കോതമംഗലം: വ്യാജത്തോക്ക് 'മനുഷ്യവേട്ട'ക്കും. അധികൃതർക്ക് കുലുക്കമില്ല.വനം-പൊലീസ് വകുപ്പുകൾ തമ്മിൽ നിലനിൽക്കുന്ന ശീതസമരം വഴിപിരിയുന്നത് ആഭ്യന്തര സുരക്ഷാഭീണിയിലേക്കെന്നും വെളിപ്പെടുത്തൽ.

അനധികൃത തോക്കിൽ നിന്നുള്ള വെടിയേറ്റാണ് അടുത്തിടെ കുട്ടമ്പുഴ ഞായപ്പിള്ളിയിൽ നായാട്ടുസംഘത്തിലെ യുവ എഞ്ചിനിയറർ മരണപ്പെട്ടത്.ഞായപ്പിള്ളി വഴുതനാപ്പിള്ളി ടോണി മാത്യു (25)വാണ് വനത്തിൽ സുഹൃത്ത് ഷൈറ്റിന്റെ കൈവശമുണ്ടായിരുന്ന അനധികൃതോക്കിൽ നിന്നും വെടിയേറ്റ് മരണപ്പെട്ടത്.സംഭവത്തിൽ ടോണിക്ക് ഒപ്പമുണ്ടായിരുന്ന ഷൈറ്റ് ജോസഫ്,ബേസിൽ തങ്കച്ചൻ ,അജീഷ് രാജൻ എന്നിവരെ കുട്ടമ്പുഴ പൊലീസ് അറസ്റ്റുചെയ്‌തെങ്കിലും ഈ സംഭവത്തിന് പിന്നിലെ ദുരൂഹതകൾ ഇനിയും ബാക്കിയാണ്.

ഏറെ വിവാദമായ ഇടമലയാർ ആനവേട്ട കേസ് അന്വേഷണത്തിനിടെ പലഭാഗത്തുനിന്നായി മുപ്പതോളം വ്യാജതോക്കുകൾ കണ്ടെടുത്തിരുന്നു.ഈ തോക്കുകൾ നിർമ്മിച്ചുനൽകിയവരെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു.എന്നാൽ ഇക്കാര്യത്തിൽ ഇക്കൂട്ടർ ചെറുവിരലനക്കാൻ തയ്യാറായില്ല.വനാതിർത്തിയോടുചേർന്നുള്ള ഗ്രാമങ്ങളിലെ ഭൂരിഭാഗം വീടുകളിലും പണ്ടുകാലം മുതൽ തോക്കുകൾ സൂക്ഷിച്ചിരുന്നു.ആയുധനിരോധന നിയമം കർശനമാക്കിയതോടെ ഈ തോക്കുകൾ ഉടമസ്ഥർ പൊലീസിൽ സറണ്ടർ ചെയ്തു.

എന്നാൽ നായാട്ടും ആനവേട്ടയും പതിവാക്കിയ സംഘങ്ങൾ ഈ ഘട്ടത്തിൽ തോക്കുകൾ വനത്തിനുള്ളിലെ പാറക്കെട്ടുകളുടെ അള്ളുകളിലും മറ്റും ഒളിപ്പിച്ച് കൈവശം വയ്ക്കുന്നത് തുടർന്നു.ഇത്തരത്തിൽ സൂക്ഷിച്ചുപോന്നിരുന്ന തോക്കുകളിൽ ചിലതാണ് ഇടമലയാർ ആനവേട്ട കേസന്വേഷണത്തിനിടെ വനംവകുപ്പധികൃതർ കണ്ടെടുത്തത്.

അടിമാലി ആറാംമൈലിലെ രഹസ്യകേന്ദ്രത്തിൽ നിന്നാണ് ആനവേട്ട സംഘങ്ങൾക്ക് തോക്ക് നിർമ്മിച്ച് നൽകിയതെന്ന് വിവരം ലഭിച്ചെന്നും തോക്ക് നിർമ്മാതാവിനെ ഉടൻ പിടികൂടുമെന്നും ആനവേട്ട കേന്വേഷണഘട്ടത്തിൽ ഉദ്യോഗസ്ഥസംഘം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.എന്നാൽ പിന്നീട് ഇത് സമ്പന്ധിച്ച് യാതൊരുവിവരങ്ങളും പുറത്തുവന്നിട്ടില്ല.

അടുത്തിടെ മലയാറ്റുർ ഡിവിഷനിൽ മലയാറ്റൂർ പള്ളിയിലേക്കുള്ള തീർത്ഥാടകരുടെ വേഷത്തിലെത്തിയവരിൽ നിന്നും തോക്കുകണ്ടെടുത്ത സംഭവം പരക്കെ ഭീതി പരത്തിയിരുന്നു.രണ്ടുവർഷത്തിനിടെ ജില്ലയിൽ നിന്നുമാത്രം വനംവകുപ്പ് 20-തോളം വ്യാജതോക്കുകൾ കണ്ടെടുത്തായിട്ടാണ് ലഭ്യമായ വിവരം.ഇതുസംമ്പന്ധിച്ച് വനംവകുപ്പധികൃതർ പൊലീസിന് റിപ്പോർട്ടും നൽകിയിരുന്നു.പൊലീസിൽ റിപ്പോർട്ട് നൽകുന്നതോടെ ഇക്കാര്യത്തിൽ തങ്ങളുടെ റോൾ അവസാനിച്ചെന്നും തുടർനടപടികൾ സ്വീകരിക്കേണ്ടത് പൊലീസാണെന്നുമാണ് വനംവകുപ്പധികൃതരുടെ പക്ഷം.

ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന വിഷയമായിട്ടും ഇക്കാര്യത്തിൽ അധികൃതർ നിസംഗത തുടരുകയാണെന്നും ഭാവിയിൽ ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്.