കോഴിക്കോട്: ജിന്ന് ചികത്സയുടെയും മന്ത്രവാദത്തിന്റെയും പേരിലുള്ള ചൂഷണങ്ങൾ പതിവാണ് മലബാറിൽ. മാധ്യമങ്ങളും അധികൃതരും നിരവധി തവണ ബോധവത്ക്കരണം നടത്തിയിട്ടും തട്ടിപ്പ് നിർബാധം തുടരുകയാണ്. രോഗം മാറ്റിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ചികിത്സ നടത്തുന്നതിനിടെ സഹോദരിമാരായ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കോഴിക്കോട് വടകരയിൽ വ്യാജ സിദ്ധൻ അറസ്റ്റിലായതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. വേളം പൂളക്കൂലിലെ മരുതോളി താമസിക്കുന്ന ചോയ്യങ്കണ്ടി മുഹമ്മദിനെയാണ് (47) വടകര സി.ഐ ടി. മധുസൂദനനും സംഘവും അറസ്റ്റ് ചെയ്തത്.

സഹോദരിമാരിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. തുടർന്ന് പോക്‌സോ വകുപ്പ് ഉൾപ്പെടെ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇയാൾക്കെതിരെ കുറ്റ്യാടി പൊലീസ് ഒരു മാസം മുേമ്പ കോടതി നിർദേശപ്രകാരം മറ്റൊരു സംഭവത്തിൽ കേസെടുത്തിരുന്നു. രോഗം മാറ്റിത്തരാമെന്നു പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിലായിരുന്നു ഈ കേസ്. ഈ വാർത്ത പുറത്തുവന്നതിനു ശേഷമാണ് പെൺകുട്ടികൾ തങ്ങൾ നേരിട്ട ദുരനുഭവം രക്ഷിതാക്കളോട് പറഞ്ഞത്. തുടന്ന് ബന്ധുക്കൾ വടകര പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ചൊവ്വാഴ്ച സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ പിടികൂടി. പെൺകുട്ടികൾ ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

മൂത്ത കുട്ടിക്ക് അസുഖമായതിനാലാണ് രക്ഷിതാക്കൾ ഇയാളുടെ ചികിത്സ തേടിയത്. ശരീരത്തിൽ ജിന്ന് കൂടിയതാണെന്നും ഒഴിപ്പിച്ചുതരാമെന്നും പറഞ്ഞാണ് ചികിത്സിച്ചത്. അനുജത്തിയുടെ ശരീരത്തിലാണ് ശക്തിയുള്ള ജിന്നുള്ളതെന്നും അവളെയും ചികിത്സിക്കണമെന്നും ഇയാൾ ധരിപ്പിച്ചു. തുടർന്ന് രണ്ടുപേരെയും പല പ്രാവശ്യങ്ങളിലായി ചികിത്സിച്ചു. ഈ അവസരങ്ങളിലെല്ലാം പീഡനം നടന്നതായി പൊലീസ് പറയുന്നു. പുറത്ത് അറിയിച്ചാൽ കുടുംബത്തെ മൊത്തം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

അതുകൊണ്ടുതന്നെ കുട്ടികൾ സംഭവിച്ചതൊന്നും പുറത്തുപറഞ്ഞില്ല. വൃക്കരോഗം ബാധിച്ച തിരുവള്ളൂർ സ്വദേശിയിൽനിന്ന് ചികിത്സയുടെ പേരിൽ ലക്ഷങ്ങൾ തട്ടിയ സംഭവത്തിലും ഇയാൾക്കെതിരെ വടകര പൊലീസ് സ്‌റ്റേഷനിൽ കേസുണ്ട്. പ്രതിയെ ബുധനാഴ്ച വടകര കോടതിയിൽ ഹാജരാക്കും. എഎസ്ഐ ബാബു, പൊലീസുകാരായ സി.എച്ച്. ഗംഗാധരൻ, കെ.പി. രാജീവൻ, വി.വി. ഷാജി, എൻ.കെ. പ്രദീപൻ, കെ. യൂസഫ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.