- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേടിക്കാതെ പറക്കാൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഏതു സമയത്തും റെഡി; വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണ ഇടനിലക്കാർ നോട്ടിന്ഹം കേന്ദ്രമാക്കിയ മലയാളികൾ; ഇടനിലക്കാർ എവിടെയും സജീവം; വ്യാജ സർട്ടിഫിക്കറ്റുമായി ഡൽഹിയിൽ എത്തിയ യാത്രക്കാർ നിരീക്ഷണത്തിൽ; വ്യാജ നിർമ്മിതി വിവരം ബ്രിട്ടനെ അറിയിച്ചതായി സൂചന
കവൻട്രി: യുകെ മലയാളികളെ കുടുക്കാൻ മലയാളികൾ തന്നെ വീണ്ടും രംഗത്ത് വന്നതായി വിവരം. ഇത്തവണ കോവിഡ് വ്യാജ നെഗറ്റീവ് സര്ടിഫിക്കറ്റുമായാണ് കഴുകൻ കണ്ണുകളോടെ ആർത്തി മൂത്ത ഏതാനും പേർ രംഗത്ത് വന്നിരിക്കുന്നത് . നാട്ടിലേക്കു അത്യാവശ്യമായി പറക്കാൻ ആഗ്രഹിക്കുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് പരിശോധന നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം ആയതിനാലാണ് വ്യാജന്മാർ കളം പിടിക്കാൻ എത്തിയത് . രോഗലക്ഷണം ഇല്ലാത്തവർക്ക് എൻഎച്എസിൽ നിന്നും പരിശോധന ഫലം ലഭിക്കാൻ പ്രയാസം നേരിട്ടതോടെ സ്വകാര്യ കമ്പനികൾ രംഗത്ത് വന്നതാണ് വ്യാജന്മാർക്കും അവസരം തുറന്നിട്ടത് . സ്വകാര്യ കമ്പനികൾ നെഗറ്റീവ് പരിശോധന ഫലം നൽകുന്നത് 150 പൗണ്ട് ഈടാക്കിയാകുമ്പോൾ 20 പൗണ്ട് മുതൽ തരാതരം പോലെയാണ് വ്യാജന്മാരുടെ ഫീസ് .
ബ്രിട്ടനിൽ ഇപ്പോൾ പടരുന്ന സ്വഭാവമാറ്റം വന്ന കോവിഡ് വൈറസ് രോഗലക്ഷണം കാട്ടാത്തതിനാൽ ആരിലും പോസിറ്റീവ് ആകാനുള്ള സാധ്യതയാണ് ഉള്ളത് . തനിക്കു രോഗലക്ഷണം ഇല്ലാത്തതിനാൽ തീർച്ചയായും നെഗറ്റീവ് ആയിരിക്കും എന്ന ചിന്താഗതിക്കാരാണ് വ്യാജ സർട്ടിഫിക്കറ്റുകാരുടെ കെണിയിൽ പെടുന്നത് . യഥാർത്ഥ കോവിഡ് സർട്ടിഫിക്കറ്റിന്റെ മാതൃക തയ്യാറാക്കി അതിൽ പേരും ജനന തിയതിയും ടെസ്റ്റ് റിസൾട്ട് തിയതിയും അടക്കം മാറ്റം വരുത്തിയാണ് വ്യാജന്മാർ സർട്ടിഫിക്കറ്റ് നൽകുന്നത് . ഒരു മിനിറ്റിനുള്ളിൽ ഇത്തരം മാറ്റം വരുത്താമെന്നതും ഓരോ ഫോട്ടോ കോപ്പി എടുക്കുന്ന പ്രിന്റിങ് ചെലവ് മാത്രമേ മുടക്കു മുതൽ ആകുന്നുള്ളൂ എന്നതുമാണ് തോന്നിയ പണം കൈപ്പറ്റി ഇത്തരം വ്യാജ സർട്ടിഫിക്കറ്റു വിതരണത്തിനുള്ള മലയാളി ബുദ്ധി നൊടിയിടയിൽ പ്രവർത്തിക്കാൻ തുടങ്ങിയത് . ഇത്തരം സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഒരു വിമാനത്താവളത്തിലും പരിശോധിച്ച് തുടങ്ങിയിട്ടില്ല എന്നതാണ് വ്യാജന്മാർക്കു അനുകൂലമായതും .
എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ വിമാനമിറങ്ങിയ അനേകം യുകെ മലയാളിയാൾക്കു യുകെയിൽ നിന്നും നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം ഉണ്ടായിട്ടും ഡൽഹിയിലെ പരിശോധനയിൽ പോസിറ്റീവ് ആയതാണ് സംശയത്തിന് ഇടയാക്കിയത് . ഇത് പലരിലും ആവർത്തിച്ചപ്പോൾ ഇതിനു പിന്നിൽ ഒരു റാക്കറ്റ് പ്രവർത്തിക്കുന്നതായി ബോധ്യപ്പെടുക ആയിരുന്നു . ഇതേപ്പറ്റി ഡൽഹിയിൽ നിന്നും ലണ്ടനിൽ അധികൃതർക്ക് ഔദ്യോഗികമായി തന്നെ അറിയിപ്പ് നൽകിയിട്ടുമുണ്ട് . എന്നാൽ ബ്രിട്ടനിലെ അധികാരികൾക്ക് ഈ വ്യജ റാക്കറ്റിനെ പറ്റി മുൻകൂറായി തന്നെ അറിവുണ്ടായിരുന്നു എന്നതാണ് സത്യം . ഇക്കാരണത്താൽ ഡിസംബർ അവസാന ആഴ്ചയിൽ തന്നെ മിക്ക കൗണ്ടി ഓഫിസുകളും ഇത്തരം വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാതാക്കളെ കുറിച്ച് പരസ്യമായ മുന്നറിയിപ്പും നൽകിയിട്ടണ്ട് .
വ്യാജന്മാരുടെ കെണിയിൽ പെട്ട് സംഘടിപികുന്ന വ്യാജ സർട്ടിഫിക്കറ്റുമായി ലണ്ടനിൽ നിന്നും യാത്ര ചെയ്യാമെങ്കിലും ഇന്ത്യയിൽ ഏതു എയർപോർട്ടിൽ എത്തിയാലും യുകെയിൽ നിന്നുള്ള യാത്രക്കാർക്ക് പിസിആർ ടെസ്റ്റ് നിര്ബന്ധമാണ് . ഇത് ലഭിച്ച ശേഷമെ എയർപോർട്ട്നു പുറത്തു കടക്കാനാകൂ . ഈ സാഹചര്യത്തിൽ വ്യാജ നെഗറ്റീവ് സർട്ടിഫിക്കറ്റു കൊണ്ട് പ്രത്യേകിച്ച് ഗുണം ഇല്ലെന്നതാണ് വാസ്തവം . ഡൽഹിയിലും ബാംഗ്ലൂരിലും മുംബൈയിലും ഒക്കെ ഇന്സ്ടിട്യൂഷണൽ ക്വറന്റൈനിൽ ആയിരിക്കും ഇത്തരം സർട്ടിഫിക്കറ്റുമായി എത്തുന്നവർ കഴിയേണ്ടി വരിക . ഇവരെ ക്വറന്റീൻ സമയം കഴിഞ്ഞു വീണ്ടും പരിശോധിച്ച് നെഗറ്റീവ് ആയാൽ മാത്രമേ യാത്ര തുടരാൻ അനുവദിക്കൂ .
