കണ്ണൂർ : ഉത്തരകേരളത്തിൽ വ്യാജ പാസ്‌പോർട്ടുകൾ പെരുകുന്നതായി വിവരം. കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് വ്യാജ പാസ്‌പോർട്ടുകൾ ഉപയോഗിച്ച് ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്നവരുള്ളത്. അവധിക്ക് നാട്ടിലെത്തുന്ന ഇവർ മംഗലാപുരം വിമാനത്താവളം വഴിയാണ് വിദേശ രാജ്യങ്ങളിൽ പോകുന്നതും തിരിച്ചുവരുന്നതും.

സ്വന്തം ഫോട്ടോയും മറ്റൊരാളുടെ വിലാസവും സ്വീകരിച്ചാണ് ഇവർ പാസ്‌പോർട്ടുകൾ കരസ്ഥമാക്കുന്നത്. ഇങ്ങനെ വ്യാജപാസ്‌പോർട്ടുകൾ നേടുന്നവർ മംഗലാപുരത്ത് വിവാഹബന്ധം സ്ഥാപിക്കുന്നതായും അറിയുന്നു. നാട്ടിലെ ഭാര്യയും മക്കളും അറിയാതെ മംഗലാപുരത്തെത്തി തിരിച്ചു പോകുന്നവരുമുണ്ട്. കഴിഞ്ഞയിടെയുണ്ടായ മംഗലൂരു വിമാനദുരന്തത്തിൽപ്പെട്ട ചിലർ വീട്ടുകാരറിയാതെ മംഗലാപുരത്തേക്ക് പുറപ്പെട്ടവരായിരുന്നു. ഇവരുടെ പാസ്‌പോർട്ടിലെ വിവരം വ്യാജമായതിനെ തുടർന്ന് നഷ്ട പരിഹാരവും ലഭ്യമായിട്ടില്ല.

കഴിഞ്ഞ ദിവസം വിദേശത്തു പോകാൻ മംഗലൂരു വിമാനത്താവളത്തിലെത്തിയ പരപ്പയിലെ മുഹമ്മദ് ഷംനാസിനെ സെക്യൂരിറ്റി വിഭാഗം തടഞ്ഞുവച്ചതോടെ കാസർഗോഡും കണ്ണൂരും വ്യാജ പാസ്‌പോർട്ടുകളുള്ളതായി വിവരം ലഭിച്ചിരുന്നു. മുഹമ്മദ് ഷംനാസിന്റെ മേൽവിലാസവും ബന്ധുവായ അബ്ദുൾ ഷമീറിന്റെ ഫോട്ടോയും ഉപയോഗിച്ച് വ്യാജ പാസ്‌പ്പോർട്ട് ഉണ്ടാക്കിയതായി പൊലീസ് കണ്ടെത്തി. മുഹമ്മദ് ഷംനാസിനെ നേരത്തെത്തന്നെ പാസ്‌പ്പോർട്ട് കേസിൽ പൊലീസിന് സംശയമുണ്ടായിരുന്നു. അതിനാൽ മംഗലൂരു വിമാനത്താവളത്തിൽ വിവരം നൽകുകയും അത് പ്രകാരം വിമാനത്താവളത്തിലെ സെക്യൂരിറ്റി വിഭാഗം ഷംനാസിനെ തടഞ്ഞു വെക്കുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ ക്രൈംബ്രാഞ്ച് പൊലീസ് ഷംനാസിനെ ചോദ്യം ചെയ്തു.

താൻ കുറച്ചു കാലം അബ്ദുൾ ഷമീറിന്റെ പടന്നക്കാട്ടെ വീട്ടിൽ താമസിച്ചിട്ടുണ്ടായിരുന്നുവെന്നും താനറിയാതെയാണ് ഷമീർ തന്റെ മേൽവിലാസം ഉപയോഗിച്ചതെന്നും പൊലീസിനെ അറിയിച്ചു. ഇതിലൂടെ ഷംനാസല്ല കുറ്റവാളിയെന്നും അബ്ദുൾ ഷമീറാണ് വ്യാജ പാസ്‌പ്പോർട്ട് ഉണ്ടാക്കിയതെന്നും പൊലീസ് തിരിച്ചറിഞ്ഞു. വ്യാജ പാസ്‌പ്പോർട്ടുമായി തനിക്ക് യാതൊരു ബന്ധമില്ലെന്നും ഷംനാസ് വ്യക്തമാക്കിയിട്ടുണ്ട്. തുടർന്ന് ഷമീറിന്റെ വീട് പൊലീസ് റെയ്ഡ് ചെയ്തു. വ്യാജ പാസ്‌പ്പോർട്ട് തരപ്പെടുത്താനുള്ള ചില രേഖകൾ അവർ കണ്ടെടുക്കുകയും ചെയ്തു. അതോടെ ഷമീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഷംനാസിനെ വിട്ടയക്കുകയും ചെയ്തു.

കാസർഗോഡ് ജില്ലയിൽ 2011 നുശേഷം നൂറ്റിനാല്പതോളം വ്യാജ പാസ്‌പോർട്ടുകൾ ഉണ്ടാക്കിയതായാണ് പൊലീസിന് ലഭിച്ചവിവരം. ഇതിൽ മുപ്പതു കേസുകൾ അന്വേഷണം നടത്തി വരുന്നുണ്ട്. കണ്ണൂർ ജില്ലയിൽ ഇത്തരം പത്തു കേസുകൾ ക്രൈംബ്രാഞ്ച് നിരീക്ഷണത്തിലാണ്. പൊലീസുകാരുടെ ഒത്താശയോടെയാണ് വ്യാജ പാസ്‌പോർട്ടുകൾ നേടിയെടുക്കുന്നത്. ചില പോസ്റ്റുമാന്മാരും ഇതിന് കൂട്ടുണ്ട്. കാസർഗോഡ് രണ്ടു പൊലീസുകാർ ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലുമാണ്.

കണ്ണൂരിൽ ഒരു പോസ്റ്റുമാനെതിരേയും നടപടി എടുത്തിട്ടുണ്ട്. കാസർഗോട്ടെ കാഞ്ഞങ്ങാട്ടും കണ്ണൂരിലെ തളിപ്പറമ്പിലുമുള്ള ഓരോ ട്രാവൽ ഏജൻസികളാണ് വ്യാജ പാസ്‌പോർട്ടിനുള്ള ഒത്താശ ചെയ്തു കൊടുക്കുന്നത്. നേരത്തെ കാഞ്ഞങ്ങാട്ടുണ്ടായിരുന്ന ഒരു എസ്.ഐ. പാസ്‌പോർട്ട് കാര്യം സത്യസന്ധമായി ചെയ്തതിന് സ്ഥലം മാറ്റം ചെയ്യപ്പെട്ടിരുന്നു. വ്യാജ പാസ്‌പോർട്ട് ലോബിയുടെ ഇംഗിതത്തിന് വഴങ്ങാത്തതിനാലാണ് ഇയാളെ സ്ഥലം മാറ്റിയത്.

ഉത്തര കേരളത്തിൽ പൊലീസും തപാൽ വകുപ്പിലെ ചിലരും ചേർന്നാണ് വ്യാജ പാസ്‌പോർട്ടിന് ഒത്താശ ചെയ്തു വന്നിരുന്നത്. സമഗ്രമായ അന്വേഷണം നടത്തിയാൽ ഇക്കാര്യം വെളിപ്പെടും.