റിയാദ്: രാജ്യത്ത് വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുമായി എത്തുന്ന പ്രവാസികളുടെ എണ്ണം കൂടിവരുന്നതോടെ ഇത്തരം തട്ടിപ്പുകാർ ക്കെതിരെ കർശന നടപടിയെടുക്കാൻ സൗദി മന്ത്രാലയം തയ്യാറെടുക്കുകയാണ്. വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടുന്ന പ്രവാസികളെ നാടുകടത്തുമെന്നും പിന്നീട് രാജ്യത്തു പ്രവേശിക്കുന്നതു വിലക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് 1000 റിയാലിനും (ഏ കദേശം 16,500 രൂപ) ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് 1200 റിയാലിനും (ഏകദേശം 19,800 രൂപ) ലഭിക്കുമെന്ന സ്ഥിതിയാണിപ്പോൾ. രാജ്യത്തു 30,000 പേർ വ്യാജ എൻജിനീയറിങ് ബിരുദ സർട്ടിഫിക്കറ്റുകളുമായി എത്തിയിട്ടുണ്ടെന്നു സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് കണ്ടെത്തിയിരുന്നു. 30 വർഷമായി വ്യാജ സർട്ടിഫിക്ക റ്റിന്റെ ബലത്തിൽ ജോലി ചെയ്യുന്നവരുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു.

രാജ്യത്ത് ആരോഗ്യ, എഞ്ചിനീയറിങ്, അക്കൗണ്ടിങ് മേഖലകളടക്കം നിരവധി രംഗങ്ങളിൽ വ്യാജസർട്ടിഫിക്കറ്റ് വഴി ജോലി നേടുന്ന പ്രവണതയുണ്ടെന്ന് നേരത്തെ വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബിരുദ സർട്ടിഫിക്കറ്റില്ലെങ്കിൽ കുടുംബ വിസ ലഭിക്കാത്തതിനാൽ ഇതിനായി വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്നവരുമുണ്ട്. .ഇത്തരം പ്രവണതകൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യാജ സർട്ടിഫിക്കറ്റ് പ്രതികൾക്ക് തടവും സൗദിയിൽ പ്രവേശനത്തിന് വിലക്കും ഏർപ്പെടുത്തുന്നത്.ഇനി അപേക്ഷകർ സർട്ടിഫിക്കറ്റുമായി ഡാറ്റാ ഫ്‌ളോയെ സമീപിക്കണം. ഇതിന് ഫീസും ഈടാക്കും. വ്യാജസർട്ടിഫിക്കറ്റുകളാണെന്ന് പരിശോധനയിൽ കണ്ടെത്തിയാൽ അപേക്ഷകർക്കെതിരെ ശിക്ഷാനടപടികളുണ്ടാവും.