കണ്ണൂർ: രാജ്യത്തെ പന്ത്രണ്ട് സർവ്വ കലാശാലകളുടേയും വിദേശ സർവ്വ കലാശാലകളുടേയും വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ പണം ഈടാക്കി നൽകിയ കേസിൽ അന്വേഷണം 2014 മുതൽ മാത്രം. എന്നാൽ ഇരുപതു വർഷത്തിലേറെയായി ഇത്തരം സർട്ടിഫിക്കറ്റുകൾ വാങ്ങി ഉന്നത തലങ്ങളിൽ ജോലി സമ്പാദിച്ചവർക്കു നേരെയുള്ള അന്വേഷണം അടുത്ത കാലത്തൊന്നും നടക്കുമെന്ന സൂചനയില്ല.

പരാതി ലഭിച്ച അന്നു മുതലുള്ള അന്വേഷണമാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുക്കുന്നത്. അഭിഭാഷകർ, സഹകരണ ഉദ്യോഗസ്ഥർ, സർക്കാർ ജീവനക്കാർ, മാധ്യമ പ്രവർത്തകർ തുടങ്ങി നിരവധി പേർ തലശ്ശേരി അമൃത കോളേജിൽ നിന്നും വ്യാജ ബിരുദം സമ്പാദിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇങ്ങിനെ ഉന്നതങ്ങളിൽ എത്തിയവരെക്കുറിച്ചുള്ള അന്വേഷണം 1995 മുതലെങ്കിലും ആരംഭിച്ചെങ്കിൽ മാത്രമേ യഥാർത്ഥ വസ്തുത പുറത്ത് വരികയുള്ളൂ.

തലശ്ശേരി അമൃത കോളേജ് ഉടമ പിണറായി പാറപ്രത്തെ അമൃതം വീട്ടിൽ വടക്കയിൽ അജയനെ തലശ്ശേരി എസ്.ഐ. അനിലും സംഘവും കഴിഞ്ഞ ദിവസം വീണ്ടും അറസ്റ്റ് ചെയ്തിരുന്നു. പള്ളൂരിലെ നാമത്ത് വീട്ടിൽ പി.എൻ. റിജിൽ, പ്രണവത്തിൽ പി.സവിത, കെ.പി. രതീഷ് എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

സമാനമായ കേസിൽ നേരത്തെ അറസ്റ്റിലായ അജയൻ ജാമ്യത്തിൽ ഇറങ്ങുകയും പത്രങ്ങൾ വഴി പരസ്യം നൽകി വീണ്ടും വ്യാജ സർട്ടിഫിക്കറ്റ് വിൽപ്പന നടത്തിയെന്നുമാണ് പൊലീസിന് ലഭിച്ച വിരം. അടുത്ത ദിവസങ്ങളിലായി തിരുവനന്തപുരത്തുള്ള ഒരു ബാങ്കിൽ ലക്ഷക്കണക്കിനു രൂപ നിക്ഷേപിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അമൃത കോളേജ് വീണ്ടും തുറന്ന് പ്രവർത്തനമാരംഭിച്ചതോടെ അജയനെ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന സൂചനയും അയാൾക്ക് ലഭിച്ചിരുന്നു.

അതിനാൽ സ്ഥാപനത്തിൽ പ്രവേശിക്കാതെ മുങ്ങി നടക്കുകയായിരുന്നു അജയൻ. അതിനിടയിലാണ് വീണ്ടും പൊലീസ് അജയനെ അറ്സറ്റ് ചെയ്തത്. തലശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ അജയനെ രണ്ട് ആഴ്ചത്തേക്ക് റിമാന്റ് ചെയ്തിരിക്ക.യാണ്. കഴിഞ്ഞ വർഷം സെപ്റ്റംബർ 29 നാണ് അമൃത കോളേജ് തലശ്ശേരി സി..ൈ യുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. നിരവധി വ്യാജ സർട്ടിഫിക്കറ്റുകളും അത് നിർമ്മിക്കാനുപയോഗിക്കുന്ന ലാപ് ടോപ്, പ്രിന്റർ എന്നിലവയുൾപ്പെടെയുള്ള തെളിവുകളും പൊലീസിന് ലഭിച്ചിരുന്നു.

അജയന്റെ കൂട്ടു പ്രതിയായ തിരുവനന്തപുരം സ്വദേശിനി ടിന്റു ബി. ഷാജിയേയും അറസ്റ്റ് ചെയ്തിരുന്നു. തലശ്ശേരി മോഡലിൽ തിരുവനന്തപുരത്തും വ്യാജ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തതായി കണ്ടെത്തിയിരുന്നു. ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് ക്രൈംബ്രാഞ്ചിന് വിട്ടെങ്കിലും അന്വേഷണം ഇപ്പോൾ മാത്രമാണ് ആരംഭിച്ചത്.

ആവശ്യക്കാർക്കനുസരിച്ച് ഏത് ബിരുദ സർട്ടിഫിക്കറ്റും ഇവിടെനിന്ന് നിർമ്മിച്ചു നൽകും. ഡിഗ്രിക്ക് പുറമേ എം.ബി.എ, പി.എച്ച്.ഡി, പോലും നൽകിയിട്ടുണ്ടെന്നാണ് വിവരം. ആറ് മാസം കൊണ്ട് ഇവർ ഒരുക്കുന്ന പരീക്ഷ തലശ്ശേരിയിൽ വച്ച് നടത്തും. ഈ പരീക്ഷയിൽ ജയിച്ചാൽ 2500 കിലോമീറ്ററിലപ്പുറം കിടക്കുന്ന മേഘാലയാ സർവ്വകലാശാലയുടെ ബിരുദമോ പി.എച്ച്.ഡി.യോ കിട്ടും. ഓരോ സർവ്വകലാശാലയുടേയും സർട്ടിഫിക്കറ്റിന് വ്യസ്ത്യസ്ത രീതിയിലാണ് തുക കൊടുക്കേണ്ടി വരിക.

എല്ലാം തലശ്ശേരി ലോഗൻസ് റോഡിലെ ബാഹ്യ ലോകമറിയാത്ത ശീതീകരിച്ച മുറിയിൽ നിന്നും അണിയിച്ചൊരുക്കും. ആർക്കും സംശയമില്ലാത്ത രീതിയിൽ പരിക്ഷ നടത്തി ഗ്രേഡ് തിരിച്ച് പാസാക്കും. ഇയാൾ തന്നെ തയ്യാറാക്കുന്ന സിലബസ് അനുസരിച്ചാണ് പരീക്ഷ. ഗ്രേഡ് അനുസരിച്ച് ബിരുദ സർട്ടിഫിക്കറ്റിന് വില നൽകണം.