വ്യാജവാർത്തകളുടെ കാലമാണിത്. സോഷ്യൽ മീഡിയ ശക്തമായതോടെ, വാർത്തകൾക്കൊപ്പം വ്യാജ വാർത്തകളും പ്രചരിക്കുന്നു. സെലിബ്രിറ്റികളുടെ മരണമടക്കം എത്രയോ വ്യാജവാർത്തകൾ നാം കണ്ടുകഴിഞ്ഞു. ഇന്ത്യയിൽ ശ്രദ്ധ നേടിയ പത്ത് വ്യാജ വാർത്തകളാണ് ചുവടെ.

  1. മോദിക്ക് യുനെസ്‌കോ അവാർഡ്:- യുനെസ്‌കോയുടെ പേരിലാണ് ഇക്കൊല്ലം വ്യാജവാർത്തളേറെയും ഇറങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിെ ഏറ്റവും മികച്ച പ്രധാനമന്ത്രിയായി യുനെസ്‌കോ തിരഞ്ഞെടുത്തു എന്നതായിരുന്നു വാട്‌സാപ്പിലൂടെ പ്രചരിച്ച വ്യാജ വാർത്തകളിലൊന്ന്.

  2. ജനഗണമനയ്ക്കും യുനെസ്‌കോ പുരസ്‌കാരം:- ലോകത്തേറ്റവും മികച്ച ദേശീയ ഗാനമായി ജനഗണമനയെ അൽപം മുമ്പ് തിരഞ്ഞെടുത്തുവെന്നും ഇന്ത്യക്കാരനായതിൽ അഭിമാനിക്കൂവെന്നും സൂചിപ്പിച്ചുകൊണ്ടുള്ള സന്ദേശങ്ങളും ഏറെ പ്രചാരം നേടി. 2008 മുതൽക്ക് പ്രചരിക്കുന്ന വ്യാജ വാർത്തയാണിത്.

  3. 2000 നോട്ടിനും പുരസ്‌കാരം:- ഇന്ത്യ പുതിയതായി പുറത്തിറക്കിയ 2000 രൂപ നോട്ടിനും യുനെസ്‌കോ പുരസ്‌കാരം നൽകിയെന്ന വാർത്ത പ്രചരിച്ചു. ഏറ്റവും മികച്ച കറൻസിക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ചത് യുനെസ്‌കോയുടെ കൾച്ചറൽ അവയർനെസ് ഡിപ്പാർട്ട്‌മെന്റ് തലവൻ സൗരഭ് മുഖർജിയാണെന്നും വാർത്ത തുടർന്നു.

  4. പുതിയ നോട്ടുകളിൽ ജിപിഎസ്:- കള്ളപ്പണം തടയാൻ 1000, 5000 രൂപ നോട്ടുകൾ പിൻവലിച്ച് പുറത്തിറക്കിയ 2000-ന്റെയും 500-ന്റെയും നോട്ടുകളിൽ ജിപിഎസ് സംവിധാനമുണ്ടെന്നായിരുന്നു മര്‌റൊരു വാർത്ത. 120 അടി താഴ്ചയിൽവരെ കുഴിച്ചിട്ടാലും നോട്ടുകൾ കണ്ടെത്താനാകുമെന്നുവരെ തട്ടിപ്പുവാർത്തകൾ പ്രചരിച്ചു. ഇതില്ലെന്ന് സർക്കാരിന് പ്രസ്താവന ഇറക്കേണ്ടിവന്നു.

  5. പുതിയ നോട്ടുകളിൽ റേഡിയോ ആക്ടീവ് ലിങ്ക്:- ജിപിഎസ് വാർത്ത പൊളിഞ്ഞെങ്കിലും പുതിയ നോട്ടിൽ റേഡിയോ ആക്ടീവ് ഐസോടോപ്പ് ഉപയോഗിച്ചിട്ടുണ്ടെന്ന വ്യാജവാർത്ത അടുത്തിടെ പ്രത്യക്ഷപ്പപെട്ടു. ഫോസ്ഫറസ് (പി32) ഐസോട്ടോപ്പാണ് ഉപയോഗിച്ചിരിക്കുന്നതെന്നും നോട്ട് ശേഖരം കണ്ടെത്താൻ ആദായനികുതി വകുപ്പ് ഇതുപയോഗിക്കുകയാണെന്നും പ്രചരിക്കപ്പെട്ടു.

