- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യവഴി വ്യാജ രേഖകൾ ഉപയോഗിച്ച് പുറമ്പോക്കാണെന്ന് വരുത്തിതീർത്തു; സർക്കാർ ഫണ്ട് ഉപയോഗിച്ച് തന്റെ പറമ്പിൽ അഴുക്കുചാൽ നിർമ്മിച്ചപ്പോൾ ഉടമ ഞെട്ടി; മുൻ പഞ്ചായത്ത്- ബ്ലോക്ക് അംഗങ്ങളുടെ അഴിമതിയെന്ന് ബേസിൽ പീറ്റർ; ഉടമസ്ഥരുടെ സഹോദരരുടെ തലയിലിട്ട് കൈകഴുകാൻ വാർഡ് അംഗവും
എറണാകുളം: ഒരു പുരയിടത്തിനുള്ളിലുള്ള നാല് വീടുകളിലേയ്ക്ക് പോകാനായി സ്വകാര്യവ്യക്തി വിട്ടുനൽകിയ സ്വകാര്യറോഡ് വ്യാജരേഖകളുപയോഗിച്ച് ഉടമ സർക്കാരിന് കൈമാറിയെന്ന് വരുത്തിതീർത്തതായി പരാതി. പുറമ്പോക്കെന്ന് വരുത്തിതീർത്ത് അവിടെ അഴുക്ക്ചാൽ പണിയാൻ വാർഡംഗം ശ്രമം തുടങ്ങിയതോടെയാണ് കള്ളി വെളിച്ചത്തായത്.
കുമ്പളങ്ങി പഞ്ചായത്തിൽ ഏഴാം വാർഡിൽ കെൽട്രോൺ ഫെറിയുടെ വടക്കുവശത്ത് റിട്ട. നേവി ഉദ്യോഗസ്ഥനായ ബേസിൽ പീറ്ററിന്റെ ഭൂമിയിലാണ് അനധികൃതനിർമ്മാണത്തിനുള്ള ശ്രമം നടന്നിരിക്കുന്നത്. സമീപത്തുള്ള കുരിശുപള്ളിയിൽ എല്ലാ വർഷവും നടത്താറുള്ള ഉരുൾ നേർച്ചയ്ക്കു വേണ്ടിയും ആ പുരയിടത്തിനുള്ളിൽ താമസിക്കുന്ന നാല് വീട്ടുകാർക്ക് വേണ്ടിയുമാണ് ഈ സ്വകാര്യവഴി നിർമ്മിച്ചിരിക്കുന്നത്. ഇപ്പോഴും ബേസിൽ പീറ്ററുടെ പേരിലുള്ള ഭൂമിയുടെ ഈ വർഷത്തെ ഭൂനികുതിയും അടച്ചതാണെന്ന് ബേസിൽ പീറ്റർ പറയുന്നു.
എന്നാൽ 2018 ൽ ബേസിൽ പീറ്റർ ഈ ഭൂമി പൊതുവഴിക്കായി വിട്ടുകൊടുത്തെന്ന് വ്യാജരേഖ നിർമ്മിച്ചതായാണ് അദ്ദേഹത്തിന്റെ പരാതി. എന്നാൽ ആ സമയം അദ്ദേഹം വിദേശത്തായിരുന്നു. ബേസിൽ പീറ്റർ ലാൻഡ് റീലിങ്ഷ്മെന്റ് ഫോം തങ്ങളുടെ മുൻപാകെ ഒപ്പിട്ടിരിക്കുന്നു എന്ന് സാക്ഷ്യപ്പെടുത്തി കുമ്പളങ്ങി ഏഴാം വാർഡ് മെമ്പർ ആയിരുന്ന മാർഗരറ്റ്, ജോൺ മാർട്ടിൻ എന്നിവരും, ഉടമസ്ഥനും സാക്ഷികളും എന്റെ മുൻപിൽ വച്ച് ഒപ്പിട്ടിരിക്കുന്നു എന്ന് കുമ്പളങ്ങി വില്ലജ് ഓഫിസർ ആയിരുന്ന ശ്രീകലയും ഒപ്പിട്ടാണ് വ്യാജ രേഖയുണ്ടാക്കിയതെന്ന് ബേസിൽ പരാതിപ്പെടുന്നു. അതിനെ തുടർന്ന് അഴുക്കുചാൽ പണിയുന്നതിന് പ്ലാൻ തയ്യാറാക്കി പഞ്ചായത്ത് പാസാക്കി. തുടർന്ന് എസ്റ്റിമേറ്റുണ്ടാക്കി, 4.8 ലക്ഷം രൂപയ്ക്ക് കോൺട്രാക്ടും കൊടുത്തു.
