത് ഏക്കർ കറുവത്തോട്ടത്തിന് ഉടമയാണ് ലിയോണാർഡ്. എന്
കണ്ണൂർ: ലിയോണാർഡ് ജോണിന്റെ ഒറ്റയാൾ പോരാട്ടം ഒമ്പതാം വർഷത്തിലേക്ക് കടക്കുകയാണ്. നാം സദ്യവട്ടങ്ങളിൽ ഉപയോഗിക്കുന്ന കറുവപ്പട്ടയുടെ പേരിൽ വിഷമയമായ കാമറിൻ അടങ്ങിയ കാസിയക്കെതിരെ ഇന്ത്യയിൽ ആദ്യം ശബ്ദമുയർത്തിയത് ലിയോണാർഡ് ആണ്. കണ്ണൂർ ജില്ലയിലെ മലയോരഗ്രാമമായ നടുവിൽവിളക്കന്നൂരിൽ മുപ്പത് ഏക്കർ കറുവത്തോട്ടത്തിന് ഉടമയാണ് ലിയോണാർഡ്. എന്നാൽ ഇന്ന് തോട്ടം പരിപാലനത്തേക്കാൾ ലിയോണാർഡ് പരിഗണന നൽകുന്നത് കാസിയക്കെതിരെയുള്ള കുരിശുയുദ്ധത്തിനാണ്.
ലിയോണാർഡിന്റെ കാസിയക്കേതിരേയുള്ള പോരാട്ടത്തിനു പിന്നിൽ ഒരു ചരിത്രമുണ്ട്. 2005-ൽ ചെന്നെയിൽ വച്ചാണ് ലിയോണാർഡിന്റെ പടനീക്കത്തിന് തുടക്കം കുറിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റിലെ പർച്ചേസ് മാനേജരെ ലിയോണാർഡ് കണ്ടുമുട്ടുന്നു. സംസാരമദ്ധ്യേ താൻ കറുവപ്പട്ടകൃഷിക്കാരനാണെന്ന് ലിയോണാർഡ് പറഞ്ഞു. ഇന്ത്യക്കാരനെന്തിനു കറുവപ്പട്ട, ഇവിടെ കാസിയയാണുപയോഗിക്കുന്നതെന്നും അത് വിഷമയമാണെന്നും ഞങ്ങൾ വിൽക്കുന്നതും അതാണെന്നും പർച്ചേസ് മാനേജർ പറഞ്ഞതോടെ ലിയോണാർഡിന്റെ തലയിൽ തീ പടർന്നു. ഇന്ത്യക്കാരൻ എന്ത് ഉപയോഗിക്കണമെന്ന പണി തന്റേതല്ലെന്നും 50 രൂപയ്ക്ക് കിട്ടുന്ന കാസിയ ഞങ്ങൾ 400 മുതൽ 800 രൂപയ്ക്ക് വരെ വില്ക്കുന്നുവെന്നും രുചിയും എരിവും കൂടിയ കാസിയയാണ് ഇന്ത്യക്കാരന് ഇഷ്ടമെന്നും പർച്ചേസ് മാനേജരുടെ തുടർന്നുള്ള മൊഴി.
ഈ വാക്കുകൾ ലിയോണാർഡിനെ ഇരുത്തി ചിന്തിപ്പിച്ചു. കക്ഷിരാഷ്ട്രീയത്തിന്റെ കൊടിയോ പൊതുപ്രവർത്തനത്തിന്റെ മേഖലയോ തീണ്ടിയട്ടില്ലാത്ത ലിയോണാർഡ് രണ്ടും കല്പിച്ച് അങ്കത്തിനിറങ്ങി. ഈ പോരാട്ടം ഒമ്പതു വർഷം നീളുമെന്നൊന്നും അന്ന് ലിയോണാർഡ് കരുതിയിരുന്നില്ല. രണ്ടോ മൂന്നോ പരാതി, പ്രശ്‌നം സർക്കാർ ഏറ്റെടുത്തുകൊള്ളും എന്നു കരുതിയായിരുന്നു ലിയോണാർഡിന്റെ അരങ്ങേറ്റം. കറുവപ്പട്ടയുടെ സകല ഗുണങ്ങളും കാസിയയുടെ ദോഷഫലങ്ങളും ലിയോണാർഡിനു മനപ്പാഠമാണ്. നൂറുകണക്കിനു വിവരാവകാശരേഖകൾ, കാസിയയുടേയും കറുവപ്പട്ടയുടേയും മറ്റു വ്യാജ കറുവപ്പട്ടയുടേയും തൊലികൾ, ഇതെല്ലാം ശേഖരിച്ച് കാസിയക്കെതിരെ വാളോങ്ങി പൊരുതുകയാണ് ലിയോണാർഡ്.
