- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോഷ്യൽ മീഡിയയിലെ വ്യാജ ഹർത്താൽ ആഹ്വാനം അവസരമായി കണ്ട് അക്രമത്തിനിറങ്ങി മതമൗലികവാദികൾ; റോഡുകളിൽ ടയറുകൾ കൂട്ടിയിട്ട് തീവച്ചും ഭീഷണിമുഴക്കി കടകൾ അടപ്പിച്ചും ക്വത്വ സംഭവം കത്തിക്കാനൊരുങ്ങി ഒരു വിഭാഗം; മലപ്പുറത്ത് പലയിടത്തു നിന്നായി നൂറോളം പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്; വ്യാജ സമരത്തെ കർശനമായി നേരിടാൻ ശക്തമായ നിർദ്ദേശം നൽകി മുഖ്യമന്ത്രി; നാഥനില്ലാത്ത ഹർത്താൽ അക്രമങ്ങളിലേക്ക് നീങ്ങുമ്പോൾ ഇടപെടാൻ ആവാതെ രാഷ്ട്രീയ കക്ഷികളും
മലപ്പുറം: സോഷ്യൽ മീഡിയയിൽ നടന്ന വ്യാജ ഹർത്താൽ ആഹ്വാനം ഏറ്റെടുത്ത് ഒരു വിഭാഗം മുതലെടുപ്പിന് ശ്രമം നടത്തിയതോടെ ശക്തമായി അടിച്ചൊതുക്കാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി. മലപ്പുറം, കണ്ണൂർ, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് വ്യാപകമായി വാഹനം തടയലും നിർബന്ധിച്ച് കടയടപ്പിക്കലും നടക്കുന്നത്. ആദ്യഘട്ടത്തിൽ ചെറിയതോതിൽ വാഹനം തടഞ്ഞു തുടങ്ങിയ ഹർത്താൽ പിന്നീട് വ്യാപക അക്രമത്തിലേക്ക് മാറുന്ന കാഴ്ചയാണ് മലപ്പുറത്ത്. ഇതോടെ പല സ്ഥലത്തും പൊലീസും ഹർത്താൽ അനുകൂലികളും ഏറ്റുമുട്ടി. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഒരു രാഷ്ട്രീയ പാർട്ടിയുടേയും പിന്തുണയില്ലെന്ന് അവകാശപ്പെട്ടാണ് ഹർത്താലിന്റെ പേരിൽ വാഹനം തടയാനും കടകൾ അടപ്പിക്കാനും ഒരു വിഭാഗം രംഗത്തിറങ്ങിയത്. എന്നാൽ കത്വ സംഭവത്തിന്റെ പേരിൽ വർഗീയ വികാരം ആളിക്കത്തിക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രിതമായാണ് ഇത്തരമൊരു നീക്കം നടന്നതെന്നാ്ണ് സൂചന. അതിനാൽ തന്നെ ഇത്തരം സമരങ്ങൾ വച്ചുപൊറുപ്പിക്കേണ്ടതില്ലെന്നും ശക്തമായി നേരിടാനും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്
മലപ്പുറം: സോഷ്യൽ മീഡിയയിൽ നടന്ന വ്യാജ ഹർത്താൽ ആഹ്വാനം ഏറ്റെടുത്ത് ഒരു വിഭാഗം മുതലെടുപ്പിന് ശ്രമം നടത്തിയതോടെ ശക്തമായി അടിച്ചൊതുക്കാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി. മലപ്പുറം, കണ്ണൂർ, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് വ്യാപകമായി വാഹനം തടയലും നിർബന്ധിച്ച് കടയടപ്പിക്കലും നടക്കുന്നത്.
