മലപ്പുറം: നാട്ടിലും ഗൾഫിലും ഏജന്റുമാർ മുഖേന മന്ത്രവാദം നടത്തുന്ന സിദ്ധൻ പിടിയിൽ. മാനസിക രോഗമുൾപ്പെടെയുള്ള രോഗങ്ങൾക്കും ജോലിയിൽ ഉന്നതി നേടാനും ശത്രുക്കളെ ഇല്ലാതാക്കാനും കഴിയുമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിലാണ് മന്ത്രവാദി പിടിലായത്. പെരിന്തൽമണ്ണ നാരങ്ങാകുണ്ട് സ്വദേശി പുള്ളിയിൽ അബ്ദുൾ അസീസിനെയാണ് കൊളത്തൂർ പൊലീസ് പിടികൂടിയത്. പഴമള്ളൂർ സ്വദേശിയുടെ പരാതിയിൽ മന്ത്രവാദ തട്ടിപ്പ് നടത്തിയ ആൾക്കെതിരെ നടപടി.

മന്ത്രവാദത്തിലൂടെ അസുഖങ്ങൾക്കും തൊഴിൽപരമായ പ്രശ്‌നങ്ങൾക്കും മറ്റും പരിഹാരം കാണാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു പണം തട്ടിയെടുത്തതായി പരാതിയിൽ പറയുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ സമാനമായ നിരവധി പരാധികളും ലഭിച്ചു. പഴമള്ളൂർ സ്വദേശി പെരിന്തൽമണ്ണ ഡി.വൈ.എസ്‌പി എംപി.മോഹന ചന്ദ്രന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സി.ഐ ടി.എസ്.ബിനു, കൊളത്തൂർ എസ്.ഐ സുരേഷ്ബാബു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

കേരളത്തിലും പുറത്തും ഗൾഫിലും ഏജന്റുമാർ മുഖേന മന്ത്രവാദത്തിലൂടെ മാനസിക രോഗമുൾപ്പെടെയുള്ള രോഗങ്ങൾക്കും ജോലിയിൽ
ഉന്നതി നേടാനും ശത്രുക്കളെ ഇല്ലാതാക്കാനും കഴിയുമെന്ന് വിശ്വസിപ്പിച്ച് പ്രതി നിരവധിപേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തതായി പൊലീസിന് വിവരം ലഭിച്ചു. പലരും പ്രതിയുടെ സിദ്ധികളിൽ വിശ്വസിച്ചും അപമാനം ഭയന്നും പരാതി നൽകാൻ മുന്നോട്ടുവരുന്നില്ല.

അസുഖങ്ങൾ ഭേദമാക്കാനും കുടുംബ പ്രശ്‌നങ്ങൾ പറഞ്ഞും തന്നെ സമീപിക്കുന്നവരോട് അവരുടെ വീടിന്റെ പരിസരത്ത് ശത്രുക്കൾ ഒരു സാധനം കുഴിച്ചിട്ടിട്ടുണ്ടെന്നും അത് കണ്ടുപിടിച്ച് പുറത്തെടുക്കണമെന്നും ഇതിനായി തകിട്, കുടം തുടങ്ങി വിലപിടിപ്പുള്ള സാധനങ്ങൾ വാങ്ങാനെന്നും പറഞ്ഞ് പണം വാങ്ങും. ശേഷം വീട്ടുമുറ്റത്തുള്ള ഒരു സ്ഥലം കാണിച്ചുകൊടുത്ത ശേഷം അവിടെ കുഴിക്കാനാവശ്യപ്പെട്ട് വീട്ടുകാർ കാണാതെ പ്രതി തന്നെ കയ്യിൽ ഒളിപ്പിച്ച പൊതി കുഴിയിൽ നിന്നും കണ്ടെടുക്കുന്നു. ഇത് കണ്ട് വിശ്വസിക്കുന്ന വീട്ടുകാർ പ്രതി പറയുന്ന പണം നൽകുന്നു.

പരിഹാരം കിട്ടാത്തവർ പരാതിയുമായി വന്നാൽ മന്ത്രവാദം നടത്തി കുടുംബത്തെ നശിപ്പിച്ചുകളയുമെന്നു പറഞ്ഞ് മൊബൈൽ ഫോണിൽ വിളിച്ച്
ഭീഷണിപ്പെടുത്തിയതായും പറയുന്നു. ബസ് തൊഴിലാളിയായും വിസ ഏജന്റായും ജോലി ചെയ്തിരുന്ന അസീസ് നാലുവർഷം മുമ്പാണ് ഇത്തരത്തിൽ ചികിത്സ തുടങ്ങുന്നത്. പല സ്ഥലങ്ങളിൽ മാറി മാറി താമസിച്ചാണ് ചികിത്സ നടത്തുന്നത്.

അഡീഷണൽ എസ്.ഐ സദാനന്ദൻ, പെരിന്തൽമണ്ണ ടൗൺ ഷാഡോ പൊലീസ് അന്വേഷണ സംഘത്തിലെ എസ്.ഐ ആന്റണി, ജെ.ആർ എസ്.ഐ എം.ബി.രാജേഷ്, സി.പി.മുരളി, പി.എൻ.മോഹനകൃഷ്ണൻ, എൻ.ടി.കൃഷ്ണകുമാർ, എം.മനോജ്കുമാർ, ഷറഫുദ്ദീൻ, മിഥുൻ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷണം നടത്തുന്നത്. കൂടുതൽ പരാതികൾ ഉയർന്ന സാഹചര്യത്തിൽ ഇത് ഗൗരവത്തോടെ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.