ഇത്തരത്തിൽ കുടുങ്ങിപ്പോയവർ നൽകിയ വിവരം അനുസരിച്ചു ബ്രിട്ടീഷ് മലയാളി നടത്തിയ അനൗഷണത്തിൽ നോട്ടിങ്ഹാം കൺെദ്രീകരിച്ചാണ് ഇത്തരം വ്യാജ സംഘങ്ങൾ യുകെ മലയാളികളെ നോട്ടമിടുന്നത് എന്ന് സൂചന ലഭിച്ചിട്ടുണ്ട് . കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററിൽ നിന്നും യാത്ര തിരിക്കാൻ തയ്യാറായ മലയാളിയെ തേടിയാണ് നോട്ടിൻഹാമിൽ നിന്നും വേഗം ലഭിക്കുന്ന കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിനെ കുറിച്ച് അറിയിപ്പ് ലഭിക്കുന്നത് .ഇത്തരത്തിൽ ഇവർക്ക് യുകെ യുടെ പലഭാഗത്തും ആളെപ്പിടിക്കാൻ കൂട്ടുകൃഷിക്കാരും കൂടെയുണ്ടെന്നാണ് വിവരം . നാട്ടിലേക്കു പുറപ്പെടാൻ തയ്യാറെടുക്കുന്നവരെ കുറിച്ച് വിവരണ ശേഖരണമാണ് പ്രാദേശികമായി ഏജന്റുമാർ ചെയ്യണ്ടത് .
ഒരു കുടുംബം ഒന്നിച്ചു യാത്ര ചെയ്യുന്നുണ്ടെങ്കിൽ ചെറിയ ഡിസ്‌കൗണ്ടും പ്രതീക്ഷിക്കാം . ഒറ്റ യാത്രക്കാരൻ ആണെന്ന് ഏജന്റ് മനസിലാക്കിയാൽ വ്യാജ സർട്ടിഫിക്കറ്റിന്റെ നിരക്കും സ്വാഭാവികമായി ഉയരും . പിടിവീണാൽ എത്ര വലിയ ശിക്ഷയാണ് കാത്തിരിക്കുന്നത് എന്നുപോലും അറിയാതെയാണ് പലരും ആളെപ്പിടിക്കാൻ ഇറങ്ങുന്നത് . സ്വകാര്യ പരിശോധന ഏജൻസി എന്ന പേരിലാണ് പ്രാദേശികമായി വിവരം പ്രചരിപ്പിക്കുന്നതും . വ്യാജ സംഘത്തിന് വേണ്ടിയാണു താൻ പ്രചാരണം ഏറ്റെടുക്കുന്നത് എന്നറിയാതെയാണ് പലരും പ്രാദേശിക ഏജന്റായി വേഷം കെട്ടുന്നതും .
നിലവിൽ യുകെയിലെ വിവിധ കൗണ്ടി ഓഫീസുകളുടെ കീഴിൽ പ്രവർത്തിക്കുന്ന ട്രേഡിങ്ങ് സ്റ്റാൻഡേർഡ് ഏജൻസികൾ ഈ വ്യജ സംഘത്തെ നോട്ടമിട്ടിട്ടുണ്ട് . ഇതിനിടയിലാണ് ഡൽഹിയിൽ നിന്നും അലെർട് സന്ദേശം എത്തിയിരിക്കുന്നതും . പരിശോധന അംഗീകാരമുള്ള സ്വകാര്യ ഏജൻസിയുടെ പേര് വച്ച് തന്നെയാണ് വ്യാജ സർട്ടിഫിക്കറ്റുകളും തയാറാക്കുന്നത് . പ്രധാനമായും സോഷ്യൽ മീഡിയ വഴിയാണ് ഏറ്റവും വേഗത്തിൽ ഉള്ള സർട്ടിഫിക്കറ്റ് എന്ന സന്ദേശത്തോടെ വ്യാജന്റെ പ്രചാരണം നടക്കുന്നതും . ഇത്തരം വ്യാജന്മാരെ കുറിച്ച് വിവരം ലഭിക്കുന്നവർ ഏറ്റവും വേഗത്തിൽ പ്രാദേശിക കൗൺസിലിൽ വിവരം അറിയിക്കണമെന്ന് വിവിധ കൗൺസിലുകൾ നോട്ടീസും പുറപ്പെടുവിച്ചിട്ടണ്ട് .
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.