ന്യൂഡൽഹി: ഡൽഹിയിലെ പ്രമുഖ സ്‌കൂളിലെ അദ്ധ്യാപികമാരുടെയും വിദ്യാർത്ഥിനികളുടെയും മോർഫ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തൊൻപതുകാരനായ മഹാവീർ ആണ് അറസ്റ്റിലായാത്.

പറ്റ്ന സ്വദേശിയായ മഹാവീർ ഖരഗ്പൂർ ഐഐടിയിലെ ബിടെക് വിദ്യാർത്ഥിയാണ്. ഇയാൾ അൻപതിലേറെ പെൺകുട്ടികളെയും അദ്ധ്യാപികമാരെയും ശല്യപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. കോളർ ഐഡി വ്യാജമായി കാണിക്കാനുള്ള ആപ്പും ശബ്ദം മാറ്റാൻ കഴിയുന്ന ആപ്പും ഉപയോഗിച്ചാണ് ഇയാൾ പെൺകുട്ടികളും അദ്ധ്യാപികമാരുമായി ബന്ധം സ്ഥാപിച്ചത്.

അതിന് പിന്നാലെ ഇവരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ അവരുടെ പേരിൽ തന്നെ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി അതിൽ പോസ്റ്റ് ചെയ്യുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. സ്‌കൂൾ അധികൃതർ സൈബർ സെല്ലിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും പ്രതി സമൂഹമാധ്യമങ്ങളിലൂടെ പിന്തുടർന്ന് മെസേജുകൾ അയച്ചതായും വിവിധ അന്താരാഷ്ട്രനമ്പറുകളിൽ നിന്ന് വിളിച്ചാണ് അധ്യപകരെ ശല്യപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. നിരവധി സ്‌കൂൾ വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഇയാൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.