കോഴിക്കോട്: അന്യസംസ്ഥാന തൊഴിലാളികളെ മലയാളികൾ കൂട്ടക്കൊല ചെയ്യുകയാണെന്ന വാട്‌സാപ്പ് പ്രചാരണത്തിന് പിന്നിൽ ഉത്തരേന്ത്യ കേന്ദ്രീകരിച്ച ആസൂത്രിത നീക്കമെന്ന് പൊലീസ്. ഉത്തരേന്ത്യയിൽ നടന്ന പല അക്രമങ്ങളിൽനിന്ന് എടുത്ത ദൃശ്യങ്ങളും, ഇന്റനെറ്റിൽനിന്ന് എടുത്ത ചിത്രങ്ങളും ഫോട്ടോഷോപ്പ് ചെയ്ത് ആസൂത്രിതമായാണ് ബംഗാളികൾ അടക്കമുള്ള അന്യസംസ്ഥാനക്കാരിൽ ഭീതി ജനിപ്പിച്ചതെന്ന് വാട്‌സാപ്പ് സന്ദേശങ്ങൾ പരിശോധിച്ച അധികൃതർക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.

ഡി.സി.പി മെറിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോഴിക്കോട്ട് രണ്ടു ദിവസമായി ഇത്തരം സന്ദേശങ്ങൾ പരിശോധിച്ചുവരികയാണ്. കേരളത്തെ മോശമായി ചിത്രീകരിക്കാൻ ചില സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ നടന്നതിയ വിദ്യയാണോ ഇതെന്നെന്നും സംശയമുണ്ട്. ഇത്തരം ചില സംഘനകളുടെ വെബ്‌സൈറ്റിൽ വന്ന വാർത്തകളും ലേഖനങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

കോഴിക്കോട്ടെ ഒരു ഹോട്ടലിൽ ജോലിചെയ്യുന്ന ബംഗാളിലെ കൊന്ന് കെട്ടിത്തൂക്കിയെന്ന് ശബദ്‌സന്ദേശമാണ് ഇതിൽ ഏറ്റവും കൂടുതൽപേർ കൈമാറിയിട്ടുള്ളത്. പൂർണമായും വ്യാജമായ ഈ സംഭവം അനുഭവസ്ഥനെപ്പോലെ ഒരാൾ ഹിന്ദിയിലും ബംഗാളിയിലും വിശദീകരിക്കയാണ്. അതുപോലെതന്നെ ഇൻർനെറ്റിൽനിന്ന് എടുത്ത കൈപ്പത്തിയും വിരലുകളും മുറിച്ച ദൃശ്യങ്ങളും, മൃതദേഹം ഫാനിൽ കെട്ടിത്തൂക്കിയതും, തലക്കടിച്ച് കൊന്നതുമായ ദൃശ്യങ്ങളുമൊക്കെ മലയാളികൾ അന്യസംസ്ഥാനക്കാരെ കൊന്നതാണെന്ന് പറഞ്ഞ് പ്രചരിക്കുന്നുണ്ട്. ഉത്തരേന്ത്യയിൽ നടന്ന കലാപത്തിന്റെ ദൃശ്യങ്ങൾപോലും ഇങ്ങനെ കേരളത്തിന്റെ അക്കൗണ്ടിലുണ്ട്.

ആർക്കെങ്കിലും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ കഴിയുന്നവയല്ല ഇതെന്നും ഒരു വിദഗ്ധമായ സംഘം പിന്നിലുണ്ടെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിരീക്ഷണം.പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വ്യാജ വാട്‌സ് ആപ്പ് സന്ദേശം എറ്റവും കൂടുതൽ പ്രചരിച്ചത്. മലയാളികൾ ഇതര സംസ്ഥാന തൊഴിലാളികളെ മർദ്ദിച്ചു കൊല്ലുകയാണെന്നും എത്രയും പെട്ടന്ന് നാട്ടിൽ തിരിച്ചത്തെണമെന്നുമാണ് പലതിന്റെയും ഉള്ളടക്കം. ആത്മഹത്യ ചെയ്തവരുടെയും അപകടങ്ങളിൽ മരിച്ചവരുടെയും ചിത്രങ്ങൾപോലും കേരളം കൊന്നവരുടെ അക്കൗണ്ടിലുണ്ട്.

ഇത്തരം ദൃശ്യങ്ങളും ശബ്ദ സന്ദേശങ്ങളും കേരളത്തിൽ ജോലിചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾക്കല്ല ആദ്യം ലഭിച്ചത്. അവരുടെ വീട്ടുകാർക്കാണ്. ഇതോടെ പരിഭ്രാന്തരായ ബന്ധുക്കളും നാട്ടുകാരും അന്യസംസ്ഥാന തൊഴിലാളികളെ നാട്ടിലേക്ക് മടങ്ങാൻ നിർബന്ധിക്കയാണ്.ഇതിനിടെ ഒരു ഇതര സംസ്ഥാന തൊഴിലാളിയും അദ്ദേഹത്തിന്റെ അമ്മയും തമ്മിലുള്ള ഫോൺ സംഭാഷണവും സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്.

കേരളത്തെക്കുറിച്ചുള്ള വ്യാജ വാർത്ത കേട്ട് കേരളം സുരക്ഷിതമല്‌ളെന്നും വേഗം നാട്ടിലേക്ക് വരണമെന്നും പറയുന്ന അമ്മയോട് മകൻ, കേരളം സുരക്ഷിതമാണെന്നും ജാതിയുടെ പേരിലുള്ള പ്രശ്‌നങ്ങളൊന്നും ഇവിടെയില്‌ളെന്നും പറയുന്നുണ്ട്. ജീവിക്കാൻ ഏറ്റവും സുരക്ഷിതമായ സംസ്ഥാനമാണ് കേരളമെന്ന് പറയുന്ന അദ്ദേഹം കേരളത്തിലെ നല്ല ഭക്ഷണത്തെക്കുറിച്ച് ഉൾപ്പെടെ സംസാരിക്കുന്നുണ്ട്.

അതേസമയം ഈ ഭീതികൊണ്ടാല്ലാതെ ദീപാവലി സീസൺ ആയതിനാൽ കുറേ തൊഴിലാളികൾ സ്വാഭാവികമായും നാട്ടിലേക്ക് മടങ്ങിയിട്ടുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നുണ്ട്. ദീപാവലി അവധി കഴിഞ്ഞാൽ ഇവർ മടങ്ങിയത്തെുന്നതോടെ തൊഴിലാളി ക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമാവുമെന്നും പറയുന്നുണ്ട്.