കാസർഗോഡ്: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ കാസർഗോഡ് ജില്ലയിലെ നിരവധി സഹകരണസംഘങ്ങളിലെ ജീവനക്കാർ കുടുങ്ങും. ഹോസ്ദുർഗ് പൊലീസിന്റെ അന്വേഷണത്തിൽ ഹോസ്ദുർഗ് കാർഷിക സഹകരണ ബാങ്കിലെ രണ്ട് ജീവനക്കാരും വെള്ളരിക്കുണ്ട് കാർഷിക വികസന ഗ്രാമവികസന ബാങ്കിലെ മുൻ ജീവനക്കാർക്കും നിലവിലുള്ള ചിലർക്കും പങ്കുണ്ടെന്ന് കണ്ടെത്തി. ഈ കേസിന്റെ ഭാഗമായി വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകുന്നതിന് അറസ്റ്റിലായ പിണറായി പാറപ്രത്തെ അജയനെ തലശേരി സബ് ജയിലിലെത്തി പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു.

കൂടുതൽ തെളിവെടുപ്പിനായി ഇയാളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഹർജിയും നൽകിയിട്ടുണ്ട്. വെള്ളരിക്കുണ്ട് കാർഷിക ഗ്രാമവികസന ബാങ്കിൽ നിന്നും പിരിച്ചുവിടപ്പെട്ട സെക്രട്ടറി കരുവാച്ചേരിയിലെ കെ.നടരാജൻ മറ്റൊരു സെക്രട്ടറി കുറുന്തൂരിലെ ജോയ്, ബ്രാഞ്ച് മാനേജർ മേലടുക്കത്തെ ചന്ദ്രൻ എന്നിവരാണ് വ്യാജ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി ഉദ്യോഗക്കയറ്റം നേടിയത്. സംഭവത്തെ തുടർന്ന് ഉദ്യോഗസ്ഥരെ ബാങ്കിൽ നിന്നും സസ്പെൻഡ് ചെയ്‌തെങ്കിലും ഇതിൽ കെ.നടരാജൻ ഹൈക്കോടതിയെ സമീപിച്ച് ജോലിയിൽ തിരിച്ച് കയറിയിരുന്നു. ഹോസ്ദുർഗ് സഹകരണ ബാങ്കിലെ പ്രസിഡന്റ് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി ആരംഭിച്ചത്.

തലശേരി ദേശീയപാതക്ക് സമീപം ബോർഡ് വച്ചായിരുന്നു വടക്കയിൽ അജയൻ വ്യാജ സർട്ടിഫിക്കറ്റ് വിതരണം ചെയ്തിരുന്നത്. പൊലീസും രാഷ്ട്രീയ പാർട്ടി നേതാക്കളും കാൺകെ സ്ഥാപനം തഴച്ചു വളർന്നു. തമിഴ്‌നാട്ടിലെ മാർത്താണ്ഡം ആസ്ഥാനമായുള്ള അമൃത എഡുക്കേഷൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ കേരളത്തിന്റെ കേന്ദ്രമാണിതെന്ന് ധരിപ്പിച്ചിരുന്നു തട്ടിപ്പ്. കണ്ണൂരിലും തിരുവനന്തപുരത്തുമായി രണ്ട് ഉപകേന്ദ്രങ്ങളും നൂറ്റി പതിനൊന്ന് ഏജൻസികളുമായാണ് വൻതട്ടിപ്പ് നടന്നത്.