ആദ്യഘട്ടത്തിൽ ചെറിയതോതിൽ വാഹനം തടഞ്ഞു തുടങ്ങിയ ഹർത്താൽ പിന്നീട് വ്യാപക അക്രമത്തിലേക്ക് മാറുന്ന കാഴ്ചയാണ് മലപ്പുറത്ത്. ഇതോടെ പല സ്ഥലത്തും പൊലീസും ഹർത്താൽ അനുകൂലികളും ഏറ്റുമുട്ടി. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഒരു രാഷ്ട്രീയ പാർട്ടിയുടേയും പിന്തുണയില്ലെന്ന് അവകാശപ്പെട്ടാണ് ഹർത്താലിന്റെ പേരിൽ വാഹനം തടയാനും കടകൾ അടപ്പിക്കാനും ഒരു വിഭാഗം രംഗത്തിറങ്ങിയത്.
എന്നാൽ കത്വ സംഭവത്തിന്റെ പേരിൽ വർഗീയ വികാരം ആളിക്കത്തിക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രിതമായാണ് ഇത്തരമൊരു നീക്കം നടന്നതെന്നാ്ണ് സൂചന. അതിനാൽ തന്നെ ഇത്തരം സമരങ്ങൾ വച്ചുപൊറുപ്പിക്കേണ്ടതില്ലെന്നും ശക്തമായി നേരിടാനും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തന്നെ നിർദ്ദേശം നൽകി. ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലെല്ലാം സമരക്കാരെ അടിച്ചൊതുക്കാൻ തന്നെയാണ് നിർദ്ദേശം. ഇന്ന് മലപ്പുറത്ത് ഹർത്താൽ ആഹ്വാനവുമായി തെരുവിൽ ഇറങ്ങിയവരേയും പൊലീസ് അത്തരത്തിൽ തന്നെ നേരിട്ടു.
മലപ്പുറത്ത് മാത്രം വിവിധ പ്രദേശങ്ങളിലായി നൂറിലേറെ പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കണ്ണൂരും പാലക്കാട്ടും അക്രമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. മത മൗലികവാദികളായ ഒരു സംഘം സോഷ്യൽ മീഡിയയിലെ ഹർത്താൽ ആഹ്വാനത്തെ മുതലെടുക്കാൻ ശ്രമിച്ചതാണ് പ്രശ്‌നങ്ങൾ സംഘർഷത്തിലേക്ക് തിരിച്ചത്. ഹർത്താൽ ആഹ്വാനം ചെയ്ത് ആരും പൊലീസിന് നോട്ടീസും നൽകിയിരുന്നില്ല എന്നതിനാൽ ഇത് വ്യാജ ഹർത്താലാണെന്ന് പൊലീസും പ്രതികരിച്ചു.
മലപ്പുറത്ത് കടകമ്പോളങ്ങൾ മിക്ക ഇടങ്ങളിലും അടഞ്ഞുകിടക്കുകയാണ്. നിലവിൽ ഒരു പാർട്ടിയോ സംഘടനയോ ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നില്ല. യുവാക്കൾ സംഘടിച്ച് അതിരാവിലെ തന്നെ നിരത്തിലിറങ്ങി റോഡിൽ ടയർ കത്തിച്ച് ഗതാഗതം തടസപ്പെടുത്തുകയും കടകളുടെ ചുമരിൽ കത്വയിലെ പെൺകുട്ടിയുടെ നീതിക്കായെന്ന് വ്യക്തമാക്കി പോസ്റ്റർ പതിക്കുകയുമായിരുന്നു.
ചമ്രവട്ടം കോഴിക്കോട് റൂട്ടിൽ രണ്ട് കാറുകൾ സമരാനുകൂലികൾ അടിച്ചു തകർത്തു. അപ്രതീക്ഷിതമായ ഹർത്താലിൽ യാത്രക്കാരും വലഞ്ഞു. ഇതുവരെ വളരെ കുറഞ്ഞ സ്വകാര്യ ബസുകൾ മാത്രമാണ് നിരത്തിലിറങ്ങിയത്. മലബാറിലെ മറ്റ് ജില്ലകളിലും സ്ഥിതി സമാനമാണ്. തുറക്കുന്ന കടകൾ അടപ്പിച്ചും ഗതാഗതം തടസപ്പെടുത്തിയും ഹർത്താൽ ഇപ്പോഴും തുടരുകയാണ്.
