പത്തനംതിട്ട: ബാങ്കിൽ നിന്നും വായ്പ ഇനത്തിൽ കിട്ടിയ പണവുമായി വീട്ടമ്മയെ തള്ളിവീഴ്‌ത്തി 9.65 ലക്ഷം രൂപ ബൈക്കിലെത്തിയവർ കൊള്ളയടിച്ചുവെന്ന വീട്ടമ്മയുടെ പരാതി പച്ചക്കള്ളം. പണം തന്റെ വിവിധ അക്കൗണ്ടുകളിലായി നിക്ഷേപിച്ച ശേഷം വീട്ടമ്മ എസ്‌പിക്ക് പരാതി നൽകുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

വെട്ടിപ്രം മോടിപ്പടിയിൽ താമസിക്കുന്ന സുശീലയാണ് പണം നഷ്ടപ്പെട്ടതായി കാണിച്ച് തിങ്കളാഴ്ച സിഐയ്ക്ക് പരാതി നൽകിയത്. രാവിലെ പതിനൊന്നരയോടെ ഡോക്‌ടേഴ്‌സ് ലേയ്‌നിൽ ജില്ലാ വിജിലൻസ് ഓഫീസിനു സമീപം വച്ചാണ് തന്നെ കൊള്ളയടിച്ചതെന്നാണ് ഇവർ പറഞ്ഞത്.

പുതുതായി നിർമ്മിക്കുന്ന വീടിന്റെ ആവശ്യത്തിനായി കോളേജ് റോഡിൽ ജില്ലാ സ്റ്റേഡിയത്തിനു സമീപമുള്ള സർവീസ് സഹകരണ ബാങ്കിൽ നിന്നും പണം എടുത്ത് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവമെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞിരുന്നത്. ബൈക്കിലെത്തിയ രണ്ടു യുവാക്കൾ പുറകിൽനിന്ന് തള്ളിവീഴ്‌ത്തിയ ശേഷം കൈയിലുണ്ടായിരുന്ന പണം അടങ്ങിയ ഹാൻഡ് ബാഗ് പിടിച്ചു പറിക്കുകയായിരുന്നുവെന്നാണ് ഇവരുടെ പരാതി.

തുടർന്ന് ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങിയ ഇവർ ഉച്ചയോടെയാണ് പരാതി നൽകിയത്. സി.ഐ എ.എസ്. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം ബാങ്കിലെത്തി സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് ആദ്യം തന്നെ പറഞ്ഞിരുന്നത്.

പട്ടാപ്പകൽ ഇത്രയും വലിയ തുക നഷ്ടമായിട്ടും എന്തുകൊണ്ട് വീട്ടമ്മ പ്രതികരിച്ചില്ല? പണം നഷ്ടമായിട്ടും എന്തുകൊണ്ട് ഇവർ പരാതി നൽകാതെ വീട്ടിലേക്ക് പോയി? ഇത്രയും വലിയ തുക നഷ്ടമായതിന്റെ ഭാവ വ്യത്യാസം ഇവരിൽ എന്തുകൊണ്ട് കണ്ടില്ല? എന്നിങ്ങനെ നിരവധി ചോദ്യങ്ങളുടെ ഉത്തരം തേടുകയാണ് പൊലീസ് ചെയ്തത്. ബാങ്കിലും ഇവർ പോയ വഴിക്കും കിട്ടാവുന്ന തെളിവുകൾ മുഴുവൻ പൊലീസ് ശേഖരിച്ചു. ബാങ്കിലെ സിസിടിവി ദൃശ്യങ്ങളിൽ ഇടയ്‌ക്കൊരു 15 മിനുട്ട് ഇവർ മിസിങ്ങാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരെ ചോദ്യം ചെയ്തപ്പോൾ, പണം പോയത് പോകട്ടെ തനിക്ക് പരാതിയില്ല, എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്.

ഇതോടെ പണം വീട്ടമ്മ തന്നെ മാറ്റിയതാണെന്ന് പൊലീസിന് സൂചന ലഭിച്ചു. വീടിന് അടുത്തുള്ളവർക്ക് 7.50 ലക്ഷം രൂപ ഇവർ നൽകാനുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇതു നൽകാതിരിക്കാൻ വേണ്ടിയാണ് മോഷണ കഥ മെനഞ്ഞതെന്നാണ് പൊലീസ് ഭാഷ്യം. ഈ നിഗമനങ്ങളെ സാധൂകരിക്കുന്ന തെളിവുകൾക്കായിട്ടാണ് ഇന്നലെ രാവിലെ മുതൽ ഡിവൈ.എസ്‌പിയുടെ ക്രൈം സ്‌ക്വാഡ് അന്വേഷണം തുടങ്ങിയത്. സഹകരണ ബാങ്കിൽനിന്ന് കൊണ്ടുവന്ന പണത്തിൽ 2.50 ലക്ഷം രൂപ യൂണിയൻ ബാങ്കിലുള്ള ഇവരുടെ അക്കൗണ്ടിൽ നിക്ഷേപിച്ചതായി കണ്ടെത്തി. ബാക്കി പണം എവിടെയെന്ന് അന്വേഷിക്കുകയാണ് പൊലീസ്. മുൻപ് പല ബാങ്കുകളെയും ഇവർ കബളിപ്പിച്ചിട്ടുള്ളതായി പൊലീസിനു സൂചന ലഭിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിൽ ഇവർ 25 ലക്ഷം രൂപ നൽകാനുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.