മലപ്പുറം: മലപ്പുറത്ത് രണ്ടായിരം രൂപയുടെ വ്യാജ നോട്ടടി നിർമ്മാണവും സമ്മാനർഹമായ വ്യാജ ലോട്ടറി ടിക്കറ്റുകളും നിർമ്മാണവും. സംഘത്തിലെ രണ്ടുപേരെ മലപ്പുറം പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി കാസറഗോഡ് ചിറ്റാരിക്കൽ കമ്പല്ലൂരിലെ അഞ്ചാനിക്കൽ അഷറഫ് എന്ന ജെയ്സൺ(48), രണ്ടാംപ്രതി കേച്ചേരി പാറപ്പുറം ചിറനെല്ലൂർ പാറപ്പുറം പ്രജീഷ്(37) എന്നിവരെയാണ് പെരുമ്പടപ്പ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.എം. വിമോദും സംഘവും അറസ്റ്റ് ചെയ്തത്.

പെരുമ്പടപ്പ് കാട്ടുമാടം സ്വദേശിയും ലോട്ടറി വില്പനക്കാരനുമായ കൃഷ്ണൻകുട്ടി എന്നയാളെ കഴിഞ്ഞ ജൂലൈ 30ന് രാവിലെ പെരുമ്പടപ്പ് ബ്ലോക്ക് ഓഫീസിന് സമീപത്തുള്ള അണ്ടത്തോട് സർവ്വീസ് സഹകരണ ബാങ്കിന് മുൻവശം റോഡിൽ വെച്ച് ലോട്ടറി വിൽപ്പൻ നടത്തുന്ന സമയത്ത് സ്‌കൂട്ടറിലെത്തിയ രണ്ടുപേർ 2000 രൂപയുടെ വ്യാജ ഇന്ത്യൻ കറൻസി കൈമാറി 600 രൂപയുടെ ടിക്കറ്റ് എടുത്ത് 1400 രൂപ ബാക്കി വാങ്ങി തട്ടിപ്പ് നടത്തിയയതായി പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്നു സംഭവത്തിൽ പെരുമ്പടപ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്നാണു പ്രതികളുടെ തട്ടിപ്പിനെകുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിക്കുന്നതും പ്രതികളെ പിടികൂടുന്നതും.

മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ദാസിന്റെ നേതൃത്വത്തിൽ തിരൂർ ഡി.വൈ.എസ്‌പി: വി.വി.ബെന്നി യുടെ മേൽനോട്ടത്തിൽ പെരുമ്പടപ്പ് ഇൻസ്പെക്ടർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരിൽനിന്നും രണ്ടുമൊബൈൽ ഫോണുകളും 2970/ രൂപയും 31 വ്യാജ ലോട്ടറികളും ഇവർ സഞ്ചരിച്ചിരുന്ന കെ.എൽ 51, എൽ 1214 എന്ന വ്യാജ രജിസ്ട്രേഷനിലുള്ള ടി.വി എസ് എൻഡോർക്ക് വാഹനവും പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് രണ്ടാം പ്രതി പ്രജീഷിന്റെ കുന്ദംകുളം ആഞ്ഞൂരുള്ള വാടക ക്വാർട്ടേഴ്സ് പരിശോധിച്ചതിൽ 2000/ രൂപയുടെ മറ്റൊരു വ്യാജ ഇന്ത്യൻ കറൻസി നോട്ടും, വ്യാജ ഇന്ത്യൻ കറൻസിയും വ്യാജ ലോട്ടറിയുടേയും നിർമ്മാണത്തിനുപയോഗിക്കുന്ന സാമഗ്രഹികളും കണ്ടെടുത്തിട്ടുള്ളതാണ്.

കാസർഗോഡുകാരനായ അഷറഫാണ് കമ്പ്യൂട്ടർ ഉപയോഗിച്ച് വ്യാജ ഇന്ത്യൻ കറൻസിയും വ്യാജ ലോട്ടറി ടിക്കറ്റും നിർമ്മിക്കുന്നത്. ഇരുവരും 2021ൽ കാസർഗോഡ് ചന്തേര പൊലീസ് സ്റ്റേഷനിലും അമ്പലത്തറ പൊലീസ് സ്റ്റേഷനും സമാനമായ കള്ളനോട്ട് കേസുകളിൽ പെട്ട് ജയിലിൽ കിടന്നതിനു ശേഷം ജൂലൈ മാസത്തിൽ ജയിലിൽ നിന്നും പുറത്തിറങ്ങിയ പ്രതികൾ കാസർകോട് നിന്ന് വ്യാജ കറൻസിയുടെയും വ്യാജ ലോട്ടറിയുടെയും നിർമ്മാണ കേന്ദ്രം കുന്നംകുളത്തെ ആഞ്ഞൂരിലേക്ക് മാറ്റുകയായിരുന്നു.

2000/ രൂപയുടെ ടിക്കറ്റുകളാണ് വ്യാജ നിർമ്മിതിയിൽ കൂടുതലുള്ളത് എന്നതും സഞ്ചരിക്കുന്ന എൻഡോർക്ക് വാഹനത്തിന്റെ കെ.എൽ 48 എൻ162 എന്ന ഒറിജിനൽ നമ്പർ മാറ്റി പകരം കെ.എൽ 51, എൽ. 1214 എന്ന വ്യാജ രജിസ്ട്രേഷൻ നമ്പർ ഘടിപ്പിച്ച് ഉപയോഗിച്ചതും ഇവർക്ക് പൊലീസിന്റെ പിടിയിലകപ്പെടാതിരിക്കാൻ സഹായകരമായി. പ്രതികളെയും, പിടിച്ചെടുത്ത സാമഗ്രഹികളും പൊന്നാനി കോടതിയിൽ ഹാജരാക്കും.