പാറശാല: അതിർത്തിയിൽ പാറശാല പൊലീസ് കർശന പരിശോധന നടത്തവെ ഉച്ച കഴിഞ്ഞാണ് പ്രസ് സ്റ്റിക്കർ പതിച്ച ടൂ വീലർ തമിഴ്‌നാട് ഭാഗത്ത് നിന്നു വന്നത്. പരിശോധന നടത്തുന്ന ബാരിക്കേഡിന് അടുത്ത് എത്തിയപ്പോഴേ ടൂ വീലർ യാത്രക്കാരൻ പൊലീസിനോടു തട്ടി കയറി. എന്തിനാണ് ഈ പരിശോധന... മാധ്യമ പ്രവർത്തകരെ തടയരുതെന്ന് ഇന്നലെയും മുഖ്യമന്ത്രി പറഞ്ഞതല്ലേ എന്ന് ചോദിച്ചായിരുന്നു ആക്രോശം.

ഇതിനിടെ എസ് ഐ ശ്രീജിത്ത് ജനാർദ്ദൻ മാധ്യമ പ്രവർത്തകൻ എന്ന പേരിൽ ബഹളം വെച്ച ആളിനടുത്തേക്ക് എത്തി തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടു. ടൂ വീലർ യാത്രക്കാരൻ കൈമാറിയ ഐഡി കാർഡിന്റെ ഫോട്ടോ എസ് ഐ എടുത്തതോടെ ആക്രോശം എസ് ഐ യോടായി. ഒരു ഘട്ടത്തിൽ തോളിൽ സ്റ്റാർ ഉണ്ടാവില്ലെന്ന് വരെ പറഞ്ഞു.

എസ് ഐ ശ്രീജിത്ത്താനെടുത്ത ഐഡി കാർഡ് പരിചിതരായ മാധ്യമ പ്രവർത്തകർക്ക് വാട്‌സ് ആപ്പിൽ അയച്ചു. സി എസ് ശർമ്മ ബ്യൂറോ ചീഫ് ബിസിനസ് ന്യൂസ് വഴുതക്കാട് തിരുവനന്തപുരം എന്നായിരുന്നു തിരിച്ചറിയൽ കാർഡിലെ വിലാസം.മറ്റു മാധ്യമ പ്രവർത്തകരിൽ നിന്നും ടൂവീലറിൽ എത്തിയത് വ്യാജനായിരിക്കാം എന്ന മറുപടി കിട്ടിയതോടെ പൊലീസ് ശർമ്മയുടെ വാഹനം പരിശോധിച്ചു. ഇയാൾ അപ്പോഴും പൊലീസിന് നേരെ ഭീക്ഷണി മുഴക്കുന്നുണ്ടായിരുന്നു.

പരിശോധനയിൽ 30 കുപ്പി തമിഴ്‌നാട് നിർമ്മിത വിദേശ മദ്യം കിട്ടിയതോടെ മദ്യ കടത്തുകാർ ആണ് ഇവരെന്ന് പൊലീസിന് ബോധ്യമായി അങ്ങനെ കോഴിക്കോട് ബേപ്പൂർ സ്വദേശിയും തിരുവനന്തപുരം വഴുതക്കാട് താമസക്കാരനുമായ ശ്യാം ബാബു ശർമ്മ (58) യേയും കൂട്ടാളി മുരിക്കും പുഴ സ്വദേശി രാജേഷ് (32) നെയും പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് സ്റ്റേഷനിൽ എത്തിച്ച ഇവരെ കൂടുതൽ ചോദ്യം ചെയ്തതോടെ മദ്യം വിൽപ്പനക്ക് വേണ്ടി കടത്തിയതാണെന്ന് സമ്മതിച്ചു.