- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളനോട്ട് മാറിയെടുക്കാൻ വേണ്ടി സിഡിഎമ്മിൽ കൊണ്ടു പോയി സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു; ബാങ്ക് അധികൃതർ തിരിച്ചറിഞ്ഞ് നോട്ട് ഇട്ടവരെ കണ്ടെത്തി; പത്തനംതിട്ടയിൽ ഒരാൾ അറസ്റ്റിൽ: നോട്ട് വന്നതെവിടെ നിന്നെന്ന് വ്യക്തതയില്ല
പത്തനംതിട്ട: കൈവശം വന്നു ചേർന്ന കള്ളനോട്ടുകൾ കടകളിൽ കൊണ്ടു പോയി മാറിയെടുക്കുന്നത് ബുദ്ധിമുട്ടായതിനാൽ ക്യാഷ് ഡെപ്പോസിറ്റ് മെഷിൻ മുഖേനെ സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. മെഷിനിൽ നിന്ന് പണമെടുത്ത ബാങ്ക് അധികൃതർ കള്ളനോട്ട് കണ്ട് ഞെട്ടി. അക്കൗണ്ട് ഉടമയുടെ വിശദവിവരങ്ങളും ഇടാൻ വന്നയാളുടെ സിസിടിവി ദൃശ്യങ്ങളും സഹിതം ബാങ്ക് മാനേജർ പൊലീസിൽ നൽകിയ പരാതിയിൽ ഒരാൾ അറസ്റ്റിൽ.
മൂന്നു പേർ പൊലീസിന്റെ നിരീക്ഷണത്തിൽ. അഴൂർ വേളൂരേത്ത് ശബരീനാഥി (31)നെയാണ് പൊലീസ് ഇൻസ്പെക്ടർ ജി. സുനിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലിനാണ് ഐസിഐസിഐ ബാങ്കിന്റെ സിഡിഎമ്മിൽ 5000 രൂപ ശബരീനാഥ് നിക്ഷേപിച്ചത്. നിതിൻ എന്നയാളുടെ അക്കൗണ്ടിലേക്കായിരുന്നു പണം ഇട്ടത്. ഇതിൽ അഞ്ഞൂറിന്റെ അഞ്ച് കള്ളനോട്ടുകൾ ഉണ്ടായിരുന്നു. ബാങ്ക് മാനേജരുടെ പരാതി പ്രകാരം നിതിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴാണ് പണമിട്ടത് ശബരിയാണെന്ന് അറിഞ്ഞത്. തുടർന്ന് ഇയാളെയും വരുത്തി.
അഖിൽ എന്ന യുവാവാണ് തനിക്ക് പണം നൽകിയത് എന്നായിരുന്നു ശബരിയുടെ മൊഴി. അഖിലാകട്ടെ, കൊല്ലം സ്വദേശിയാണ് നോട്ടുകൾ തനിക്ക് കൈമാറിയതെന്ന് പൊലീസിനോട് പറഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തിന് ശേഷം നോട്ട് സിഡിഎമ്മിൽ ഇട്ടയാളെന്ന നിലയിൽ ശബരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. നോട്ടിന്റെ ഉറവിടം കണ്ടെത്താൻ വേണ്ടി ശബരിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. മറ്റ് രണ്ടു പേരെയും പൊലീസ് നിരീക്ഷിച്ചു വരികയാണ്. ഇവരെ കേസുമായി ബന്ധിപ്പിക്കുന്നതിന് ആവശ്യമായ തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ശബരി. സംഭവം ആസൂത്രിതമാണെന്നാണ് പൊലീസ് കരുതുന്നത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്