ഉത്തരേന്ത്യയിലെ സർവ്വകലാശാലകളുടെ പേരിലാണ് ഭൂരിഭാഗം സർട്ടിഫിക്കറ്റുകളും വിറ്റഴിച്ചത്. ഓരാ സർട്ടിഫിക്കറ്റിനും ബിരുദത്തിന്റെ നിലവാരമനുസരിച്ച് നാൽപതിനായിരം മുതൽ ഒരു ലക്ഷത്തി നാൽപതിനായിരം രൂപ വരെ ഈടാക്കിയിരുന്നു. 2016 ൽ മാത്രം 2 കോടി രൂപയുടെ സർട്ടിഫിക്കറ്റ് കച്ചവടമാണ് അജയൻ നടത്തിയത്. മാനവ് ഭാരതി സർവ്വകലാശാല, മനോമണി സുന്ദനാർ യൂണിവേഴ്സിറ്റി, വിനായക് മിഷൻ യൂണിവേഴ്സിറ്റി തുടങ്ങി വിവിധ ബോർഡുകളുടേയും കൗൺസിലുകളുടേയും പഠന കേന്ദ്രമായാണ് ഈ സ്ഥാപനത്തെ അജയൻ സൃഷ്ടിച്ചത്. കഴിഞ്ഞ വർഷം നടത്തിയ പൊലീസ് പരിശോധനയിൽ 12 സർവകലാശാലകളുടെ ആയിരത്തോളം സർട്ടിഫിക്കറ്റുകളും ഇവിടെനിന്ന് കണ്ടെത്തിയിരുന്നു.

വിദേശത്ത് പോകുന്നവർക്ക് ഇവിടെ വച്ച് എംബസി സാക്ഷ്യപ്പെടുത്തിയ രേഖകളും അജയൻ നിർമ്മിച്ചു നൽകുമായിരുന്നു. വിശ്വഭാരതി ഗുരുകുൽ വിദ്യാപീഠ് എന്ന പേരിൽ അജയൻതന്നെ ഒരു സർവകലാശാല ആരംഭിക്കുകയും ചെയ്തു. അതിന്റെ വൈസ് ചാൻസിലറും പരീക്ഷാ കൺട്രോളറും എല്ലാം ഇയാൾ തന്നെയായിരുന്നു. ഇവിടെനിന്ന് വിതരണം ചെയ്തിരുന്ന എല്ലാ സർട്ടിഫിക്കറ്റുകളിലും ഇയാളുടെ കൈയൊപ്പുമുണ്ട്. സർവ്വകലാശാലകളുടെ വെബ്സൈറ്റുകളിൽ നിന്ന് സർട്ടിഫിക്കറ്റുകളുടെ പകർപ്പെടുത്തായിരുന്നു തട്ടിപ്പ്. ഉദ്യോഗ കയറ്റത്തിനും ജോലി നേടാനും വിദേശത്തേക്ക് പോകാനുമൊക്കെയാണ് പലരും അജയനെ ആശ്രയിച്ചിരുന്നത്. അതിനാൽത്തന്നെ ആരും ഇയാൾക്കെതിരെ പരാതി നൽകുകയോ ഇയാളുടെ തട്ടിപ്പ് പരസ്യമാകുകയോ ചെയ്തില്ല.

അതേസമയം എന്തുകൊണ്ടാണ് അജയന്റെ സ്ഥാപനത്തിനെതിരെ ഇതുവരെ ഒരു അന്വേഷണവും നടക്കാത്തതെന്ന ചോദ്യവും ഉയരുന്നുണ്ട്. തലശ്ശേരി പൊലീസ് സ്‌റ്റേഷന് തൊട്ടടുത്താണ് അജയന്റെ തട്ടിപ്പ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ഒരു യു.പി. സ്‌ക്കൂൾ അദ്ധ്യാപകൻ മാത്രമായിരുന്ന അജയൻ ഇത്രവലിയ തട്ടിപ്പ് നടത്തിയിട്ടും സ്പെഷൽ ബ്രാഞ്ചിന് പോലും ഒരു സൂചനയും ലഭിച്ചില്ലെന്നതും അദ്ഭുതകരമാണ്.

പത്തു വർഷത്തിനിടെ സർട്ടിഫക്കറ്റ് കച്ചവടം നടത്തി കോടീശ്വരനായ അജയൻ ഏഴ് കോടി രൂപയടെ ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. അതേസമയം പിടിയിലായിട്ടും ഇയാളുടെ സർട്ടിഫിക്കറ്റ് കച്ചവടത്തിന് മുടക്കമുണ്ടായില്ല.