അഴുക്കുചാൽ പണിയാൻ തുടങ്ങിയ കോൺട്രാക്ടർ കായലിന്റെ അടിത്തട്ടിനെക്കാൾ താഴ്ത്തി അറുപതു സെന്റിമീറ്റർ താഴ്ത്തി കുഴിച്ചതിനെ തുടർന്ന് കായലിലെ വെള്ളം കരയിലേയ്ക്ക് കയറുകയായിരുന്നു. സാധാരണ നിലയിൽതന്നെ വേലിയേറ്റ സമയത്ത് മിക്കപ്പോഴും കുരിശുപള്ളി വരെ കായലിലെ വെള്ളം കയറാറുണ്ട്. അത്തരമൊരു പ്രദേശത്ത് കായലിനേക്കാൾ താഴ്ച്ചയിൽ അഴുക്കുചാൽ നിർമ്മിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഇപ്പോൾ അവിടമാകെ വെള്ളം കയറിയ നിലയിലാണ്. ഈ സമയത്താണ് നാട്ടിലെത്തിയ ബേസിലിന്റെ ശ്രദ്ധയിൽ ഇതുപെടുന്നത്. തുടർന്ന് ഈ പദ്ധതിയെ സ്ഥലം ഉടമ ബേസിൽ പീറ്റർ എതിർക്കുകയും സ്റ്റോപ്പ് മെമോയ്ക്കായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.
കോടതിഇടപെടലിൽ നിർമ്മാണപ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയും ബേസിലിനെ പഞ്ചായത്തിലേയ്ക്ക് വിളിപ്പിക്കുകയുമായിരുന്നു. അവിടെവച്ചാണ് തന്റെ ഭൂമി സർക്കാരിന് കൈമാറിയ രേഖ താൻ കാണുന്നതെന്ന് ബേസിൽ പറയുന്നു. തുടർന്നാണ് വ്യാജരേഖ നിർമ്മിച്ചു എന്ന പേരിൽ പഞ്ചായത്ത് മെമ്പർ അടക്കമുള്ളവർക്കെതിരെ ബേസിൽ പൊലീസിൽ പരാതി നൽകിയതും. എന്നാൽ തന്റെ പരാതിയിൽ എഫ്ഐആർ ഇടാൻ പോലും പൊലീസ് തയ്യാറാകുന്നില്ലെന്ന് ബേസിൽ പീറ്റർ പറയുന്നു. എതിർപക്ഷത്ത് മുൻ പഞ്ചായത്ത് അംഗവും മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും അടക്കമുള്ള രാഷ്ട്രീയനേതാക്കളായതിനാൽ പൊലീസ് ഉഴപ്പുന്നു എന്നാണ് ബേസിലിന്റെ പരാതി.
എന്നാൽ സ്ഥലം കൈമാറുന്നതിന് വേണ്ടി ഒപ്പിട്ടുനൽകിയത് ബേസിലിന്റെ സഹോദരനാണെന്നും, ബേസിലിന്റെ അനുമതിയോടെയാണ് നൽകുന്നതെന്ന് പറഞ്ഞതിനെ തുടർന്നാണ് അത് അംഗീകരിച്ചതെന്നും ആരോപണവിധേയയായ മുൻ പഞ്ചായത്ത് അംഗം മാർഗരറ്റ് മറുനാടനോട് പറഞ്ഞു. 28 മീറ്റർ ഓട നിർമ്മിക്കാൻ മാത്രമാണ് താൻ തീരുമാനിച്ചിരുന്നത്. എന്നാൽ അത് 78 മീറ്ററാക്കാൻ നിലവിലെ മെമ്പർ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും അവർ ആരോപിച്ചു.
മറുനാടന് മലയാളി ബ്യൂറോ