കണ്ണൂർ: സർക്കാർ ഭാഗ്യക്കുറിക്ക് സമാന്തരമായി ഒറ്റ നമ്പർ ലോട്ടറി കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ വ്യാപകമാവുന്നു. വൈകല്യം ബാധിച്ചവരും അവശരും ഉൾപ്പെടെ ആയിരക്കണക്കിന് കുടു:ബങ്ങൾക്ക് അത്താണിയാകുന്ന ലോട്ടറിവ്യവസായത്തിന്റെ നിലനില്പിനു തന്നെ ഭീഷണിയാവുകയാണ് സമാന്തരലോട്ടറി. ഒറ്റ നമ്പർ ലോട്ടറി എന്നും എഴുത്തു ലോട്ടറിയെന്നും വിളിപ്പേരുള്ള ഈ അനധികൃത ചൂതാട്ടത്തിൽ ആയിരങ്ങളാണ് ദിവസേന അകപ്പെടുന്നത്.

സംസ്ഥാന ലോട്ടറി നറുക്കെടുപ്പിൽ അനുബന്ധമായാണ് ഒറ്റനമ്പർ ലോട്ടറിക്കാരുടെ പ്രവർത്തനം. കേരളാ ലോട്ടറി ടിക്കറ്റിന്റെ അവസാനത്തെ മൂന്നക്ക നമ്പർ ഊഹിച്ചെഴുതിയാണ് ഈ പണം കൊയ്യൽ. ഈ വഴി ലാഭം നേടുന്നത് വൻകിട കച്ചവടക്കാരും, തകരുന്നത് കേരള സംസ്ഥാന ലോട്ടറിയുമാണ്. എഴുത്തു ലോട്ടറി എന്ന പേരിൽ അറിയപ്പെടുന്ന വ്യാജൻ വ്യാപകമായതോടെ സംസ്ഥാന ഭാഗ്യക്കുറിയുടെ വിൽപ്പന കുറഞ്ഞു വരികയാണ്.

സർക്കാർ ലോട്ടറിയായ കാരുണ്യയും കാരുണ്യ പ്ലസും ഇതുവരെയായി 92,458 പേർക്ക് ചികിത്സാ സഹായം നൽകുന്ന പദ്ധതി നടപ്പാക്കിയിരുന്നു. 746.76 കോടി രൂപയാണ് ഇതുവരെയായി നൽകിയിട്ടുള്ളത്. എന്നാൽ ഇത്തരം ക്ഷേമപദ്ധതികൾക്കു പോലും ഭീഷണിയാകുന്ന തരത്തിലാണ് എഴുത്തു ലോട്ടറിയുടെ വ്യാപനം. കണ്ണൂർ, തലശ്ശേരി, ഇരിട്ടി എന്നിവിടങ്ങളിലും കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്, നീലേശ്വരം തുടങ്ങിയ സ്ഥലങ്ങളിലുമാണ് വ്യാജലോട്ടറി കാര്യമായി നടക്കുന്നത്.

പെട്ടെന്നു പണമുണ്ടാക്കാമെന്ന വ്യാമോഹത്താൽ ലോട്ടറി വിൽപ്പനക്കാർ തന്നെ എഴുത്തു ലോട്ടറിയുടെ പിന്നാലെ പോകുന്നുണ്ട്. ദിവസവും നറുക്കെടുക്കുന്ന കേരളാ ലോട്ടറിയുടെ അവസാനത്തെ മൂന്നക്ക നമ്പർ ഊഹിച്ചെഴുതും. തുണ്ടുകടലാസിലാവും ചിലർ നമ്പർ എഴുതുക്കൊടുക്കുക. എഴുത്തുലോട്ടറി ഏജന്റുമാരെ വിളിച്ചോ എസ്.എം.എസ്, ഇമെയിൽ എന്നീ വഴികളിലൂടെയോ മൂന്നക്ക നമ്പർ എഴുതി അയയ്ക്കുകയും ചെയ്യാം. സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പിന് അഞ്ചു മിനുട്ട് മുൻപ് വരെ ഊഹിച്ച നമ്പർ എഴുതാം.

