കാസർഗോഡ്: സഹകരണ ബാങ്കുകളിൽനിന്നും മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തുന്നത് വ്യാപകമാവുന്നു. കാസർഗോഡ് ജില്ലയിൽ മുട്ടത്തൊടി ബാങ്കിനു പുറമേ പീലിക്കോട് സർവ്വീസ് സഹകരണ ബാങ്കിൽനിന്നും മുക്കാൽ കോടിയിലേറെ രൂപയുടെ തട്ടിപ്പ് പുറത്തുവന്നതോടെ മറ്റു ജില്ലകളിലും മുക്കുപണ്ട പണയത്തട്ടിപ്പ് നടക്കുന്നുണ്ടെന്ന സൂചനയിലേക്കാണ് വിരൽ ചൂണ്ടുന്നത്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ തണലിലാണ് കേരളത്തിൽ സഹകരണ ബാങ്കുകളും മറ്റു സംഘങ്ങളും പ്രവർത്തിക്കുന്നത്. പാർട്ടികളുടേയും നേതാക്കളുടേയും സമ്മർദ്ദങ്ങൾക്കു വഴങ്ങി സമാനമായ തട്ടിപ്പുകൾ അരങ്ങേറാൻ ഈ മേഖലയിൽ സാധ്യത ഏറെയാണ്. 

നിലേശ്വരം ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി കൂടിയായ മാനേജർ എം. വി. ശരത്ചന്ദ്രന്റെ പ്രേരണയിലാണ് സഹപ്രവർത്തകരടക്കമുള്ള 19 പേർ വ്യാജ സ്വർണ്ണ പണയത്തിന് കൂട്ടു നിന്നത്. ഇത്തരം രാഷ്ട്രീയ സമ്മർദ്ദങ്ങൾ വായ്പാ കാര്യത്തിൽ മറ്റു ബാങ്കുകളിലും നടന്നിരിക്കാം. രാഷ്ട്രീയക്കാരനായ മാനേജർ പറഞ്ഞത് അപ്പടി അനുസരിച്ചതാണ് പീലിക്കോട് സഹകരണ ബാങ്കിലെ തട്ടിപ്പിന് കാരണമായത്. തന്റെ പേരിൽ പണയം വെക്കാൻ കഴിയില്ലെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അപ്രൈസർ പി.വി. കുഞ്ഞിരാമനോട് പണയ സ്വർണം തിട്ടപ്പെടുത്തിക്കഴിഞ്ഞെന്നു പറഞ്ഞു മറ്റ് 18 പേരെക്കൊണ്ട് ഒപ്പിടുവിച്ചാണ് വായ്പ തരപ്പെടുത്തിയത്. ബാങ്ക് ഡയറക്ടറും യൂത്ത് കോൺഗ്രസ്സ് പീലിക്കോട് മണ്ഡലം പ്രസിഡണ്ടുമായ കെ. റിജേഷും നേതാവിന്റെ വാക്കുകളിൽ കുടുങ്ങിയവരിൽപ്പെടുന്നു.

തിരൂർ പൊന്ന് എന്ന പേരിൽ അറിയപ്പെടുന്ന മുക്കുപണ്ടം പണയം വച്ചാണ് പിലീക്കോട് സർവ്വീസ് സഹകരണ ബാങ്കിന്റെ കാലിക്കടവ് ശാഖയിൽ 56 ഇടപാടുകളിലായി 77,56,000 രൂപയുടെ തട്ടിപ്പ് നടന്നത്. എന്നാൽ കേസിൽ കുടുങ്ങിയവരാരും പണയസ്വർണം കണ്ടിട്ടു പോലുമില്ല. പണയത്തുക കണക്കാക്കിയതും മുക്കുപണ്ടം കവറിലാക്കി സീൽ ചെയ്തതും എല്ലാം മാനേജർ തന്നെ. എന്നും കാണുന്നവരും സുഹൃത്തുക്കളുമായവരെയാണ് മാനേജർ ശരത് ചന്ദ്രൻ കുടുക്കിയത്. ബാങ്കിന്റെ കീഴിലുള്ള കൺസ്യുമർ സ്റ്റോർ നടത്തിപ്പുകാരൻ എം. ദിലീപ്, പിഗ്മി കലക്ഷൻ ഏജന്റുമാരായ ഇ.കബീന, പി.പി. ശ്രീജ എന്നിവരാണ് പണയ സ്വർണ്ണക്കരാറിൽ ഒപ്പിട്ടവർ. ചെയ്യാത്ത കുറ്റത്തിന് തങ്ങൾ കുടുങ്ങുമോ എന്ന ഭയത്തിലാണ് ഇവർ കഴിയുന്നത്.