ലിയോണാർഡിന്റെ പരാതി പ്രകാരം ചെന്നൈയിലെ 23 സൂപ്പർ സ്റ്റോറുകളിൽ നിന്നും കറുവപ്പട്ട സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ പതിമൂന്നും കാസിയയായിരുന്നു. റിലയൻസിന്റെ തിരുവള്ളൂർ ജില്ലയിലെ സ്റ്റോറിൽ നിന്നും പിടിച്ചതും ഇതിൽപ്പെടുന്നു. ഇതിൽ കാമറിൻ എന്ന വിഷാംശം അടങ്ങിയ കാസിയയാണെന്ന് ചെന്നൈയിലെ കീങ്ങ്‌സ് ലാബിൽനിന്നും കണ്ടെത്തി. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ സ്‌പെഷൽ സ്്ക്വാഡാണ് പിടിച്ചെടുത്തത്. ആദ്യം റിലയൻസ് സ്റ്റോറിൽനിന്നും പിടിച്ചെടുത്തതിൽ കാമറിൻ ഉണ്ടെന്ന റിപ്പോർട്ട് പിശകു വന്നതാണെന്ന് കാട്ടി പിന്നീട് ലിയോണാർഡിന് കത്തു ലഭിച്ചു. എന്നാൽ 2013 -ൽ പിടിച്ചെടുത്ത കാമറിൻ അടങ്ങിയ കാസിയയിൽ ഇന്തൃൻ ഭക്ഷ്യസുരക്ഷാ നിലവാര അഥോറിറ്റി ദോഷകരമാണെന്ന് കണ്ടെത്തിയതിനാൽ റിലയൻസിനെതിരെ നടപടി വേണമെന്നാവശൃപ്പെട്ട് പരാതി നൽകിയിരിക്കുകയാണ് ലിയോണാർഡ്. ഏതു കൊമ്പനായാലും ആറുമാസം കഠിന തടവും പത്തു ലക്ഷം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണിതെന്ന് ലിയോണാർഡ് പറയുന്നു.
പോരാട്ടവും ചെറുത്തുനിൽപ്പും തുടരുമ്പോഴും കാസിയയെന്ന 'ചീനപ്പട്ട' തമിഴ്‌നാട്ടിലെ തൂത്തുക്കുടി തുറമുഖം വഴി ദിനം പ്രതി പത്ത് ലോഡോളം കേരളത്തിലെത്തുന്നുണ്ട് ചൈന, വിയറ്റ്‌നാം, ഇന്തോനേഷ്യ എന്നിവിടങ്ങളിൽനിന്നാണ് ഇത് എത്തുന്നത്. രാജ്യത്തെ പത്തു വൻകിട തുറമുഖങ്ങളിലൂടേയും അത്രതന്നെ ചെറുകിട തുറമുഖങ്ങളിലൂടേയും കാസിയ ഇറക്കുമതി ചെയ്യുന്നുണ്ട്. 2013- 2014 വർഷത്തിൽ വിശാഖപട്ടണം തുറമുഖം വഴി മാത്രം 55,000 കിലോഗ്രാം കാസിയ ഇറങ്ങിയിരുന്നു. ലിയോണാർഡിന്റെ പരാതി മൂലം കൊച്ചി തുറമുഖത്തിലൂടെയുള്ള കാസിയയുടെ ഇറക്കുമതി തടഞ്ഞിരിക്കയാണ്. വിഷപ്പച്ചക്കറിക്കെതിരെ അങ്കം കുറിച്ച സർക്കാർ കാസിയയുടെ കാര്യത്തിൽ മൗനം ദീക്ഷിക്കുകയാണ്. കേരളത്തിൽ പരിശോധനാ സംവിധാനം സജ്ജീകരിക്കണമെന്നാവശൃപ്പെട്ട് രാഷ്ട്രപതിക്ക് ലിയോണാർഡ് പരാതി നൽകി. കേരളത്തിൽ ഗ്യാസ് ക്രൊമറ്റോഗ്രാഫി ആൻഡ് മാസ് സ്‌പെക്‌റ്റോമെട്രി സംവിധാനമൊരുക്കാൻ രാഷ്ട്രപതി തന്നെ ചീഫ് സെക്രട്ടറിക്ക് ഉത്തരവ് നൽകിയിട്ടുണ്ട്.
