കണ്ണൂർ: ജില്ലാ സഹകരണ ബാങ്കിന്റെ തലപ്പത്ത് ഇരിക്കുന്നവർക്ക് വ്യാജ സർട്ടിഫിക്കറ്റ് നൽകിയത് തലശ്ശേരിയിലെ വിവാദമായ അമൃത കോളേജെന്ന് സംശയം. രാജ്യത്തെ 12 സർവ്വകലാശാലകളുടേയും, വിദേശ സർവ്വകലാശാലകളുടേയും വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ പണം ഈടാക്കി നൽകിയ കേസിൽ ക്രൈംബ്രാഞ്ച് നേരിടുകയാണ് പിണറായിയിലെ വടക്കേയിൽ അജയൻ.

സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ, അഭിഭാഷകർ, സർക്കാർ ജീവനക്കാർ, മാധ്യമ പ്രവർത്തകർ തുടങ്ങി നിരവധി പേർക്ക് അമൃത കോളേജിൽ നിന്നും വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ നൽകിയതായി വിവരം ലഭിച്ചിരുന്നു. കാസർഗോഡ് ജില്ലയിൽ നിന്നും വ്യാജ ബിരുദം നേടിയ ചില സഹകരണ ജീവനക്കാർക്കെതിരെ നിയമ നടപടിയുണ്ടായിരുന്നു. ഈ സർട്ടിഫിക്കറ്റുകൾ എല്ലാം നൽകിയത് തലശ്ശേരി അമൃത കോളേജിൽ നിന്നായിരുന്നു.

കണ്ണൂർ ജില്ലാ സഹകരണ ബാങ്കിന്റെ ഡപ്യൂട്ടി ജനറൽ മാനേജരും അഞ്ച് മാനേജർമാരും നൽകിയ ബിരുദ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന സംശയത്തെത്തുടർന്ന് പരിശോധനക്കായി അതാത് സർവ്വകലാശാലകളിലേക്ക് അയച്ചിരിക്കയാണ്. പുതുതായി രൂപീകരിക്കുന്ന കേരളാ ബാങ്കിന്റെ ഭാഗമായി ജീവനക്കാരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് വരവേയാണ് ഉന്നത ഉദ്യോഗസ്ഥരെ മുൾ മുനയിലാക്കുന്ന ബിരുദ സർട്ടിഫിക്കറ്റുകൾ ശ്രദ്ധയിൽ പെട്ടത്.

ചിലരുടെ ബിരുദങ്ങളെ പറ്റി ബാങ്കിന് പരാതി ലഭിക്കുകയും ചെയ്തതോടെ പരിശോധന കർശനമാക്കി. അതോടെയാണ് ഡപ്യൂട്ടി ജനറൽ മാനേജർ ഉൾപ്പെടെയുള്ള ആറ് മാനേജർമാരുടെ ബിരുദ സർട്ടിഫിക്കറ്റുകളുടെ ദുരൂഹത പുറത്ത് വന്നത്. സംശയിക്കുന്ന സർട്ടിഫിക്കറ്റുകളെല്ലാം കേരളത്തിന് പുറത്തുള്ള സർവ്വകലാശാലകളുടേതാണ്.

അന്യ സംസ്ഥാന ബിരുദ സർട്ടിഫിക്കറ്റുകൾ കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലയുടെ തുല്യത കണക്കാക്കാൻ സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതുണ്ട്. എന്നാൽ ആരോപണം നേരിട്ട ആറ് ഉന്നത ഉദ്യോഗസ്ഥരും തുല്യതാ സർട്ടിഫിക്കറ്റുകൾ ഇതുവരേയും ഹാജരാക്കിയിട്ടില്ല. പരിശോധന കഴിഞ്ഞിട്ടും ആരോപണ വിധേയമായവരോട് ആവശ്യപ്പെട്ടെങ്കിലും അവർ അത് നൽകാൻ ശുഷ്‌കാന്തി കാട്ടിയുമില്ല. അതോടെ സംശയം ബലപ്പെടുകയായിരുന്നു

. 2007 ൽ ഡി.ജി.എം. നൽകിയത് ചെന്നൈയിലെ ഭാരത് കൽപ്പിത സർവ്വകലാശാലയിലെ ബി.കോം സർട്ടിഫിക്കറ്റാണ്. മാനേജർമാരിൽ ഒരാൾ നൽകിയത് ചത്തീസ്ഗഡിലെ ബിലാസ്പൂർ സി.വി.രാമൻ സർവ്വകലാശാലയുടെ ബി.എ. സർട്ടിഫിക്കറ്റാണ്. എന്നാൽ ഏത് വിഷയത്തിലാണ് ബി.എ. എന്നത് വ്യക്തമാക്കിയിട്ടില്ല.

സേലത്തെ പെരിയാർ സർവ്വകലാശാലയുടെ ഡിഗ്രി സർട്ടിഫിക്കറ്റാണ് മറ്റൊരാൾ നൽകിയത്. എന്നാൽ അതിലെ എംബ്ലം സംശയം ജനിപ്പിക്കുന്നു. തുല്യതാ സർട്ടിഫിക്കറ്റ് ലഭിക്കാൻ ബുദ്ധിമുട്ടായതിനാൽ തന്റെ ബിരുദം രേഖകളിൽ നിന്നും നീക്കം ചെയ്യണമെന്ന് ഒരാൾ ആവശ്യപ്പെട്ടിട്ടുണ്ട്. മാനേജർമാരിലൊരാൾ മൂന്ന് മാസത്തെ സമയം അനുവദിക്കണമെന്നും മറ്റ് മൂന്ന് പേർ മറുപടി പോലും നൽകിയിരുന്നില്ല.

സഹകരണ മേഖലയിൽ തലശ്ശേരിയിലെ അമൃതാ കോളേജിൽ നിന്നും വ്യാജ സർട്ടിഫിക്കറ്റുകൾ ഗണ്യമായി ഒഴുകിയിട്ടുണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപമുയർന്നിരുന്നു. വ്യാജ സർട്ടിഫിക്കറ്റിന്റെ അന്വേഷണം തന്നെ 2014 മുതൽ ആരംഭിച്ചതും ചിലരെ രക്ഷിക്കാനായിരുന്നു. 1995 മുതൽ അമൃത കോളേജിൽ നിന്നും വ്യാജ സർട്ടിഫിക്കറ്റുകൾ നൽകാൻ തുടങ്ങിയിരുന്നു.

20 വർഷത്തിലേറെയായി ഈ പ്രക്രിയ തുടങ്ങിയിട്ട്. കഴിഞ്ഞ വർഷം സപ്തംബർ 29 ന് അമൃത കോളേജ് പൊലീസ് പരിശോധിച്ചപ്പോൾ നിരവധി വ്യാജ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റ് നിർമ്മാണത്തിനുപയോഗിക്കുന്ന കപ്യൂട്ടർ, ലാപ്ട്ടോപ്, പ്രിന്ററുകൾ എന്നിവയുൾപ്പെടെ തെളിവുകൾ ലഭിച്ചിരുന്നു. തലശ്ശേരിക്ക് പുറമേ തിരുവനന്തപുരത്തും വ്യാജ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തതായി കണ്ടെത്തിയിരുന്നു. എന്നാൽ ഈ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം സജീവമല്ലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.