പത്തനംതിട്ട: അംഗപരിമിതർക്കായി സംവരണം ചെയ്തിരിക്കുന്ന സർക്കാർ ജോലികളിൽ വ്യാജ സർട്ടിഫിക്കറ്റുമായി കടന്നു കൂടിയത് നിരവധിപ്പേർ. അഞ്ചുശതമാനം പോലും വൈകല്യമില്ലാത്തവരാണ് 40 മുതൽ 50 ശതമാനം വരെ വൈകല്യമുണ്ടെന്ന് കാട്ടി സർട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലിയിൽ പ്രവേശിച്ചിട്ടുള്ളത്.

സംസ്ഥാനത്ത് വിവിധ വകുപ്പുകളിൽ വികലാംഗർക്കുള്ള സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിന്റെ മറവിൽ ജോലിയിൽ പ്രവേശിച്ചിട്ടുള്ളവരിൽ നല്ലൊരു ശതമാനവും അനർഹരാണെന്ന് വ്യക്തമായിട്ടും സർക്കാർ നടപടി എടുക്കുന്നില്ല. വ്യാജജാതി സർട്ടിഫിക്കറ്റുകാരെ പിടിക്കാൻ കിർത്താഡ്‌സ് സ്വീകരിച്ച നടപടി പാതിവഴിയിൽ അവസാനിപ്പിച്ചതു പോലെയാകും ഇതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

ഉന്നത രാഷ്ട്രീയബന്ധവും സർവീസ് സംഘടനകളുടെ കൈകടത്തലുമാണ് വ്യാജർക്ക് സർവീസിൽ തുടരുന്നതിന് സഹായകമാകുന്നത്. സംസ്ഥാന സർക്കാരിന്റെ കണക്കുപ്രകാരം 1500ൽ അധികം പേർ വികലാംഗർക്ക് സംവരണം ചെയ്തിട്ടുള്ള തസ്തികയിൽ ജോലി ചെയ്യുന്നുണ്ട്. ഇതിൽ ഇരുപതു ശതമാനത്തിലേറെപ്പേരും പ്രത്യക്ഷത്തിൽ വികലാംഗരല്ലെന്നാണ് കണക്ക്. പലരും മെഡിക്കൽ ബോർഡിനെ സ്വാധീനിച്ച് നാൽപ്പത് ശതമാനത്തിൽ അധികം വൈകല്യം ഉണ്ടെന്ന് വരുത്തിത്തീർത്ത് ജോലിയിൽ പ്രവേശിച്ചവരാണെന്ന് വികലാംഗ ഐക്യ അസോസിയേഷൻ ആരോപിക്കുന്നു.

പത്തനംതിട്ട കലക്ടറേറ്റിലെ സീക്രട്ട് സെല്ലിൽ ജോലിചെയ്യുന്ന വ്യക്തിക്ക് നാൽപ്പതു ശതമാനത്തിൽ താഴെയാണ് വൈകല്യം. ഇദ്ദേഹം ബുള്ളറ്റിലാണ് സഞ്ചരിക്കുന്നത്. അധികമായി വീൽ ഘടിപ്പിച്ചിട്ടുമില്ല. മറ്റ് വാഹനങ്ങളും ഇദ്ദേഹത്തിന് വഴങ്ങും. റവന്യൂ വകുപ്പിൽ ജോലിചെയ്യുന്ന മിമിക്രി കലാകാരന് പ്രത്യക്ഷത്തിൽ പത്തുശതമാനം പോലും വൈകല്യമില്ല. ഇദ്ദേഹം അപകടം പറ്റിയതായുള്ള ഡോക്ടർ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് ജോലിക്ക് പ്രവേശിച്ചത്.

