- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവവനന്തപുരം വിമാനത്താവളം വഴി വ്യാജ പാസ്പോർട്ടിൽ വിദേശത്തേക്ക് കടക്കാൻ ശ്രമം; വയോധികന് തടവും പിഴയും; കഴക്കൂട്ടം സ്വദേശി രാഘവൻ വിദേശയാത്രക്ക് മുതിർന്നത് മറ്റൊരാളുടെ പാസ്പോർട്ടിലെ ഫോട്ടോ മാറ്റി സ്വന്തം ഫോട്ടോ പതിച്ച്
തിരുവനന്തപുരം: തലസ്ഥാനത്തെ രാജ്യാന്തര ടെർമിനലിലൂടെ വ്യാജ പാസ്പോർട്ടിൽ വിദേശയാത്രക്ക് ശ്രമിച്ച വയോധികന് തടവും പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്. മറ്റൊരാളുടെ പാസ്പോർട്ടിലെ ഫോട്ടോ മാറ്റി സ്വന്തം ഫോട്ടോ പതിച്ച് പാസ്പോർട്ട് തിരുത്തി യാത്രാ രേഖകളുമായി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച കഴക്കൂട്ടം സ്വദേശി രാഘവനെയാണ് കോടതി ശിക്ഷിച്ചത്. 3 മാസം തടവും 25,000 രൂപ പിഴയും ഒടുക്കണം. പിഴയൊടുക്കാത്ത പക്ഷം 45 ദിവസത്തെ അധിക തടവനുഭവിക്കാനും സിജെഎം ആർ. രേഖ ഉത്തരവിട്ടു.
2003 ലാണ് കേസിനാസ്പമായ സംഭവം നടന്നത്. 17 വർഷങ്ങൾക്ക് ശേഷം 2021 നവംബർ 25 നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 419 ( ചതിക്കലിനായുള്ള ആൾമാറാട്ടം) , 465 (വ്യാജ നിർമ്മാണം) , 468 ( ചതിക്കലിനായുള്ള വ്യാജ നിർമ്മാണം) , 471 (വ്യാജ നിർമ്മിത രേഖ അസൽ പോലെ ഉപയോഗിക്കൽ) , ഇന്ത്യൻ പാസ്പോർട്ട് നിയമത്തിലെ 12 (1) (യ) (റ) ( കളവായ വിവരങ്ങൾ ചേർത്ത് പാസ്പോർട്ട് തിരുത്തുകയും മറ്റൊരാളുടെ പാസ്പോർട്ട് ഉപയോഗിച്ച് വിദേശ യാത്രക്ക് ശ്രമിക്കുകയും ചെയ്യൽ) എന്നീ വകുപ്പുകൾ പ്രകാരം കുറ്റക്കാരനെന്ന് കണ്ടെത്തിയാണ് ശിക്ഷ വിധിച്ചത്.