തൃശൂർ: നാട്ടികയിലും ഒല്ലൂരിലും വടക്കാഞ്ചേരിയിലും യുഡിഎഫ് സ്ഥാനാർത്ഥികൾക്കെതിരെ അപകീർത്തികരമായ വ്യാജരേഖ വിതരണത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. വടക്കാഞ്ചിരിയിലെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണ അറിയിക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയിലൂടെ വ്യാജ കത്താണ് പ്രചരിച്ചത്. കെസിബിസിയുടെ പേരിലാണ് വ്യാജകത്ത് പ്രചരിക്കുന്നത്. വടക്കാഞ്ചേരി മണ്ഡലത്തിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി ക്രൈസ്തവനായതിനാൽ വോട്ടു നൽകണമെന്ന വിധത്തിലാണ് സോഷ്യൽ മീഡിയിൽ കെസിബിസിയടെ ലെറ്റർപാഡിൽ വ്യാജ പ്രചരണം നടക്കുന്നത്. ഹൈന്ദവ സമുദായക്കാർ അനിൽ അക്കരയെ തോൽപ്പിക്കാൻ ശ്രമിച്ചുമെന്നും അതുകൊണ്ട് സമുദായ അംഗങ്ങൾ രാവിലെ തന്നെ വോട്ടു ചെയ്യണമെന്നും ആഹ്വാനം ചെയ്യുന്ന വിധത്തിലാണ് വ്യാജ കത്ത് പ്രചരിച്ചത്.

സമാനമായ പ്രചരണം നടത്തിയതിന് നാട്ടികയിൽ സിപിഐ(എം) ലോക്കൽ കമ്മറ്റി അംഗത്തെ അറസ്റ്റു ചെയ്തു. നാട്ടികയിൽ ഇന്നലെ രാവിലെയാണ് രേഖകൾ കണ്ടെത്തിയത്. തുടർന്നു കെ.വി.ദാസൻ പൊലീസിനും തെരഞ്ഞെടുപ്പു കമ്മിഷനും പരാതി നൽകി. അന്വേഷണത്തെ തുടർന്നാണ് ലോക്കൽ കമ്മറ്റി അംഗവും സിപിഐ(എം) നേതാവുമായ എം.ആർ.ദിനേശനെ വലപ്പാട് എസ്‌ഐ സി.ജി.മധു അറസ്റ്റ് ചെയ്തത്. ഒല്ലൂരിൽ എംപി.വിൻസന്റിന് എതിരെയുള്ള നോട്ടിസുകൾ രാവിലെ വീടുകളിൽ എത്തിക്കുകയായിരുന്നു. വിൻസന്റ് തെരഞ്ഞെടുപ്പു നിരീക്ഷകനും കലക്ടർക്കും പരാതി നൽകി. ടിയന്തര നടപടിക്ക് ഇരുവരും നിർദ്ദേശം നൽകിയതിനെത്തുടർന്നു മണ്ഡലത്തിൽ പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചു പരിശോധന നടത്തി.

അനിൽ അക്കരയ്ക്ക് എതിരെ വടക്കാഞ്ചേരി ഇറങ്ങിയ നോട്ടിസുകൾ മത സംഘടനയുടെ പേരിൽ മത സൗഹാർദം തകർക്കുന്ന രീതിയിലുള്ളതായിരുന്നു. ഇതു വാട്ട്‌സാപ്പിലും പ്രചരിപ്പിച്ചു. തോൽക്കുമെന്ന ഭയമുള്ളവർ നടത്തുന്ന ഇത്തരം പ്രചാരണത്തെ ജനം തിരഞ്ഞെടുപ്പിലൂടെ നേരിടുമെന്നും അതുകൊണ്ടുതന്നെ ഈ ഘട്ടത്തിൽ പരാതി നൽകുന്നില്ലെന്നും അനിൽ അക്കര പറഞ്ഞു. അഴീക്കോട് മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥി എം.വി നികേഷ് കുമാറിനെതിരെ അപകീർത്തികരമായ ലഘുലേഖകൾ പ്രചരിപ്പിച്ച സംഭവത്തിൽ കെ.എം ഷാജി എംഎ‍ൽഎയുടെ പി.എ അറാഫത്ത് അറസ്റ്റിലായി. അഹാഫത്തിന് പുറമെ ഫൈസൽ മൻസൂർ എന്നയാളും അറസ്റ്റിലായിട്ടുണ്ട്. വളപട്ടണം പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

