- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജിലൻസിന്റെ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ മുക്കി; 'ഹിന്ദു അരയ'നെ മലയരയനാക്കി തിരുവല്ല താലൂക്കിൽ വ്യാജജാതി സർട്ടിഫിക്കറ്റുമായി സർക്കാർ ജോലി സമ്പാദിച്ചത് നാൽപ്പതോളം പേർ: ജോലി നേടിയവരിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഡോക്ടറും
തിരുവല്ല: പത്തനംതിട്ട ജില്ലയിൽ വ്യാജജാതി സർട്ടിഫിക്കറ്റുമായി നാൽപ്പതോളം പേർ സർക്കാർ ജോലി സമ്പാദിച്ചതായി വിജിലൻസിന്റെ കണ്ടെത്തൽ. വിജിലൻസ് റിപ്പോർട്ട് ഉന്നതങ്ങളിലുള്ളവർക്ക് നൽകിയെങ്കിലും ഇനിയും നടപടി ഉണ്ടായിട്ടില്ല. പൊലീസ്, റെയിൽവേ, റവന്യൂ, ബാങ്ക്, ഐ.എസ്.ആർ.ഒ, ഷിപ്പ്‌യാർഡ്, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് ഇങ്ങനെ ജോലി നേടി
തിരുവല്ല: പത്തനംതിട്ട ജില്ലയിൽ വ്യാജജാതി സർട്ടിഫിക്കറ്റുമായി നാൽപ്പതോളം പേർ സർക്കാർ ജോലി സമ്പാദിച്ചതായി വിജിലൻസിന്റെ കണ്ടെത്തൽ. വിജിലൻസ് റിപ്പോർട്ട് ഉന്നതങ്ങളിലുള്ളവർക്ക് നൽകിയെങ്കിലും ഇനിയും നടപടി ഉണ്ടായിട്ടില്ല. പൊലീസ്, റെയിൽവേ, റവന്യൂ, ബാങ്ക്, ഐ.എസ്.ആർ.ഒ, ഷിപ്പ്‌യാർഡ്, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് ഇങ്ങനെ ജോലി നേടിയവരുള്ളത്.
പെരിങ്ങര ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരുന്ന മിനി ബായി ജാതി തിരുത്തി ജോലി സമ്പാദിച്ചുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്നത്തെ വിജിലൻസ് ഡിവൈ.എസ്‌പി പി.കെ. ജഗദീശിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ജില്ലയുടെ പടിഞ്ഞാറൻ മേഖല ഉൾപ്പെടുന്ന തിരുവല്ലാ താലൂക്കിൽ മാത്രം നാൽപ്പതോളം പേർ വ്യാജജാതി സർട്ടിഫിക്കറ്റുമായി ജോലി നേടിയിട്ടുണ്ട്. ഇവരിൽ പലരും ഇപ്പോൾ സർക്കാർ ഓഫീസുകളിൽ ഉന്നതപദവിയിൽ ഇരിക്കുകയാണ്.'ഹിന്ദു അരയ' സമുദായത്തിൽപ്പെട്ട മിനി ബായി പട്ടിക വർഗവിഭാഗമായ 'മലയരയ'നിൽപ്പെടുന്നയാളാണെന്ന ജാതി സർട്ടിഫിക്കറ്റ് സമ്പാദിച്ചാണ് ജോലിയിൽ പ്രവേശിച്ചതെന്നും വിജിലൻസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
പത്തനംതിട്ട പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ ഓഫീസിൽ പരിശോധന നടത്തിയ വിജിലൻസ് സംഘം ഇതു സംബന്ധിച്ച രേഖകളും പിടിച്ചെടുത്തിരുന്നു. വ്യാജജാതി സർട്ടിഫിക്കറ്റുമായി ജോലി നേടിയവരെപ്പറ്റി അന്വേഷിക്കണമെന്ന ഹൈക്കോടതി നിർദേശവും നിലവിലുണ്ട്. തിരുവല്ല താലൂക്കിന്റെ പടിഞ്ഞാറൻ മേഖലയിൽപ്പെടുന്ന വില്ലേജ് ഓഫീസർമാരും തഹസിൽദാരും ചേർന്ന് വർഷങ്ങൾക്ക് മുൻപ് നൽകിയ വ്യാജജാതി സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് പലരും ജോലി നേടിയിരിക്കുന്നത്. ഇവരെല്ലാം ഹിന്ദു അരയ സമുദായത്തിൽപ്പെട്ടവരാണ്.
