- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനീഷിന്റെ ആത്മാവ് ലീഗിനെ വേട്ടയാടുന്നു; മുന്നിയൂർ മുഖ്യ പ്രചരണ വിഷയം മാനേജ്മെന്റിന്റെ നെറികേടിൽ അദ്ധ്യാപകൻ ആത്മഹത്യ ചെയ്ത സംഭവം; വ്യാജ രേഖ ഉണ്ടാക്കിയവരെ സംരക്ഷിക്കുന്ന ലീഗ് നിലപാടിൽ അമർഷം ശക്തം
മലപ്പുറം: മൂന്നിയൂരിലും സമീപ പഞ്ചായത്തുകളിലും അദ്ധ്യാപകൻ കെ കെ അനീഷിന്റെ ആത്മാവ് തെരഞ്ഞെടുപ്പിലും ലീഗിനെ വേട്ടയാടി കൊണ്ടിരിക്കുന്നു. അധികാരവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് നടത്തിയ ഒരധ്യാപകന്റെ മേലുള്ള നീതികേടാണ് ഇവിടുത്തെ പ്രധാന തെരഞ്ഞെടുപ്പ് വിഷയം. മൂന്നിയൂർ ഹൈസ്‌കൂളിലെ സാമൂഹ്യശാസ്ത്രം അദ്ധ്യാപകനായ കെ.കെ അനീഷിനെതിരെ സ
മലപ്പുറം: മൂന്നിയൂരിലും സമീപ പഞ്ചായത്തുകളിലും അദ്ധ്യാപകൻ കെ കെ അനീഷിന്റെ ആത്മാവ് തെരഞ്ഞെടുപ്പിലും ലീഗിനെ വേട്ടയാടി കൊണ്ടിരിക്കുന്നു. അധികാരവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് നടത്തിയ ഒരധ്യാപകന്റെ മേലുള്ള നീതികേടാണ് ഇവിടുത്തെ പ്രധാന തെരഞ്ഞെടുപ്പ് വിഷയം. മൂന്നിയൂർ ഹൈസ്‌കൂളിലെ സാമൂഹ്യശാസ്ത്രം അദ്ധ്യാപകനായ കെ.കെ അനീഷിനെതിരെ സ്‌കൂൾ മാനേജറും പഞ്ചായത്തു പ്രസിഡന്റുമായ വി.പി സൈതലവി എന്ന കുഞ്ഞാപ്പുവും മറ്റു ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ടുകെട്ടുകളും കെട്ടിച്ചമച്ച വ്യാജ രേഖയുടെ മേൽ സ്‌കൂളിൽ നിന്നും പുറത്താക്കുകയും അനീഷിനെ മാനസികമായി പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് ജീവിതോപാതി വഴിമുട്ടിക്കുകയും കള്ളകേസുകളുടെ പേരിൽ വിദ്യാഭ്യാസ ഓഫീസുകളിലും പൊലീസ് സ്‌റ്റേഷനിലും കയറി ഇറങ്ങേണ്ടി വരികയും ചെയ്ത അനിഷീനെ 2014 സെപ്റ്റംബർ രണ്ടിന് മലമ്പുഴയിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കാണപ്പെടുകയാിരുന്നു. ലോഡ്ജ് മുറിയുടെ ഭിത്തികളിൽ അനീഷിന്റെ മരണത്തിന് മുമ്പ് രക്തത്തിൽ ചാലിച്ച് സൈതലവി എന്നെഴുതിയതിന്റെ പൊരുൾ പിന്നീട് പുലരുകയായിരുന്നു.
അനീഷിന്റെ മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ടുകെട്ടിന്റെ പൊഴ്മുഖം വെളിവാകുകയായിരുന്നു. അനീഷിനെ കുടുക്കാൻ വ്യാജ രേഖയുണ്ടാക്കിയ കോയാസ് ആശുപത്രി ഉടമ ഡോ.കോയ, സ്‌കൂൾ പ്രിൻസിപ്പൽ, മുൻ വിദ്യാഭ്യാസ ഓഫീസർ, സൈതലവിയുടെ കൂട്ടാളികളായ അറ്റന്റർമാർ, പ്യൂൺ എന്നിവരെ അറസ്റ്റ് ചെയ്യുന്ന അവസ്ഥ വരെ പിന്നീടുണ്ടായെങ്കിലും ഇതു കാണാൻ അനീഷ് ഉണ്ടായിരുന്നില്ല. മനുഷ്യാവകാശ കമ്മീഷനും പൊലീസും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുമെല്ലാം ഒടുവിൽ സത്യം കണ്ടെത്തി അനീഷ് കുറ്റക്കാരനല്ലെന്ന് പ്രഖ്യാപിച്ചപ്പോഴും ഈ പ്രഖ്യാപനങ്ങൾക്ക് കാതോർക്കാൻ അനീഷ് ജീവിച്ചിരുന്നില്ല.
സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു ഇടതുപക്ഷ അധ്യപക സംഘടനാ നേതാവു കൂടിയായ അനീഷിന്റെ പുറത്താക്കൽ നടപടി. ഇതിനെ തുടർന്ന് മൂന്നിയൂർ സ്‌കൂൾ പരിസരം ദിവസങ്ങൾ നീണ്ട സമരങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നു. എന്നാൽ തന്റെ നിരപരാധിത്വത്തിന് പുല്ലിവില കൽപിച്ച മാനേജർ വി.പി സൈതലവി അനുദിനം ക്രൂരത തുടരുകയായിരുന്നു. ഇതിൽ മനംനൊന്ത് മരണത്തിന് വഴങ്ങിയ വാർത്തയും കേരള സമൂഹം ഞെട്ടലോടെയാണ് കേട്ടത്. തുടർന്ന് അനീഷ് നിരപരാധിയാണെന്ന് തെളിഞ്ഞെങ്കിലും കുറ്റക്കാർ ഇപ്പോഴും അധികാര കസേരകളിലും മറ്റു സ്ഥാനമാനങ്ങളിലും അള്ളിപ്പിടിച്ചിരിക്കുകയാണ്. കേസിലെ മുഖ്യ പ്രതിയായ മുസ്ലിംലീഗ് നേതാവും മൂന്നിയൂർ പഞ്ചായത്ത് പ്രസിഡന്റുമായ വി.പി സൈതലവി യാതൊരു കുറ്റബോധവുമില്ലാതെയായിരുന്നു ഇന്നുവരെ മൂന്നിയൂർ പഞ്ചായത്ത് പ്രസിഡന്റായി തുടർന്നത്. വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബും മറ്റു പ്രമുഖ ലീഗ് നേതാക്കളെല്ലാം സൈതലവിക്ക് സംരക്ഷണം നൽകുന്ന കാഴ്ചയായിരുന്നു.
കേസ് ഓരോ നിർണായക ഘട്ടത്തിലെത്തിലൂടെ കടന്നു പോയെങ്കിലും ഇതിൽ നിന്നെല്ലാം തലയൂരാൻ പാർട്ടി ഒത്താശ ചെയ്യുകയല്ലാതെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നോ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നോ പുറത്താക്കാൻ പാർട്ടി തയ്യാറായില്ല. ജ്യാമ്യമില്ലാത്ത ക്രിമിനൽ കുറ്റം നടന്നിരിക്കെ സൈതലവിയും കൂട്ടാളികളും വിലസുന്നത് ഹൈക്കോടതിയുടെ മുൻകൂർ ജ്യാമ്യത്തിൽ മാത്രമാണ്. അനീഷിനെ പുറത്താക്കുന്നതിന് മലപ്പുറം ഡിഡിഇ ഓഫീസിൽ നിന്നുള്ള ഉത്തരവ് കൃത്രിമമാണെന്ന് കണ്ടെത്തിയതും കേസിന്റെ നിർണായക ഘട്ടം എത്തിയതും മുൻകൂർ ജ്യാമ്യം ലഭിച്ചതിന് ശേഷമാണെന്നതാണ് സൈതലവിക്ക് അനുകൂലമായത്. എന്നാൽ ജ്യാമ്യം റദ്ദാക്കാനുള്ള നിയമ നടപടി തുടർന്നനുകൊണ്ടിരിക്കുകയാണ്.
വീണ്ടും മറ്റൊരു ജനവിധിക്ക് മണിക്കൂറുകൾ എണ്ണി കാത്തിരിക്കുകയാണ് മൂന്നിയൂരിലെ ജനത. ഇവിടത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തെളിഞ്ഞും ഒളിഞ്ഞും അനീഷ് എത്തുന്നുണ്ട്. ഏറെ നാളായി പഞ്ചായത്ത് ഭരണം കയ്യാളുന്ന മുസ്ലിംലീഗിനും ഇതിനെ പ്രതിരോധിക്കുക തലവേദനയായിരിക്കുകയാണ്. ഏറ്റവും അത്ഭുതകരമെന്നത് അനീഷ് കേസിലെ മഖ്യ പ്രതികളായ വി.പി സൈതലവി, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഹൈദർ കെ മൂന്നിയൂർ എന്നിവർ ചേർന്നാണ് യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചൂക്കാൻ പിടിക്കുന്നത് എന്നതാണ്. മാത്രമല്ല, തെരഞ്ഞെടുപ്പ് ഫണ്ട് യഥേഷ്ടം ഒഴുക്കുന്നതും സൈതലവി തന്നെയാണ്. അനീഷിന്റെ മരണ ശേഷം ഭൗതിക ശരീരം മൂന്നിയൂർ ഹൈസ്‌കൂളിനു മുന്നിൽ പൊതുദർശനത്തിനു വെയ്ക്കുന്ന വേളയിൽ സ്‌കൂൾ മാനേജരായ സൈതലവിയെ രക്ഷിക്കാനായി ഇതേ സമയം മലപ്പുറത്ത് വാർത്താ സമ്മേളനം നടത്തിയ രണ്ട് നേതാക്കളും ഇത്തവണ മത്സര രംഗത്തുണ്ട്. വെളിമുക്കിൽ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ബക്കർ ചേർണൂർ, നിലവിൽ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുകൂടിയായ പഞ്ചാത്തിലേക്ക് മത്സരിക്കുന്ന എൻ.എം അൻവർ സാദത്ത് എന്നിവരാണിവർ. സൈതലവിയുടെ നോമിനികളായി വേറെയും ആളുകൾ മത്സര രംഗത്തുണ്ട്. ഇവരുടെ വിജയത്തിനായി പരിശ്രമിക്കുന്നതും സൈതലവിയാണ്.
