കണ്ണൂർ: പരിയാരത്തിനടുത്ത തിരുവട്ടൂരിൽ നിന്നും വർഷങ്ങൾക്കുമുമ്പ് ഗൾഫിൽ പോയ ഒരു യുവാവ് ഐസിസിൽ ചേർന്നെന്ന പ്രചാരണം വ്യാജമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. യുവാവിനെക്കുറിച്ച് ഇത്തരം പ്രചാരണം കൊഴുപ്പിച്ചവർക്കെതിരെ പൊലീസ് അന്വേഷണവും ആരംഭിച്ചു.

കേരളത്തിൽ നിന്നും 19 പേർ ഐസിസിൽ എത്തിച്ചേർന്നെന്ന വിവരം ശക്തമായതോടെയാണ് കാണാതായ യുവാക്കളെക്കുറിച്ച് വ്യാജപ്രചാരണവും ഉടലെടുത്തത്. പരിയാരം പൊലീസ് സ്‌റ്റേഷൻ പരിധിയിലെ തിരുവട്ടൂരിൽനിന്നും 20 വർഷം മുമ്പാണ് യുവാവ് ഗൾഫിലേക്ക് പോയത്. ഇയാൾ പിന്നീട് വീട്ടിലേക്ക് വരികയുണ്ടായില്ല. മുസ്ലിം സമുദായത്തിൽപ്പെട്ട ആളായതിനാൽ ഇയാളും ഐസിസിൽ ചേർന്നതായി വ്യാജപ്രചരണക്കാർ പടച്ചുവിടുകയായിരുന്നു.

കുപ്രചരണങ്ങളെത്തുടർന്ന് സ്‌പെഷൽ ബ്രാഞ്ച് പൊലീസ് ഇയാളെക്കുറിച്ച് അന്വേഷണം നടത്തി വകുപ്പു മേധാവികൾക്ക് റിപ്പോർട്ട് നല്കിയിരുന്നു. തീവ്രവാദ പ്രസ്ഥാനങ്ങളുമായി പരിയാരത്തെ ഈ യുവാവിന് ബന്ധമൊന്നുമില്ലെന്നു സ്ഥിരീകരിക്കുകയും ചെയ്തു. വർഷങ്ങൾക്കു മുമ്പ് ഗൾഫിലെത്തിയ യുവാവ് ജോലിചെയ്യുന്ന സ്ഥാപനത്തിലെ ഒരു ഫിലിപ്പൈൻകാരിയെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. അതേ തുടർന്ന് ഇയാൾ നാട്ടിൽ വരാനോ ബന്ധുക്കളെ കാണാനോ യാതൊരു താത്പര്യവും പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ ടെലിഫോൺ വഴി യുവാവുമായി പരിയാരത്തെ ബന്ധുക്കൾ വിശേഷങ്ങൾ അറിയിക്കാറുണ്ടായിരുന്നു. മാത്രമല്ല തളിപ്പറമ്പുകാരായ ഗൾഫ് പ്രവാസികൾ ഗൾഫിൽ വച്ച് ഈ യുവാവിനെ കുടുംബസമേതം കാണാറുമുണ്ട്.

എന്നാൽ അടുത്ത ദിവസങ്ങളിലായി ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക് ചില മലയാളികൾ പോയതായി വാർത്താ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഈ യുവാവിനേയും ആ കണക്കിൽ ചേർക്കാമെന്ന് ചില കുബുദ്ധികൾ തീരുമാനിക്കുകയായിരുന്നു. കാര്യമറിയാതെ ഇയാളെ തീവ്രവാദിയായി ചിത്രീകരിക്കുന്നതിൽ ബന്ധുക്കളും നാട്ടുകാരും അമർഷത്തിലാണ്. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ ഈ യുവാവിന്റെ വിവരങ്ങൾ തേടി തളിപ്പറമ്പിലെത്തിയെന്നുവരെ പ്രചാരണം അഴിച്ചു വിട്ടിരുന്നു. എന്നാൽ ഇതുവരേയും ഒരന്വേഷണ ഏജൻസിയും പരിയാരം പൊലീസ് സ്‌റ്റേഷനിൽ ഈ യുവാവിന്റെ വിവരത്തെക്കുറിച്ച് ആവശ്യപ്പെട്ടിട്ടില്ലെന്ന് എസ്.ഐ.പറയുന്നു.

തിരുവട്ടൂർ സ്വദേശിയായ ഈ യുവാവിനെക്കുറിച്ച് ആരും പരാതി നൽകിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. കുടുംബത്തോടൊപ്പം ഗൾഫിൽ കഴിയുന്ന യുവാവിനെക്കുറിച്ച് എന്തിന്റെ അടിസ്ഥാനത്തിലാണ് പരാതി നൽകേണ്ടതെന്നും ബന്ധുക്കൾ ചോദിക്കുന്നു. വിവിധ കാരണങ്ങളാൽ നാട്ടിൽ വരാത്തവരെ ഐസിസുകാരായ തീവ്രവാദികളാക്കി ചിത്രീകരിക്കുന്ന പ്രവണത വ്യാപകമാവുകയാണ്.