തൊടുപുഴ: അലോപ്പതി, ആയുർവേദ ചികിത്സകൾ നടത്തിയിരുന്ന വ്യാജ ഡോക്ടറുടെ ചതിയിൽപ്പെട്ടത് ആദിവാസി-തോട്ടം മേഖലയിലെ സാധാരണക്കാർ. ഇവരെ ആകർഷിച്ച് ലക്ഷങ്ങളാണ് തൊടുപുഴ തോയലിൽ ജോൺ(58), ചെറുതോണി ഗാന്ധിനഗർ കോളനിയിൽ ചമ്പക്കുളത്ത് സുജാത(42)എന്നിവർ നേടിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരമാണ് ഇവരെ കുടുക്കിയത്.

സുജാതയുടെ വീട്ടിൽ നടന്ന റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. പത്താം ക്ലാസ് പോലും പാസാകാത്ത ഇവർ അലോപ്പതി, ആയുർവേദ ചികിത്സകളാണ് നടത്തിയിരുന്നത്. ഇവരുടെ വീട്ടിൽനിന്ന് സിറിഞ്ചും പല വിധത്തിലുള്ള അലോപ്പതി, ആയുർവേദ മരുന്നുകളുടെ ശേഖരവും പിടിച്ചെടുത്തു. പ്രമേഹം അപസ്മാരം,ലൈംഗിക രോഗങ്ങൾ തുടങ്ങി എല്ലാ രോഗങ്ങൾക്കും ഇവർ ചികിത്സ നടത്തി.

ഒറ്റമൂലി,നാടൻ ചികിത്സ,എന്നിങ്ങനെ പലവിധ ബോർഡുകൾ വച്ച് ആദിവാസി മേഖലകളിലും തോട്ടം മേലകളിലും അവികിസിത പ്രദേശങ്ങളിലുമാണ് പ്രതികൾ ചികിത്സ നടത്തിയത്. പല സ്ഥലങ്ങളിലും ബ്രാഞ്ചുകൾ സ്ഥാപിച്ച് ആഴ്ചയിൽ ഒന്നും രണ്ടും ദിവസം മാത്രമാണ് ഓരോ സ്ഥലത്തും ചികിത്സ നടത്തിയിരുന്നത്. വാക്ചാതുര്യവും സൗന്ദര്യവും കൈമുതലാക്കിയായിരുന്നു സുജാതയുടെ ചികിത്സകൾ. ഓരോ പ്രദേശങ്ങളിലും നിരവധി ഏജന്റുമാരെയും ഇവർ നിയോഗിച്ചിരുന്നു. ചെറുപ്പക്കാരായ യുവാക്കളായിരുന്നു ഇവരുടെ ഏജന്റുമാർ. രോഗികളെ എത്തിക്കാൻ ഇവർക്ക് കമ്മീഷനും നല്കിയിരുന്നതായി നാട്ടുകാർ പറയുന്നു.

ഇവരുടെ വീട്ടിൽനിന്ന് പിടിച്ചെടുത്തതിൽ പലതും കാലാവധി കഴിഞ്ഞതും വ്യാജമരുന്നുകളുമായിരുന്നു. ആയുർവേദ മരുന്നുകളിലും ലേഹ്യം, കുഴമ്പുകൾ എന്നിവയിലും വ്യാജ സ്റ്റിക്കറുകൾ ഒട്ടിച്ചിരുന്നു. സുജാതയുടെ പേരിൽ ജില്ലയുടെ വിവിധ പ്രദേശങ്ങളിലായി വേറെയും കേസുകളുണ്ട്. ജോൺ പത്താംക്ലാസ് തോറ്റയാളാണ്. സുജാതയ്ക്കും കാര്യമായ വിദ്യാഭ്യാസമില്ല. വ്യാജ ചികിത്സയുടെ സംബന്ധിച്ച് പീരുമേട്, ഉപ്പുതറ, നെടുങ്കണ്ടം തുടങ്ങിയ സ്ഥലങ്ങളിൽ ഇവരുടെ പേരിൽ കേസുണ്ട്.

സുജാതയുടെ പേരിൽ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ വേറെയും കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു. വിദ്യാഭ്യാസം കുറവുള്ളവരും പാവപ്പെട്ടവരുമായ ആദിവാസികളെയാണ് ഇവർ ചികിത്സിച്ചിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.