എന്നാൽ ആദിവാസി അവാന്തര വിഭാഗമായ 'മലയരയ' ആണെന്ന സർട്ടിഫിക്കറ്റാണ് ഇവർ സമ്പാദിച്ചത്. 'ഹിന്ദു അരയ' ഒ.ബി.സിയും 'മലയരയ' പട്ടികവർഗവുമാണ്. മലയരയ സമുദായത്തിന് സർക്കാർ ജോലിക്ക് സംവരണം ഉണ്ട്. മിക്കപ്പോഴും ഈ വിഭാഗത്തിൽനിന്ന് യോഗ്യതയുള്ളവർ ഉണ്ടാകാറില്ല. ആരെങ്കിലുമുണ്ടെങ്കിൽ അവരെ അപ്പോൾ തന്നെ നിയമിക്കുകയാണ് പതിവ്. ഈ ആനുകൂല്യം മുതലെടുത്താണ് 'ഹിന്ദു അരയ' വിഭാഗക്കാർ 'മലയരയ' ജാതി സർട്ടിഫിക്കറ്റുമായി ജോലിക്ക് കയറിയത്.
ഹൈക്കോടതിയുടെ ഉത്തരവ് വന്നപ്പോൾ തന്നെ ഇവരിൽ പലരും പിടിക്കപ്പെടാതിരിക്കാൻ കുടുംബവുമായി സമീപജില്ലകളിലേക്ക് സ്ഥലം മാറ്റം വാങ്ങിപ്പോയി അവിടെത്തന്നെ സ്ഥിരതാമസമാക്കിയെന്ന് വിജിലൻസ് സംഘം കണ്ടെത്തി. ഇവിടെ ഇവർ 'മലയരയ' സമുദായക്കാരാണെന്ന പേരിലാണ് കഴിഞ്ഞുകൂടുന്നത്. ഇവരുടെ മക്കളും ഇതേ ജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ആനുകൂല്യങ്ങൾ നേടി. ഇങ്ങനെ മെഡിസിന് അഡ്‌മിഷൻ കിട്ടി ഡോക്ടറായവരും ഉണ്ട്. ഇവരിൽ ഒരാൾ എറണാകുളം ജില്ലയിലെ സർക്കാർ ആശുപത്രിയിൽ ഡോക്ടറായി സേവനം നടത്തി വരുന്നുണ്ട്.
രണ്ടു പൊലീസ് ഉദ്യോഗസ്ഥരും സർവീസിൽ കയറിയത് ഈ രീതിയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹൈക്കോടതി നിർദേശത്തെ തുടർന്ന് വ്യാജജാതി സർട്ടിഫിക്കറ്റിലൂടെ ജോലിയിൽ കയറിയവരെ കണ്ടെത്താൻ വിവിധ വകുപ്പുകളിൽ ശ്രമം നടന്നെങ്കിലും ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തുടർ നടപടി വൈകിപ്പിക്കുകയാണെന്നും വിജിലൻസ് മനസിലാക്കി. ഇങ്ങനെ ജോലിക്ക് കയറിയവരിൽ കുറേപ്പേർ വിരമിക്കാറായിട്ടുണ്ട്. വിരമിച്ചു കഴിഞ്ഞാൽ കുഴപ്പമുണ്ടാകില്ലെന്ന് കരുതിയാണ് അന്വേഷണം വൈകിപ്പിക്കാൻ ഇവർ മറ്റുള്ളവരുടെ സഹായം തേടിയിരിക്കുന്നത്.
ബി.എസ്.എൻ.എൽ, റെയിൽവേ, ഷിപ്പ്‌യാർഡ് തുടങ്ങി ഐ.എസ്.ആർ.ഒയിലെ സയന്റിസ്റ്റ് വരെ വ്യാജജാതി സർട്ടിഫിക്കറ്റുമായി ജോലിക്ക് കയറിയവരാണെന്ന റിപ്പോർട്ട് ഡിവൈ.എസ്‌പി ജഗദീശ് വിജിലൻസ് ഡപ്യൂട്ടി ഡയറക്ടർക്കാണ് സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കുറേപ്പേർക്ക് എതിരേ കിർത്താഡ്‌സ് നടപടിയെടുക്കുമെന്ന് കഴിഞ്ഞ മാസം വാർത്ത പ്രചരിച്ചിരുന്നു. സംസ്ഥാനമൊട്ടാകെ 200 പേരെങ്കിലും ഈ രീതിയിൽ ജോലിക്ക് കയറിയിട്ടുണ്ട് എന്നാണ് കിർത്താഡ്‌സിന്റെ കണ്ടെത്തൽ.