കോതമംഗലം: വ്യജസിദ്ധന്റെ വലയിൽ കുടുങ്ങിയ ഭാര്യയെയും 13 ഉം 10 ഉം വയസുള്ള മക്കളെയും കണ്ടെത്തണമെന്നാവശ്യപ്പെട്ട് പിതാവ് പൊലീസിനെ സമീപിച്ചു. കൊല്ലം പൂയപ്പള്ളി ആക്കൽ പ്ലാമൂട് മുഹമ്മദ് മൻസലിൽ നുജൂമാണ് ഇത് സംബന്ധിച്ച പരാതിയുമായി പൂയപ്പിള്ളി പൊലീസിനെ സമീപിച്ചിട്ടുള്ളത്. ഇടുക്കി സ്വദേശി ജാഫർ 36 കാരിയായ ഭാര്യ ഷംലയെയും മക്കളായ അജ്മൽ (13)അമീറ (10) എന്നിവരെയും കൊണ്ട് സ്ഥലം വിട്ടെന്നാണ് നുജൂം പരാതിയിൽ സൂചിപ്പിച്ചിട്ടുള്ളത്.

ഈ പരാതിയിൽ പൂയംപിള്ളി പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ജാഫറിനെതിരെ മുൻഭാര്യയും ഷംലയുടെ ബന്ധുവും രംഗത്തെത്തി. ജാഫറിന്റെ യഥാർത്ഥ പേര് റഫീക്ക് എന്നാണെന്നും സ്വദേശം കോതമംഗലം പൈമറ്റം ആണെന്നുമാണ് ഇവരുടെ വെളിപ്പെടുത്തൽ. പള്ളികളിൽ ജോലി ചെയ്തുവന്നിരുന്ന ഇയാൾ മന്ത്രവാദ-ചികിത്സകളുടെ മറവിൽ സ്ത്രീകളുമായി അടുക്കുകയും പിന്നിട് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി ഇവരെ തന്റെ ഇംഗിതത്തിന് ഇരയാക്കുകയുമായിരുന്നു ഇയാളുടെ പതിവെന്നും ഇവർ പറഞ്ഞു.

ആലപ്പുഴയിലും ചേർത്തലയിലും കൊല്ലത്തും തിരുവനന്തപുരത്തുമെല്ലാം സ്ത്രീകൾ ഇയാളുടെ തട്ടിപ്പിനിരയായവർ ഉണ്ടെന്നാണ് ലഭിച്ച വിവരം. ആലപ്പുഴയിൽ യുവതിയുമായുള്ള ഇയാളുടെ അവിഹിത ബന്ധം ഭർത്താവ് കണ്ടെത്തുകയും രാത്രിയിൽ കണക്കിന് കൈകര്യം ചെയ്ത് ഇയാളെ ഇവിടെ നിന്നും ഓടിക്കുകയായിരുന്നെന്ന് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞതായും ഇവർ അറിയിച്ചു. കാണാൻ സുമുഖനായ റഫീക് പെൺകുട്ടികളെ വലയിൽ വീഴ്‌ത്തുന്നതിൽ വിരുതനായിരുന്നെന്നാണ് ഇവരുടെ വിലയിരുത്തൽ. സുന്ദരികളായ സ്ത്രീകളെ പരിചയപ്പെടുകയും ഇവരുടെ കുടുംബാംഗങ്ങളും ഭർത്താവുമായും പരിചയത്തിലാവുകയും പിന്നാലെ ഇവരുടെ വീട്ടിലെ സ്ഥിരം സന്ദർശകനായി മാറുകയുമാണ് ഇയാളുടെ രീതി. പള്ളിയിലെ ജീവനക്കാരനെന്ന നിലക്ക് സമൂഹത്തിൽ ലഭിച്ചിരുന്ന മുന്തിയ പരിഗണന ഇക്കാര്യത്തിൽ ഇയാൾക്ക് തുണയായി.

തനിക്ക് അത്ഭുത സിദ്ധികളുണ്ടെന്ന് പ്രചരിപ്പിക്കുകയും അസുഖങ്ങൾ മാറ്റാമെന്നും ദാമ്പത്ത്യത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്നും മറ്റും വിശ്വസിപ്പിച്ച് പലരിൽ നിന്നായി ഇയാൾ ലക്ഷങ്ങൾ തട്ടിയെത്തിട്ടുള്ളതായും ആരോപണമുണ്ട്. മാസങ്ങളായി തന്നെ വിട്ടുപിരിഞ്ഞിരുന്ന റഫീക്ക് തിരുവനന്തപുരം സ്വദേശി റഷീദയ്ക്ക് ഒപ്പമായിരുന്നു താമസിച്ചിരുന്നതെന്നും ഇവരെ ഉപേക്ഷിച്ചാണ് ഇപ്പോൾ ഷംലയെയും മക്കളെയും കൊണ്ട് ഇയാൾ കടന്നിട്ടുള്ളതെന്നുമാണ് മുൻ ഭാര്യയുടെ വെളിപ്പെടുത്തൽ. ഈ വിവരങ്ങൾ പൂയംപിള്ളി പൊലീസിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇയാളുടെ ചതിവിൽ ഇനിയും പാവപ്പെട്ട സ്ത്രീകൾ കുടുങ്ങാതിരിക്കാനാണ് ഇക്കാര്യം പുറത്തുവിടുന്നതെന്നും ഇവർ വ്യക്തമാക്കി.

നുജൂമിന്റെ പരാതിയിൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്നുമാണ് ഇക്കാര്യത്തിൽ പൂയംപിള്ളി പൊലീസിന്റെ നിലപാട്.