കൊച്ചി: 2000 രൂപയുടെ വ്യാജ നോട്ടുകൾ നിർമ്മിച്ച് എസ്‌ബിഐ, ഫെഡറൽ ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ സിഡിഎമ്മിൽ നിക്ഷേപിച്ച് തട്ടിപ്പും നടത്തിയ അമ്മയും മകനും അറസ്റ്റിൽ. സിഡിഎം തട്ടിപ്പു നടത്തിയ പാല സ്വദേശി അരുൺ സെബാസ്റ്റ്യനും(29) സഹകരണ ബാങ്കിലെ ചെസ്റ്റിൽ നിന്നും അമ്പത് ലക്ഷം രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയ കാഷ്യർ മറിയാമ്മ സെബാസ്റ്റ്യനുമാണ്(63) അറസ്റ്റിലായത്. സാമ്പത്തിക തട്ടിപ്പ് പുറത്തുവന്നതിനെ തുടർന്ന് പാലായിൽ നിന്നും മുങ്ങിയ ഇരുവരെയും എറണാകുളത്ത് ഒളിവിൽ താമസിക്കുമ്പോഴാണ് അറസ്റ്റു ചെയ്തത്. മകന്റെ കള്ളനോട്ടടിക്ക് അമ്മയും കൂട്ടു നിൽക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഫോട്ടോസ്റ്റാറ്റ് മെഷീനും പ്രിന്ററുമുൾപെടെയുള്ള ഉപകരണങ്ങളും ഇവർ താമസിച്ചിടത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്.

പാലായിലെ സഹകരണ സ്ഥാപനത്തിന്റെ ഹെഡ് ഓഫീസിൽ കാഷ്യറായിരുന്നു മറിയാമ്മ. കാഷ്യർ മറിയാമ്മയാണ് ബാങ്ക് ലോക്കറിലെ ചെസ്റ്റിൽനിന്ന് പലപ്പോഴായി അരക്കോടിയിൽപരം രൂപാ തട്ടിയെടുത്ത്. ഇവരുടെ മകൻ അരുൺ നടത്തിയ കള്ളനോട്ട് ഇടപാടുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തെ തുടർന്നാണ് ബാങ്കിലെ പണം തിരിമറി നടത്തിയത് അധികൃതരുടെ ശ്രദ്ധയിൽപെട്ടത്. ഇതോടെ സേഫിന്റെ താക്കോൽ സെക്യൂരിറ്റി ജീവനക്കാരനെ എൽപ്പിച്ച് ഇവർ മുങ്ങുകയായിരുന്നു.

വർഷങ്ങളായി ബാങ്കിന്റെ ഹെഡ് ഓഫീസിൽ കാഷ്യറാണ് മറിയാമ്മ . പ്രതികളുടെ ബന്ധുവീടുകളും ഇവർ പോകാൻ സാധ്യതയുള്ള മറ്റ് സ്ഥലങ്ങളിലും പൊലീസ് തെരച്ചിൽ നടത്തി. രണ്ടായിരത്തിന്റെ കള്ളനോട്ട് നിർമ്മിച്ച് ഇടപാടുനടത്തുന്ന അരുണിന് വിവിധ ബാങ്കുകളിലായി ഒരു കോടി രൂപ കടബാധ്യതയുണ്ടായിരുന്നു. ഈ കടം വീട്ടാനും ആഡംബര ജീവിതം നയിക്കുന്നതിനുമാണ് ഇയാൾ കള്ളനോട്ട് ഇടപാടുകളിലേക്ക് തിരിഞ്ഞത്.

കള്ളനോട്ടുകൊണ്ട് അത്യാഢംബര ജീവിതമായിരുന്നു ഇവർ നയിച്ചിരുന്നത്. എറണാകുളത്ത് ''കാഞ്ഞിരപ്പള്ളി അച്ചായൻ എന്ന പേരിൽ അറിയപ്പെടുന്ന ഇയാൾ സ്വന്തം കാറിൽ സ്ഥിരമായി എറണാകുളത്ത് എത്തിയിരുന്നതായും നിരവധി യുവതികളുമായി വഴിവിട്ട ബന്ധം ഉണ്ടായിരുന്നതായും പറയുന്നു. അത്യാഢംബര ജീവിതം നയിക്കാൻ തുടങ്ങിയതോടെ തന്നെയാണ് ഇയാൾ കോടികളുടെ കടക്കാരനായി മാറിയതും.

ബാങ്ക് ലോക്കർ ചെസ്റ്റിൽനിന്ന് 50.60 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ സ്ഥാപനത്തിലെ മാനേജർ, തട്ടിപ്പ് കണ്ടെത്തിയ മാനേജരുടെ ചുമതല ഉണ്ടായിരുന്ന ജീവനക്കാരി, കാഷ്യർ മറിയാമ്മ സെബാസ്റ്റ്യൻ എന്നിവരെ സസ്‌പെന്റ് ചെയ്തിരുന്നു. മാനേജരും കാഷ്യറും ചേർന്നാണ് ലോക്കറിൽനിന്ന് ക്യാഷ് കൗണ്ടറിലേക്ക് പണം എടുക്കുന്നതും തിരികെ നിക്ഷേപിക്കുകയും ചെയ്യുന്നത്. പലപ്പോഴായി മനേജരും പിന്നീട് വന്ന ചുമതലക്കാരിയും ഇതിൽ വീഴ്ച വരുത്തിയതാണ് ലോക്കർ ചെസ്റ്റിറ്റിൽനിന്ന് പണം തട്ടാൻ കാഷ്യർക്ക് അവസരം ഒരുക്കിയതെന്നാണ് അറിയുന്നത്.

സി ഐ രാജൻ കെ അരമന, എസ് ഐ അഭിലാഷ് കുമാർ എഎസ്‌ഐമാരായ അനിൽകുമാർ, രാജേഷ് വനിത സി പി ഒ മാരായ ബിന്ദു, രഞ്ജിനി തുടങ്ങിയവർ ചേർന്നാണ് ഇവരെ കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്. അഴിഞ്ഞ ഒരു മാസത്തോളമായി നാട്ടിൽ നിന്നും മുങ്ങിയ ഇവരെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് കണ്ടെത്തിയതെന്ന് എസ് ഐ അഭിലാഷ് കുമാർ മറുനാടനോട് വ്യക്തമാക്കി.

2000 ത്തിന്റെ സാധാവെള്ള പേപ്പറിലുള്ള കളർ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ് അരുൺ ബാങ്കിന്റെ എ ടി എം കൗണ്ടറുകളിൽ സ്ഥാപിച്ചിട്ടുള്ള പണം നിക്ഷേപിക്കുന്ന മെഷീനുകളിൽ നിക്ഷേപിച്ചിരുന്നത്. തട്ടിപ്പിന് കൂട്ടുനിന്ന അരുണിന്റെ സുഹൃത്തുക്കളായ സുരേഷ് പി തങ്കപ്പൻ ,അനൂപ് എന്നിവരെയും അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.