കാസർഗോഡ് ജില്ലയിൽ ബാങ്കിങ് ഇടപാട് നടത്തുന്ന സഹകരണ സംഘങ്ങളിൽ വ്യാജസ്വർണം പണയപ്പെടുത്തി തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന പരിശോധനയിലാണ് പിലീക്കോട് സഹകരണ ബാങ്കിലെ തട്ടിപ്പ് പുറത്തായത്. മുട്ടത്തൊടി സർവ്വീസ് സഹകരണ ബാങ്കിന്റെ രണ്ടു ശാഖകളിൽ നിന്നായി നാലു കോടിയിലേറെ രൂപ മുക്കുപണ്ടം വച്ച് തട്ടിയെടുത്ത സംഭവത്തെത്തുടർന്നാണ് ജില്ലയിലെ മുഴുവൻ സഹകരണ സ്ഥാപനങ്ങളിലും 14 ടീമുകളെ നിയോഗിച്ച് പരിശോധന നടത്തി വരുന്നത്. മുട്ടത്തൊടി ഉൾപ്പെടെ മൂന്ന് സഹകരണ ബാങ്കുകളിലെ വ്യാജ സ്വർണ്ണ പണയത്തട്ടിപ്പ് ഇതോടെ പുറത്തുവന്നിരിക്കയാണ്. മറ്റു ചില ബാങ്കുകളിലും സംശയത്തിന്റെ മുൾമുന നീങ്ങിയിരിക്കയാണ്. ജില്ലയിലെ 63 സഹകരണ ബാങ്കുകളിലും അതിന്റെ ശാഖകളിലും അതിനു പുറമേ ജില്ലാ സഹകരണ ബാങ്കുകളിലും അതിന്റെ ശാഖകളിലും പരിശോധന തുടരുകയാണ്.

സ്വർണ്ണപണയ വായ്പാ രംഗത്ത് കൂടുതൽ ബാങ്കുകളിൽ കൂടി ക്രമക്കേടുകൾ കണ്ടെത്തിയതോടെ ഇതൊരു സംസ്ഥാന വിഷയമായി മാറിക്കൊണ്ടിരിക്കയാണ്. സമാനപരിശോധന സംസ്ഥാന വ്യാപകമായി നടത്തേണ്ട സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. മുട്ടത്തൊടി, മുള്ളേരിയ, ഇപ്പോൾ പിലീക്കോട് എന്നീ ബാങ്കുകളിലാണ് ക്രമക്കേടുകൾ കണ്ടെത്തിയിട്ടുള്ളത്. സ്വർണ്ണപണയത്തിൻ മേൽ വായ്പ അനുവദിക്കുന്ന എംപ്ലോയീസ് സഹകരണ സംഘങ്ങൾ, അർബൻ സൊസൈറ്റികൾ, ക്ഷേമസംഘങ്ങൾ, വനിതാസംഘങ്ങൾ, എന്നിവിടങ്ങളിലും സഹകരണ വകുപ്പിന്റെ പ്രത്യക പരിശോധന നടത്തേണ്ടതുണ്ട്. പരിശോധനാ കാലയളവിൽ പെട്ടെന്ന് സ്വർണം പിൻവലിക്കുന്നുവരുണ്ടോ എന്നും നിരീക്ഷിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ സഹകരണ ബാങ്ക് ഇടപാടുകളിലെ വിശ്വാസ്യത വീണ്ടെടുക്കാൻ കഴിയൂ