ജനപ്രാധിനിധ്യ നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നികേഷിനെ അപകീർത്തിപ്പെടുത്തുന്ന ലഖുലേഖകൾ മണ്ഡലത്തിൽ പ്രചരിക്കുന്നുണ്ട്. നികേഷിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പതിനൊന്നോളം ലഘുലേഖകൾ യു.ഡി.എഫ് വിതരണം ചെയ്തുവെന്നാണ് ആക്ഷേപം. വളപട്ടണം പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ എൻ.പി മനോരമയുടെ വീട്ടിൽ നിന്നും നികേഷിനെതിരായ ലഖുലേഖകൾ പിടിച്ചെടുത്തിരുന്നു. ഇതുവരെ അര ലക്ഷത്തോളം ലഖുലേഖകൾ പിടിച്ചെടുക്കുകയും പത്തോളം കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. അപവാദ പ്രചരണം നടത്തിയതിന് സ്ഥാനാർത്ഥിയായ കെ.എം ഷാജിക്ക് കണ്ണൂർ കളക്ടർ നോട്ടീന് നൽകുകയും ചെയ്തു.

തൃശൂരിലെ വടക്കാഞ്ചേരിയിൽ അനിൽ അക്കരയ്‌ക്കെതിരെ കെസിബിസി വക്താവ് ഫാദർ, വർഗീസ് വള്ളികാട്ടിന്റെ പേരിലാണ് കത്ത് പ്രചരിക്കുന്നത്. എന്നാൽ, സോഷ്യൽ മീഡിയയിൽ തന്റെ പേരിൽ ദിവസങ്ങളായി പ്രചരിക്കുന്നത് വ്യാജകത്താണെന്ന് ഫാദർ വർഗീസ് വള്ളിക്കാട്ടിൽ മറുനാടൻ മലയാളിയോട് വ്യക്തമാക്കി. കെസിബിസിയുടേതെന്നു പറഞ്ഞു തന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കത്ത് താൻ എഴുതിയതല്ലന്നു ഫാദർ വർഗീസ് വള്ളികാട്ട് മറുനാടൻ മലയാളിയോട് പറഞ്ഞു. വർഗീയത വളർത്തുന്ന വിധത്തിലുള്ള കത്തുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും കെസിബിസി വക്താവ് വ്യക്തമാക്കി. ഇതോടെ പരാതിയുമായി യുഡിഎഫ് കമ്മീഷനും പൊലീസിനും മുന്നിലെത്തിയത്.

നായർ എഴുത്തച്ഛൻ പേരുകൾ പറഞ്ഞു ആളുകളെ കമ്മ്യുണലായി വേർതിരിക്കാൻ ചിലർ നടത്തുന്ന ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണിത്. സഭയിൽ ഉള്ളവർക്ക് ആർക്കും ഇതിൽ പങ്കില്ലെന്നും ഫാദർ വർഗീസ് പറഞ്ഞു. താൻ 2014 ൽ കൊടുത്ത ഒരു പത്രകുറിപ്പ് ആരോ എടുത്തു അതിലെ മാറ്റർ ഫോട്ടോഷോപ്പിലൂടെ മാറ്റി ആരോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു. ഇതിനെതിെര പാലാരിവട്ടം പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും വർഗീസ് വള്ളികാട്ടിൽ പറഞ്ഞു.