മലപ്പുറം: ഒറ്റനമ്പർ ലോട്ടറി തട്ടിപ്പ് തടയാൻ സംസ്ഥാന പൊലീസ് പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം മലപ്പുറത്ത് വ്യപക റെയ്ഡ്. ജില്ലയിലാകെ നടന്ന റെയ്ഡിൽ വിവിധയിടങ്ങളിൽ നിന്നായി 36 പേരെ അറസ്റ്റ് ചെയ്തു. ജില്ലയിലാകെ 35 കേസുകൾ രജിസ്റ്റർ ചെയ്തു. സംസ്ഥാന സർക്കാറിന്റെ ലോട്ടറി നറുക്കെടുപ്പ് കേന്ദ്രീകരിച്ച് നടക്കുന്ന വ്യാജ ലോട്ടറി സംവിധാനമാണ് ഒറ്റ നമ്പർ ലോട്ടറി. സർക്കാർ ലോട്ടറിയുടെ അവസാന നമ്പർ എഴുതി വാങ്ങുകയും വൈകുന്നേരം യഥാർത്ഥി ലോട്ടറിയുടെ ഫലം വരുമ്പോൾ നേരത്തെ എഴുതിയ നമ്പറിന് സമ്മാനമുണ്ടെങ്കിൽ എഴുതിയയാൾക്കും സമ്മാനമടിക്കുന്ന രീതിയാണിത്.

പരമാവധി അയ്യായിരം രൂപവരെയാണ് ഇത്തരം വ്യജലോട്ടറിയിൽ സമ്മാനമായി ലഭിക്കുന്നത്. 10 രൂപയാണ് ഒരുനമ്പറിന്റെ വില. മലപ്പുറം സബ്ഡിവിഷന് കീഴിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. ആകെ 25 കേസുകളാണ് ഇവിടെ മാത്രം രജിസ്റ്റർ ചെയ്തത്. കൊണ്ടോട്ടി പൊലീസ് നടത്തിയ റെയ്ഡിൽ 7 പേരെ അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി,മൊറയൂർ,പുളിക്കൽ എന്നിവിടങ്ങളിലെ അഞ്ച് കടകളിൽ നിന്ന് ഏഴ് പേരെയാണ് അറസ്റ്റ് ചെയ്തത്.

മഞ്ചേരിയിൽ ഇത്തരത്തിൽ തട്ടിപ്പുനടത്തിയ ആറു പേരെ മഞ്ചേരി സി.ഐയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. 11 കേസുകൾ രജിസ്റ്റർ ചെയതു. മഞ്ചേരിയിലെ ആറ് ലോട്ടറി കടകളിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. മഞ്ചേരി പഴയ ബസ്സ്റ്റാന്റ് പരിസരത്തുള്ള മഹാലക്ഷ്മി ലോട്ടറി കട ഉടമ കരുവമ്പ്രം പൊട്ടക്കുളങ്ങര ഉണ്ണികൃഷ്ണൻ (40), സെൻട്രൽ ജങ്ഷനിലെ ജെ.കെ.ലോട്ടറി ഉടമ പുല്ലഞ്ചേരി ഞെണ്ടുകണ്ണി സൈതലവി (40), മഞ്ചേരി പഴയ ബസ്സ്റ്റാന്റിനകത്തെ ഉദയം ലോട്ടറീസ് ഉടമ കരുവമ്പ്രം വെസ്റ്റ് പള്ളിക്കത്തൊടിക അജിത് (26), വിഷ്ണു ലോട്ടറി സെന്റർ ഉടമ മഞ്ചേരി വികാസിലെ ആർ. സുബ്രഹ്മണ്യൻ (54), യു.കെ. ലോട്ടറി കട മാനേജർ മഞ്ചേരി കരുവമ്പ്രം പാക്കറത്ത് ശങ്കരൻ (61), മഞ്ചേരി വിഘ്നേശ്വരാ ലോട്ടറി കട ഉടമ കോളേജ് റോഡിലെ അരീക്കൽ സേതുനാഥൻ (54)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന് ജില്ലാ അടിസ്ഥാനത്തിൽ നടക്കുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായാണ് പൊലീസ് വ്യാപക റെയ്ഡ് നടത്തിയത്. മലപ്പുറം സബ്ഡിവിഷനിൽ മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേബേഷ്‌കുമാർ ബെഹ്റയുടെ നേതൃത്വത്തിൽ മലപ്പുറം സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ്രൈകംബ്രാഞ്ച് ഡിവൈ.എസ്‌പി: പി.എം പ്രദീപ്, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്‌പി: ഉല്ലാസ്, ഡിവൈ.എസ്‌പിമാരായ എംപി മോഹനചന്ദ്രൻ, ജലീൽതോട്ടത്തിൽ, ബിജുഭാസ്‌ക്കർ എന്നിവരുടെ നേതൃത്വത്തിലാണ് വ്യാപക റെയ്ഡ് നടത്തിയത്.

മഞ്ചേരിയിൽ മഞ്ചേരി സി.ഐ എൻ.ബി.ഷൈജുവി െന്റ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് മഞ്ചേരിയിലെ കടകളിൽ പരിശോധന നടത്തി അനധികൃത ലോട്ടറി പിടികൂടിയത്. നേരത്തെ ഇത്തരം ലോട്ടറി നടത്തിയ മഞ്ചേരി, തൃക്കലങ്ങോട്, എളങ്കൂർ എന്നിവിടയങ്ങളിൽ നിന്ന് മൂന്നു കടകളിൽ പരിശോധന നടത്തി വ്യാജ ലോട്ടറി നടത്തിവന്നവരെ അറസ്റ്റ് ചെയ്തിരുന്നു. വ്യജ ലോട്ടറിയിലെ സമ്മാനത്തിന്റെ പേരിൽ നടക്കുന്നത് കള്ളപ്പണം വെളുപ്പിക്കലാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട്. മഞ്ചേരി സി.ഐ എൻ.ബി ഷൈജുവിനെ കൂടാതെ എസ്.ഐമാരായ ഫക്രുദ്ദീൻ, അബ്ദുൽ റഹ്മാൻ, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ഉണ്ണികൃഷ്ണൻ, പി.സഞ്ജീവ്, സജയൻ തുടങ്ങിയവർ റെയ്ഡിന് നേതൃത്വം നൽകി