  6. പ്രൊഫൈൽ പിക്ചറും ഐസിസും:- വാട്‌സാപ്പിലെ പ്രൊഫൈൽ ഫോട്ടോകൾ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർ ദുരുപയോഗം ചെയ്യുമെന്നായിരുന്നു മറ്റൊരു വാർത്ത. പ്രൊഫൈൽ ഫോട്ടോകൾ ഡിലീറ്റ് ചെയ്യാൻ ഡൽഹി പൊലീസ് കമ്മീഷണർ ആവശ്യപ്പെട്ടുവെന്നായിരുന്നു വാർത്ത. 25 ദിവസം വരെയെങ്കിലു ഇത് തുടരാൻ വാട്‌സാപ്പിന്റെ സിഇഒ ആവശ്യപ്പെട്ടുവെന്നും വാർത്തയിലുണ്ടായിരുന്നു.

  7. പത്തുരൂപ നാണയവും അസാധു:- നോട്ട് പിൻവലിക്കലിനെത്തുടർന്ന് പലതരത്തിലുള്ള വ്യാജവാർത്തകളാണ് പ്രചരിച്ചത്. പത്ത് രൂപ നാണയങ്ങൾ റിസർവ് ബാങ്ക് പിൻവലിച്ചു എന്നതായിരുന്നു അതിലൊന്ന്. ആഗ്ര, ഡൽഹി, മീററ്റ് എന്നിവിടങ്ങളിൽ ഇതിന്റെ ഉപയോഗം നിരോധിച്ചതായാണ് വാട്‌സാപ്പിലൂടെ പ്രചരിച്ചത്.

  8. ജയലളിതയുടെ അമേരിക്കൻ മകൾ:- അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് രഹസ്യ ബന്ധത്തിൽ ഒരു മകളുണ്ടെന്നും അവർ അമേരിക്കയിൽ താമസിക്കുകയാണെന്നുമായിരുന്നു മറ്റൊരു വാർത്ത. ഒരു ചിത്രവും ഇതിനൊപ്പം പ്രചരിച്ചിരുന്നു. എന്നാൽ, ഓസ്‌ട്രേലിയയിൽ താമസിക്കുന്ന യുവതിയാണ് ചിത്രത്തിലുള്ളതെന്ന് പിന്നീട് വിശദീകരിക്കപ്പെട്ടു.

  9. 7500 കിലോമീറ്ററോളം ദൈർഘ്യമുള്ള കടൽത്തീരമുള്ള ഇന്ത്യയിൽ ഉപ്പുക്ഷാമമോ? : -വാട്‌സാപ്പിൽ ഇക്കൊല്ലം അത്തരമൊരു ക്ഷാമവും പ്രചരിക്കപ്പെട്ടു. രാജ്യത്തിന്റെ ചില ഭാഗഗങ്ങളിൽ ഉപ്പിന് വലിയതോതിൽ വിലകൂടാനും ഈ വ്യാജവാർത്ത ഇടയാക്കി. പടിഞ്ഞാറൻ യു.പി., ഡൽഹി, മഹാരാഷ്ട്ര, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് കൂടുതൽ ബാധിച്ചത്.

  10. നെഹ്‌റു ഭരണം വടവൃക്ഷമോ?:- ചുവട്ടിൽ മറ്റൊന്നിനെയും വളരാൻ അനുവദിക്കാത്ത വടവൃക്ഷമായി നെഹ്‌റുഭരണത്തിന്റെ ശേഷിപ്പുകൾ ഇന്ത്യയിൽ നിലനിൽക്കുകയാണെന്ന് ബിബിസി ഇന്ത്യ ബ്യൂറോ ചീഫ് മാർക്ക് ടുള്ളി വിലയിരുത്തിയതായുള്ള വാർത്തയും സോഷ്യൽ മീഡിയ ഏറെ ആഘോഷിച്ചു. ഇതിൽനിന്ന് ഇന്ത്യയെ രക്ഷപ്പെടുത്താൻ അദ്ദേഹം മോദിയുടെ സഹായമഭ്യർഥിച്ചതായും വാർത്തയിലുണ്ടായിരുന്നു.