- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹമോചനവും നഷ്ട പരിഹാരവും ലക്ഷ്യം; ഉപദ്രവിച്ചു എന്ന് ഭാര്യ ആദ്യം പരാതി നൽകി; പിറ്റേന്ന് അഭിഭാഷകയുമായി വന്ന് പോക്‌സോ കേസ് എടുപ്പിച്ചു; രണ്ട് വർഷത്തോളം നീണ്ട വിചാരണ; ഒടുവിൽ കുറ്റവിമുക്തൻ; വ്യാജ പോക്‌സോ കേസിൽ കുടുങ്ങിയ സർക്കാർ ഉദ്യോഗസ്ഥൻ ആ അനുഭവം പറയുമ്പോൾ
തിരുവനന്തപുരം : ഭാര്യയും അഭിഭാഷകയും ചേർന്ന് യുവ സർക്കാർ ഉദ്യോഗസ്ഥനെ വ്യാജ പോക്‌സോ കേസിൽ കുടുക്കിയതായി പരാതി. കേസിൽ ഉദ്യോഗസ്ഥനെ കോടതി വെറുതെ വിട്ടു. മാവേലിക്കരയിൽ ആണ് സംഭവം. പ്രതിക്ക് വേണ്ടി അഡ്വ. മുജീബ് റഹ്‌മാൻ ഹാജരായി. കേസിനെക്കുറിച്ച് പ്രതിഭാഗം വക്കീൽ മറുനാടൻ മലയാളിയോട് വിശദീകരിച്ചത് ഇങ്ങനെ.
പോക്‌സോകേസിൽ കുടുക്കിയ ഒരു ചെറുപ്പക്കാരന്റെ ജീവിതകഥയാണിത്.
കഴിഞ്ഞ 25 ദിവസക്കാലമായി ഞാൻ ഹരിപ്പാട് പോക്‌സോ കോടതിയിലായിരുന്നു.മറ്റെല്ലാ കേസുകളും മാറ്റിവെച്ച് ഈ കേസിൽ മാത്രം ശ്രദ്ധിക്കാൻ കാരണം ഇത് 100 ശതമാനം ഒരുകള്ളക്കേസാണെന്ന് ഉത്തമബോധ്യം ഉള്ളതുകൊണ്ടായിരുന്നു.
'പ്രതി'യാക്കപ്പെട്ട സർക്കാരുദ്യോഗസ്ഥന്റെയും ഭാര്യയുടെയും രണ്ടാം വിവാഹമായിരുന്നു.വിവാഹശേഷം തന്റെ സ്ഥലമായ തിരുവനന്തപുരത്ത് വന്ന് താമസിക്കണമെന്ന ആവശ്യം നിരസിച്ചതിനെത്തുടർന്ന് ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസമാരംഭിച്ചു.ഒടുവിൽ ഇരുവരും മാവേലിക്കരയിൽ താമസമാരംഭിച്ചു.ഒപ്പം ഭാര്യയുടെ ആദ്യ വിവാഹത്തിലുള്ള മൂന്നര വയസ്സുള്ള മകനും.
മൂന്നു മാസം കഴിഞ്ഞപ്പോൾ ഭാര്യയ്ക്ക് തിരുവനന്തപുരത്ത് ജോലിയായി.അപ്പോഴേക്കും ഒന്നുകിൽ കൂടെ വന്ന് താമസിക്കണം അല്ലെങ്കിൽ വിവാഹമോചനവും നഷ്ട പരിഹാരവും വേണമെന്നായി.അതിനായി മാവേലിക്കരയിലെ ഒരു വനിതാഅഭിഭാഷക മുഖേന സമ്മർദ്ദം തുടങ്ങി.25 ലക്ഷം തന്നില്ലെങ്കിൽ സ്ത്രീധനപീഡനത്തിന് കേസെടുപ്പിക്കും എന്നായി.
പ്രായമായ സ്വന്തം മാതാവിനെയും വികലാംഗനായ സ്വന്തം സഹോദരനെയും ഉപേക്ഷിച്ച് ഭാര്യയ്‌ക്കൊപ്പം പോയി താമസിച്ചുള്ള ഒത്തുതീർപ്പിന് തയ്യാറാകാതിരുന്നപ്പോൾ തന്നെയും കുട്ടിയെയും ശാരീരികമായി ഉപദ്രവിച്ചു എന്നും മറ്റും പറഞ്ഞ് മാവേലിക്കര പൊലീസിൽ പരാതി കൊടുത്തിട്ട് ഭീഷണിപ്പെടുത്തിച്ചു.വഴങ്ങുന്നില്ലെന്ന് കണ്ടപ്പോൾ ആ പരാതി പിൻവലിച്ച് പിറ്റേ ദിവസം അത് പോക്‌സോ കേസാക്കി മാറ്റി. പൊലീസ് ക്വാർട്ടേഴ്സിൽ താമസിച്ചുകൊണ്ട് പൊലീസ് ഉദ്യോഗസ്ഥനായ പിതാവിന്റെ സഹായത്തോടെ ആയിരുന്നു പുതിയ കേസ്.
കള്ളക്കേസ് എടുത്തതിനെത്തുടർന്ന് പല പ്രാവശ്യം ആത്മഹത്യയ്ക്ക് ഒരുങ്ങിയ അയാൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.തുടർന്ന് 2 വർഷത്തോളം നടന്ന വിചാരണ.
