- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെത്തിയത് നിർമ്മാണപ്രവൃത്തികൾക്ക്; ശസ്ത്രക്രിയ ഇല്ലാതെ രോഗങ്ങൾ ഭേദമാക്കുമെന്ന് വാഗ്ദാനത്തിൽ ഡോക്ടറായി വിലസിയത് വർഷങ്ങൾ; ബംഗാൾ സ്വദേശി കൂടുങ്ങിയത് പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്തപരിശോധനയിൽ
ചാത്തന്നൂർ: ഡോക്ടർ ചമഞ്ഞു വർഷങ്ങളായി ചികിത്സ നടത്തിയ ബംഗാളി സ്വദേശിയെ പൂട്ടി പൊലീസും ആരോഗ്യവകുപ്പും.ചാത്തന്നൂർ ഭൂതനാഥ ക്ഷേത്രം പാലത്തിനു സമീപം സ്മൃതി ക്ലിനിക് നടത്തിയ കൊൽക്കത്ത സ്വദേശി കമാൽ സർദാറാണ് (37) പിടിയിലായത്. നിർമ്മാണ ജോലിക്ക് എത്തിയ ശേഷമാണ് ഇയാൾ ഡോക്ടർ ചമഞ്ഞു വർഷങ്ങളായി ചികിത്സ നടത്തിയത്.
ക്ലിനിക്കിന്റെ പേര്, ഫോൺ നമ്പർ ഉൾപ്പെടെയുള്ള പോസ്റ്റർ വ്യാപകമായി പതിച്ചാണു രോഗികളെ ആകർഷിക്കുന്നത്. 2014ൽ ചാത്തന്നൂരിൽ നിന്നു കമാൽ സർദാറിനെ സമാന കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു ശേഷം വീണ്ടും കെട്ടിട നിർമ്മാണമേഖലയിൽ സഹായി ആയി ജോലി ചെയ്‌തെങ്കിലും പിന്നീട് ചികിത്സ പുനരാരംഭിച്ചു. ഏതാനും വർഷം മുൻപാണ് ഭൂതനാഥ ക്ഷേത്രത്തിനു സമീപം സ്മൃതി ക്ലിനിക് ആരംഭിക്കുന്നത്. പിതാവ് ബംഗാളിൽ പാരമ്പര്യ വൈദ്യരാണെന്നു പറയുന്നു.
അർശസ്സ്, മൂലക്കുരു, ഫിസ്റ്റുല എന്നിവ ശസ്ത്രക്രിയ കൂടാതെ ഭേദമാക്കുമെന്നു പറഞ്ഞു വ്യാജ ഡോക്ടർ ചികിത്സ നടത്തുന്നത് സംബന്ധിച്ചു ഓയൂർ കേന്ദ്രീകരിച്ചുള്ള സംഘടന ജില്ലാ മെഡിക്കൽ ഓഫിസർക്കു നൽകിയ പരാതിയിലാണ് പരിശോധന നടന്നത്.ക്ലിനിക്കിൽ നിന്നു ചികിത്സാ രേഖകളും ഉപകരണങ്ങളും പിടിച്ചെടുത്തു. നിർമ്മാണ പ്രവർത്തനത്തിനു കേരളത്തിൽ എത്തിയ ശേഷം ഒരു ആശുപത്രിയിൽ കുറച്ചു നാൾ ജോലി ചെയ്തിരുന്നു. ഇതിനു ശേഷമാണു ഡോക്ടർ ചമഞ്ഞു ചികിത്സ ആരംഭിക്കുന്നത്.
ഡോക്ടർ ചമഞ്ഞു ചികിത്സ നടത്തിയതിനു എട്ടു വർഷം മുൻപും കമാൽ സർദാറിനെ അറസ്റ്റ് ചെയ്തിരുന്നു. പൊലീസും ആരോഗ്യ വകുപ്പും ചേർന്നു നടത്തിയ പരിശോധനയിൽ ഇൻസ്‌പെക്ടർ ജസ്റ്റിൻ ജോൺ, ചാത്തന്നൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ.എൻ.ബി.വിനോദ്,ഹെൽത്ത് ഇൻസ്‌പെക്ടർ ഷാനി എന്നിവരടങ്ങുന്ന സംഘം ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കമാൽ സർദാർ പിടിയിലായത്.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നു ഇൻസ്‌പെക്ടർ ജസ്റ്റിൻ ജോൺ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