എന്നാൽ കടുത്ത ജനകീയ രോഷം സൈതലവിക്കെതിരെ ഇവിടെ നിലനിൽക്കുന്നു എന്നതാണ് വസ്തുത. സമീപ പഞ്ചായത്തുകളിലും ഇതിന്റെ അലയൊലികളുണ്ട്. തെരഞ്ഞെടുപ്പിൽ വിജയം നേടാനായി മൂന്നിയൂരിൽ ലീഗിന് ജനവികാരം മറികടക്കുക അനിവാര്യമാണ്. ലീഗിന്റെ പ്രധാന കോട്ടകളാണ് ഇവിടെത്ത സമീപ പ്രദേശങ്ങൾ. ഇപ്പോൾ തിരിച്ചടി നേരിട്ടാൽ നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് പ്രതിഫലിക്കുമെന്ന ഭീതിയും ലീഗിനുണ്ട്. എന്നാൽ തന്റെ മേൽ പുരണ്ട രക്തക്കറകൾ പണം കൊണ്ട് മായ്ച്ചുകളയാനും ജനവിധി അനുകൂലമാക്കാനുമാണ് സൈതലവിയുടെ നീക്കം. അതേസമയം മുസ്ലിംലീഗിലെ ഒരു വിഭാഗത്തിന് സൈതലിയുടെയും അനുയായികളുടെയും ചെയ്തികളോട് കടുത്ത അമർഷമുണ്ട്. പരാജയ ഭീതി നേരത്തെ മണക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ മുസ്ലിം ലീഗ് നേതൃത്വം പുതിയ കരുക്കളുമായാണ് ചുവടുറപ്പിച്ചിരിക്കുന്നത്. പഞ്ചായത്തിൽ പ്രധാന എതിരാളി സിപിഎമ്മും ഇടതുപക്ഷവുമാണ്. എന്നാൽ ഇടത് സ്ഥാനാർത്ഥികളുടെ അതേ പേരിലുള്ള ആളുകളെ വിലയ്ക്കെടുത്ത് അപരന്മായി നിർത്തിയാണ് ജനാധിപത്യത്തെ അട്ടിമറിക്കാൻ ലീഗ് ശ്രമം നടത്തുന്നത്. നാല്, അഞ്ച്, ഒമ്പത്, പതിനാറ് വാർഡുകളിലാണ് എൽ.ഡി.എഫിനെതിരെ ലീഗ് അപരന്മാരെ ഇറക്കി പഞ്ചായത്ത് പിടിക്കാൻ ശ്രമിക്കുന്നത്.
വികസനവും വികസന മുരടിപ്പും ഭരണ പ്രതിപക്ഷങ്ങൾ ഉയർത്തുന്നതിലുപരി കെ.കെ അനീഷിന്റെ ഓർമ്മകൾ വേട്ടയാടുന്ന മൂന്നിയൂരിൽ അനീഷിന്റെ മരണവും ലീഗ് നേതാക്കളുടെ പങ്കും തന്നെയാണ് പ്രധാന ചർച്ചാ വിഷയം. മൂന്നിയൂർ നിവാസികൾക്ക് മറക്കാൻ പറ്റാത്ത ദിവസമായിരുന്നു കഴിഞ്ഞ ഡിസംബർ എട്ട്. ഈ ദിവസം സഖാവ് പിണാറായി വിജയൻ അടക്കമുള്ള നേതാക്കൾ പങ്കെടുത്ത തലപ്പാറയിൽ നടന്ന അനീഷ് കുടുംബ സഹായ ഫണ്ട് വിതരണ വേദിയിൽ ആരുടെയും കണ്ണ് നനയ്ക്കുന്ന കാഴ്ചയായിരുന്നു. 'എന്റെ അച്ഛനെവിടെ? എനിക്ക് അച്ഛനെ കാണണം' സ്റ്റേജിൽ തൂക്കിയിട്ട കെ.കെഅനീഷിന്റെ പുഞ്ചിരിക്കുന്ന ചിത്രത്തിലേക്ക് നോക്കിയുള്ള മൂന്നുവയസുകാരൻ മകൻ തുഷാറിന്റെ ചോദ്യം ആരുടെയും ഹൃദയം പിടയ്ക്കുന്നതായിരുന്നു അത്. അനീഷ് നിരപരാധിയാണെന്ന് കാലവും നിയമവും തെളിയിക്കുമ്പോൾ ആ കുഞ്ഞു മനസ്സിന്റെ വിഹ്വലതകൾക്ക് ആര് ഉത്തരം നൽകും?