തിരുവനന്തപുരം: ബിജെപിക്കുള്ളിൽ ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും തമ്മിലുള്ള പടലപ്പിണക്കം സൈബറിലത്തിൽ മുതലെടുത്തു സിപിഎം സഖാക്കൾ. ശോഭാ സുരേന്ദ്രന്റെ പേരിൽ വ്യാജമായി സൃഷ്ടിച്ച സ്‌ക്രീൻഷോട്ട് സൈബർ ഇടത്തിൽ പ്രചരിപ്പിച്ചുകൊണ്ടാണ് പ്രചരണം കൊഴുക്കുന്നത്. ഏതാനും ദിവസങ്ങളായി വാട്‌സ് ആപ്പു ഗ്രൂപ്പുകളലും ഫേസ്‌ബുക്കിലും ഈ മനോരമ ഓൺലൈനിന്റെ പേരിൽ ചേർത്തു വെച്ചുകൊണ്ടുള്ള വ്യാജപ്രചരണം കൊഴുക്കുന്നത്.

തൃപ്തി ദേശായി ശബരിമല സന്ദർശിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ നിർദ്ദേശ പ്രകാരമാണെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞതായി കാട്ടി മനോരമ ഓൺലൈനിന്റേതെന്ന വിധത്തിലാണ് വ്യാജവാർത്ത പ്രചരിക്കുന്നത്. ഈ വാർത്ത തെറ്റാണെന്ന് മനോരമ ഓൺലൈൻ വിഭാഗവും വ്യക്തമാക്കി. ബിജെപി നേതാവായ ശോഭ സുരേന്ദ്രനുമായി സംസാരിച്ച് തയാറാക്കിയെന്ന രീതിയിലാണ് വ്യാജവാർത്ത പ്രചരിക്കുന്നത്. ഇത്തരം വ്യാജ വാർത്തകൾക്കെതിരെ മനോരമ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. മനോരമ ഓൺലൈനോട് ശോഭ സുരേന്ദ്രൻ ഇത്തരമൊരു പ്രതികരണം നടത്തിയിരുന്നില്ലെന്നും മനോരമ അറിയിച്ചു.

അതേസമയം വാർത്തകൾ നിഷേധിച്ചു കൊണ്ട് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്തെത്തി.യ 'ഇത്തരം പിതൃശൂന്യ വാർത്തകൾ പ്രചരിപ്പിക്കുന്ന ഇടതു ജിഹാദി സൈബർ സംഘങ്ങൾ കരുതിയിരിക്കണമെന്നും ശക്തമായ നിയമനടപടി നേരിടേണ്ടി വരുമെന്നും' കെ.സുരേന്ദ്രൻ പ്രതികരിച്ചു.

മനോരമ ഓൺലൈനിന്റെ പേരിൽ വ്യാജ സ്‌ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന സിപിഎം-ജിഹാദി സൈബർ ക്രിമിനലുകൾക്കെതിരെ നിയമനടപടി സ്വീകരിക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയുടേയും എൻ.ഡി.എയുടേയും മുന്നേറ്റം തടയാനുള്ള അവസാനത്തെ അടവാണ് ഇത്തരം നീചമായ പ്രചരണങ്ങൾ. ഇതുകൊണ്ടൊന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവില്ലെന്ന് സിപിഎമ്മും ജിഹാദികളും മനസിലാക്കണം. സോഷ്യൽ മീഡിയയിലെ സൈബർ ഗുണ്ടായിസം ഇടതുപക്ഷത്തിന്റെ പതനത്തിന്റെ ശക്തി കൂട്ടുക മാത്രമേ ചെയ്യൂ.- സുരേന്ദ്രൻ അറിയിച്ചു.

നേരത്തെ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി എംഎൽഎയ്ക്കു ശാരീരിക ബുദ്ധിമുട്ടുകളുള്ളതിനാൽ വിദേശത്ത് ചികിത്സയ്ക്കു പോകുകയാണെന്നു കാട്ടി മനോരമ ഓൺലൈനിന്റെ സമാനമായ സ്‌ക്രീൻഷോട്ടുമായി സമൂഹമാധ്യമങ്ങളിൽ നേരത്തെയും വ്യാജ വാർത്ത പ്രചരിച്ചിരുന്നു.