സംസ്ഥാന ലോട്ടറി അടിക്കുന്ന ടിക്കറ്റിന്റെ അവസാന മൂന്നു നമ്പർ, ഊഹിച്ചെഴുതിയ നമ്പരാണെങ്കിൽ എഴുത്തു ലോട്ടറിക്കാരന് ലഭിക്കുന്നത് ഒരു എഴുത്തു ലോട്ടറിക്ക് അയ്യായിരം രൂപവരെയാണ്. പത്തു രൂപയാണ് ഊഹിച്ചെഴുതുന്ന എഴുത്തു ലോട്ടറിയുടെ ചെലവ്. പത്തെണ്ണം വരെ നമ്പർ എഴുതുന്നവരാണ് ഇടപാടുകാരിലധികവും. അങ്ങനെ വരുമ്പോൾ നൂറുരൂപ. അടിച്ചാൽ അമ്പതിനായിരം രൂപ. അങ്ങനെയൊന്നും അടിക്കില്ലെന്നതു വേറേ കാര്യം. കേരളാ ലോട്ടറിക്ക് മുപ്പതു രൂപ മുതൽ വില വരുമ്പോൾ എഴുത്തു ലോട്ടറി എഴുതുന്നവന് 10,000 രൂപ വരെ ചെലവഴിക്കുന്നവരുണ്ട്. സംസ്ഥാന ലോട്ടറിയുടെ അവസാനത്തെ മൂന്നക്കം വച്ചുള്ള ഈ കളിമൂലം പാപ്പരാകുന്നവർ നിരവധിയാണ്.

ഓരോ നമ്പറിനും പ്രത്യേകകോഡ്് നൽകിയാണ് ഈ ഭാഗ്യപരീക്ഷണം. അന്യസംസ്ഥാന ലോട്ടറികൾ കേരളത്തിൽ വിൽപ്പന ചെയ്യുന്നത് നിരോധിച്ചതോടെയാണ് എഴുത്തു ലോട്ടറിക്ക് പ്രചാരമേറിയത്. പത്തു നമ്പർ എഴുതിച്ചാൽ വേഗത്തിൽതന്നെ ഏജന്റിന് 100 രൂപ ലഭിക്കും. വൻ കച്ചവടക്കാർക്ക് ദിവസേന പതിനായിരത്തിൽപരം രൂപയാണ് ഇതിലൂടെ നേടാനാവുക. കമ്പ്യൂട്ടറും മറ്റ് അത്യന്താധുനിക സംവിധാനവും ഉപയോഗിച്ച് വീട്ടിലോ രഹസ്യകേന്ദ്രത്തിലോ ഇരുന്നാണ് സമാന്തരഭാഗ്യക്കുറിയുടെ പ്രവർത്തനം.

ടാക്‌സി സ്റ്റാൻഡുകൾ,അന്യസംസ്ഥാന തൊഴിലാളികളുടെ കേന്ദ്രങ്ങൾ, വ്യാപാരസഥാപനങ്ങൾ, എന്നിവ കേന്ദ്രീകരിച്ചാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് എന്നാൽ ഇവർക്കെതിരെയുള്ള കേസുകൾ കാര്യമായെടുക്കാനാവുന്നില്ല. തുണ്ടു കടലാസും എസ്.എം. എസും വഴിയുള്ള ചൂതാട്ടത്തിന് മറ്റു തെളിവുകളൊന്നുമില്ല എന്നതാണ് പൊലീസിനെ കുഴക്കുന്ന പ്രശ്‌നം. ലോട്ടറി വകുപ്പിലെ മോണിട്ടറിങ്ങ് സെൽ ശക്തിപ്പെടുത്തുകയും ലോട്ടറി ഏജന്റുമാരെ ഇതിൽനിന്ന് അകറ്റാനുള്ള സംവിധാനം ഒരുക്കുകയുമാണ് ആദൃം ചെയ്യേണ്ടത്.

എഴുത്തു ലോട്ടറി വ്യാപകമാവുമ്പോഴും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പൊലീസ് എടുത്ത കേസുകളുടെ എണ്ണം മാസംതോറും ഒന്നു വീതം. വ്യാജലോട്ടറി വ്യാപനം കൊഴുക്കുമ്പോൾ ഭരണകൂടം നോക്കിനിൽക്കുന്ന അവസ്ഥയാണുള്ളത്. രാഷ്ടീയ നേതൃത്വങ്ങളുടെ തണലിൽ തന്നെയാണ് ഈ ചൂതാട്ടം അരങ്ങേറുന്നത്. ലോട്ടറി വകുപ്പും സർക്കാർ പൊലീസും ഈ ചൂതാട്ടത്തിനെതിരെ നടപടി എടുത്തില്ലെങ്കിൽ കേരള ഭാഗ്യക്കുറിക്ക് ചരമക്കുറിപ്പെഴുതേണ്ടി വരും.