1995ലെ പേഴ്‌സൺ വിത്ത് ഡിസെബിലിറ്റി ആക്ടിൽ നാൽപ്പത് ശതമാനത്തിൽ അധികം വൈകല്യം ഉള്ളവരെ മാത്രമേ വികലാംഗരായി കണക്കാക്കേണ്ടതുള്ളു എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. വൈകല്യം മാത്രം പോരാ, പരസഹായത്തോടെ മാത്രമെ ഇവർക്ക് ദൈനംദിന കാര്യങ്ങൾ നിർവഹിക്കാൻ കഴിയാവൂ എന്ന വ്യവസ്ഥയും ആക്ടിലുണ്ട്. കാൽമുട്ട് കൈ ഉപയോഗിച്ച് താങ്ങിക്കൊണ്ടുള്ള യാത്ര ചെയ്യുന്നവർ, വടി ഉപയോഗിച്ചും മറ്റുള്ളവരുടെ സഹായത്തോടെയും യാത്ര ചെയ്യുന്നവർ എന്നിവരെ ഈ ഗണത്തിൽ പരിഗണിക്കാം.

ബധിരമൂകർക്ക് കാഴ്ച/കേൾവിക്കുറവ് 40 ശതമാനം, സംസാരിക്കാൻ മാത്രമുള്ള ശേഷിക്കുറവ് 50 ശതമാനം, കേൾവിക്കുറവ് മാത്രം 50 ശതമാനം, അസ്ഥിസംബന്ധമായ വൈകല്യം 50 ശതമാനം എന്നിങ്ങനെയാണ് ജോലി ലഭിക്കാനുള്ള മാനദണ്ഡം. ഇതൊന്നുമില്ലാത്തവരാണ് സംസ്ഥാന സർക്കാരിൽ ഉദ്യോഗസ്ഥരായിട്ടുള്ളത്.

1981 മുതലാണ് സംസ്ഥാനത്ത് വികലാംഗർക്കായി സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് നിലവിൽ വന്നത്. ജില്ലാ കലക്ടർ ചെയർമാനും എംപ്ലോയ്‌മെന്റ് ഓഫീസർ കൺവീനറുമായ സമിതിയാണ് അർഹരായ വികലാംഗരെ ജോലിക്കായി തെരഞ്ഞെടുത്തിരുന്നത്. അമ്പത് ശതമാനം വികലാംഗത്വമുണ്ടെന്ന മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റാണ് പ്രധാന തെളിവ്. രാഷ്ട്രീയ നേതാക്കളെ ചാക്കിട്ടു പിടിച്ചും ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയുമൊക്കെ പലരും യഥാർഥ വികലാംഗർക്ക് ലഭിക്കേണ്ട ആനുകൂല്യം ഇത്തരത്തിലാണ് തട്ടിയെടുത്തിരുന്നത്. 1995ൽ വികലാംഗ സംരക്ഷണ നിയമം വന്നപ്പോൾ തൊഴിൽ മേഖലയിൽ മൂന്ന് ശതമാനം സംവരണം അനുവദിച്ചു. അസ്ഥി സംബന്ധം, കേൾവിക്കുറവ്, കാഴ്ചക്കുറവ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങൾക്കായി ഒന്നുവീതം സംവരണം ഏർപ്പെടുത്തി. 1996 മുതൽ 2006 വരെ ഈ രീതി തുടർന്നുവന്നു. 2007ലാണ് വികലാംഗ നിയമനം പി.എസ്.സിക്കു വിട്ടത്. എന്നാൽ 50 ശതമാനം വികലാംഗത്വമുണ്ടെന്നുള്ള മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റിന്റെ മറവിൽ ആരോഗ്യമുള്ള പലരും ഇത്തരത്തിൽ ഇപ്പോഴും പി.എസ്.സിയെ കബളിപ്പിച്ച് ജോലിക്കു പ്രവേശിക്കുന്നുവെന്നാണ് ആരോപണം. ചിലർ വികലാംഗരാണെന്ന് പറഞ്ഞ് റോഡ് ടാക്‌സിൽ നിന്നും ഇളവും നേടിയിട്ടുണ്ട്. എന്നാൽ ഇവരുടെ ഡ്രൈവിങ് ലൈസൻസിൽ വികലാംഗത്വം രേഖപ്പെടുത്തിയിട്ടില്ലെന്നുള്ളതാണ് വിചിത്രം.