കറുവപ്പട്ടയുടെ ഔഷധഗുണത്തെക്കുറിച്ച് ലിയോണാർഡ് വിശദമായ പഠനം നടത്തിയിട്ടുണ്ട്. ക്രിസ്തുവിന് നൂറ് വർഷം മുമ്പു തന്നെ വ്യാപകമായി കറുവപ്പട്ട കൃഷിചെയ്യുകയും ഇലയും തൊലിയും ഭക്ഷണത്തിൽ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ടത്രേ. ഓർമ്മക്കുറവിനും പാർക്കിൻസൻ രോഗത്തിനും ഉത്തമമാണ് കറുവപ്പട്ടയെന്ന് അഷ്ടാംഗഹൃദയം ഉദ്ധരിച്ച് ലിയോണാർഡ് പറയുന്നു. എയിഡ്‌സിന്് മരുന്നായി ഇത് വികസിപ്പിച്ചെടുത്തിട്ടുണ്ട്. എന്നാൽ കാസിയയിലൂടെ കിഡ്‌നി, കരൾ, രോഗങ്ങൾ വൃാപകമാകും.
മദ്യപാനത്തേക്കാൾ മാരകമാണ് കാസിയ. കാസിയ ഇറക്കുമതി തടയണമെന്ന നിർദ്ദേശം കേന്ദ്ര ഭക്ഷ്യസുരക്ഷാ വകുപ്പ് കസ്റ്റംസിനും സംസ്ഥാനങ്ങൾക്കും നൽകിയിട്ടുണ്ട്. എന്നാൽ ഇതിനൊന്നും കർശനമായ പരിശോധനാ സംവിധാനമൊന്നും കേരളത്തിലില്ല. കേന്ദ്രം കറുവപ്പട്ട എന്ന പേരിൽ വിൽക്കുന്ന കാസിയ പിടിച്ചെടുത്ത് പരിശോധിക്കാൻ നിർദേശിച്ചിട്ടും ഇതുവരെ ഒറ്റ സാമ്പിൾ പോലും കേരളത്തിൽനിന്ന് പരിശോധിച്ചിട്ടില്ല.
കൊച്ചി വഴി കേരളത്തിലെത്തുന്ന കാസിയയെ തടഞ്ഞു നിർത്തിയ ലിയോണാർഡ് രാജ്യത്തെ മുഴുവൻ തുറമുഖങ്ങളിലും തടയാനുള്ള പടയൊരുക്കത്തിലാണ്. ഒരു പരാതിക്ക് സർക്കാരോ മറ്റു വകുപ്പുകളോ വഴങ്ങില്ല. നിങ്ങൾ പത്തു പരാതികളയച്ചു നോക്കൂ. അതാണ് ലിയോണാർഡിന്റെ പോരാട്ടത്തിന്റെ രഹസ്യം. പാലാ തെക്കേ മുറിയിൽ കുടുംബാംഗമായ ലിയോണാർഡ് ജോൺ വിജയം കാണുംവരെ പൊരുതുമെന്ന വാശിയിലാണ്. മുൻ ബ്രിട്ടീഷ് ആർമിയിലെ ഡോക്ടർ പി.എം.മാത്യുവിന്റെ പേരമകൻ യുദ്ധം കുറിച്ചത് ഇന്ത്യക്കാരെ രോഗഗ്രസ്ഥരാക്കുന്ന ഭക്ഷ്യവിപത്തിനെതിരേയാണ്.