സാക്ഷിമൊഴികളിൽ വൻ വൈരുധ്യമുണ്ടെന്നും കുട്ടിയുടേതടക്കം വ്യാജമൊഴിയാണെന്നും അന്വേഷണോദ്യോഗസ്ഥന് സമ്മതിക്കേണ്ടിവന്നു.തികച്ചും അവിശ്വസനീയവും വ്യാജവുമാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് പ്രതിയാക്കപ്പെട്ട നിരപരാധിയായ യുവാവിനെ ഹരിപ്പാട് പോക്‌സോ സ്‌പെഷ്യൽ ജഡ്ജ് കെ.വിഷ്ണു വിട്ടയച്ചത്.
പോക്‌സോ കേസുകളിൽ പാലിക്കപ്പെടേണ്ട ഹൈക്കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പൂർണ്ണമായും ഈ കേസിൽ ലംഘിച്ചുവെന്നും കോടതി വിധിയിൽ പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥനായ മാവേലിക്കര സബ് ഇൻസ്പെക്ടർ ആയിരുന്ന ജോണിയെ വിസ്തരിച്ചശേഷം പുറത്തിറങ്ങിയിട്ട് അയാൾ എന്നോട് പറഞ്ഞ വാചകം ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നു ''സർ,ഇത് ഒരു കള്ളക്കേസാണ്.ആദ്യം ഭാര്യയെ ഉപദ്രവിച്ചു എന്ന് പരാതി തന്നതാണ്.പിറ്റേന്ന് അഭിഭാഷക ഉൾപ്പെടെ വന്ന് പോക്‌സോ കേസ് എടുപ്പിക്കുകയായിരുന്നു' എന്ന്.
കുടുംബപ്രശ്‌നമോ വ്യക്തിവൈരാഗ്യമോ ഉണ്ടായാലുടൻ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് കുട്ടികളെക്കൊണ്ട് വ്യാജമൊഴി കൊടുപ്പിച്ച് പ്രതികാരം ചെയ്യുന്നവരുടെ എണ്ണം ദിവസവും കൂടിവരികയുമാണ്.
കള്ളക്കേസ് എടുക്കുമ്പോൾ മാധ്യമങ്ങൾ ഒന്നടങ്കം പ്രതിയാക്കപ്പെട്ട ആളിന്റെ ചിത്രം അടക്കം പ്രദർശിപ്പിച്ച് മാധ്യമ വിചാരണ നടത്തുക പതിവാണ്.എന്നാൽ അയാൾ നിരപരാധിയാണെന്ന് കോടതി വിധിക്കുമ്പോൾ ഒരു വരിപോലും അവർ കൊടുക്കാറുമില്ല.കേസിലൂടെയും മാധ്യമവിചാരണയിലൂടെയും പ്രതിയാക്കപ്പെട്ടവരുടെ ജന്മം തന്നെയാണ് ഇല്ലാതാകുന്നത്.കടയ്ക്കാവൂരിൽ സ്വന്തം മാതാവിനെതിരെ കുട്ടിയെക്കൊണ്ട് പിതാവ് കൊടുപ്പിച്ച വ്യാജമൊഴിയുടെ അടിസ്ഥാനത്തിൽ ആ മാതാവ് ജയിലിൽ കിടക്കേണ്ടിവന്നത് ഉദാഹരണം .
ഒരു കുട്ടി കൊടുക്കുന്ന മൊഴി വ്യാജമാണെന്ന് തെളിഞ്ഞാലും ആ കുട്ടിക്കെതിരെ നടപടി സ്വീകരിക്കാൻ പാടില്ല എന്ന പോക്‌സോ നിയമത്തിലെ പഴുത് ദുരുപയോഗം ചെയ്താണ് കള്ളക്കേസ് കൊടുക്കുന്നത് തന്നെ.പൊലീസാകട്ടെ കള്ളക്കേസാണെന്ന് ബോധ്യപ്പെട്ടിട്ടും ഇത്തരം കേസുകളിൽ കുറ്റപത്രം സമർപ്പിക്കുകയാണ് ചെയ്യുക.
2019ൽ മാത്രം കേരളത്തിൽ റിപ്പോർട് ചെയ്യപ്പെട്ടത് 4008 വ്യാജ പോക്‌സോ കേസുകളാണ്.ഇതിൽ ഭൂരിഭാഗവും വിവാഹ മോചന സമയത്ത് കുട്ടിയുടെ കസ്റ്റഡി കിട്ടാൻ വേണ്ടി പിതാവ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് പറഞ്ഞു അമ്മമാർ കൊടുത്ത കള്ളക്കേസുകൾ ആയിരുന്നു.എത്രയോ നിരപരാധികൾ ഇതിന്റെ പേരിൽ ജയിലിൽ കിടന്നിട്ടുണ്ടാകും..?ഇപ്പോഴും കിടക്കുന്നുണ്ടാകും....?
വ്യാജ പരാതി കൊടുത്ത് കേസെടുപ്പിച്ചതിലൂടെ ആ ചെറുപ്പക്കാരനുണ്ടായ സാമ്പത്തിക നഷ്ടം നികത്താനാകുമായിരിക്കാം...പക്ഷെ അയാൾക്കും കുടുംബത്തിനുമുണ്ടായ മാനഹാനിക്കും മനോവേദനയ്ക്കും എന്താണ് പരിഹാരം...?
പ്രതി എന്ന് മുദ്രകുത്തപ്പെട്ടതിലൂടെ ആ ചെറുപ്പക്കാരൻ അനുഭവിച്ച മാനസിക സംഘർഷം....സമൂഹത്തിൽ.....പിന്നെ സ്വന്തം കുടുംബത്തിൽ നിന്നും... സുഹൃത്തുക്കളിൽ നിന്ന് പോലും നേരിട്ട ഒറ്റപ്പെടൽ....ഇതൊക്കെ വിവരിക്കുവാൻ കഴിയുന്നതല്ലെന്നും അഭിഭാഷകൻ പറഞ്ഞു