പല സ്ഥലങ്ങളിലും അക്രമസംഭവങ്ങളുമുണ്ടായി. നാഥനില്ലാത്ത ഹർത്താൽ അതിരു കടന്നതോടെ പൊലീസും ശക്തമായി രംഗത്തിറങ്ങി. സംഘർഷമുണ്ടായ മലപ്പുറം ജില്ലയിലെ ആറ് സ്ഥലങ്ങളിൽ നിന്നായി അമ്പതോളം ഹർത്താൽ അനുകൂലികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തിരൂർ, കൽപകഞ്ചേരി, വളാഞ്ചേരി, കൊണ്ടോട്ടി, കോട്ടക്കൽ തുടങ്ങിയ പ്രദേശങ്ങളിലാണ് സംഘർഷാവസ്ഥ നിലനിൽക്കുന്നത്.
മലപ്പുറം ജില്ലയിലെ ഗ്രാമങ്ങളും തീരദേശ റോഡുകളും അടക്കം കല്ലിട്ട് ബ്ലോക്ക് ചെയ്തിരിക്കുന്ന സ്ഥിതിയാണുള്ളത്. സർക്കാർ സ്ഥാപനങ്ങൾ വരെ അടപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രി മുതൽ തന്നെ ഹർത്താൽ അനുകൂലികൾ വ്യാപാര സ്ഥാപനങ്ങൾ ഇന്ന് തുറക്കരുതെന്ന നിർദ്ദേശം നൽകിയിരുന്നു. അർദ്ധരാത്രി ആയത് മുതൽ ചരക്ക് വാഹനങ്ങൾ അടക്കം കോട്ടക്കലിലും തിരൂരിലും തടഞ്ഞിരുന്നു. തിരൂർ പയ്യനങ്ങാടിയിൽ വാഹനം തടയുന്നത് ക്യാമറയിൽ പകർത്തുകയായിരുന്ന ടി. സി.വി. ചാനൽ ക്യാമറാമാൻ അതുലിന് ഹർത്താൽ അനുകൂലികളിൽ നിന്നും മർദ്ദനമേറ്റു. ക്യാമറ നശിപ്പിക്കുവാൻ ശ്രമിക്കുകയും ചെയ്തു. തുടക്കത്തിൽ അയഞ്ഞ സമീപനം കൈകൊണ്ട പൊലീസ് പിന്നീട് ഉണർന്നു പ്രവർത്തിക്കുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് തിരൂരിൽ മാത്രം 25 പേരെ കസ്റ്റഡിയിലെടുത്തു. ക്യാമറാമാൻ അതുലിനെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പുത്തനത്താണിയിൽ റോഡ് തീയിട്ട് ബ്ലോക്ക് ചെയ്ത നിരവധി പേർ പൊലീസിന്റെ പിടിയിലായി.വെട്ടിച്ചിറയിൻ കെ.എസ്.ആർ.ടിസിക്കു നേരെ കല്ലേറുണ്ടായി. മഞ്ചേരി, വേങ്ങര, പറമ്പിൽ പീടിക, ചങ്കു വെട്ടി എന്നിവിടങ്ങളിലും ഹർത്താൽ സംഘർഷത്തിലേക്ക് നീങ്ങി. ഹർത്താലിന് ഒരു നേതൃത്വമില്ലെന്നതാണ് പ്രധാന പ്രശ്നം.
പ്രത്യേക പാർട്ടിയുടെ കൊടികളില്ലെങ്കിലും വിവിധ പാർട്ടിയിൽപ്പെട്ടവർ ഹർത്താലിൽ പങ്കാളികളാണ്. പ്രായം നോക്കാതെ നടപടി എടുക്കുവാനാണ് പൊലീസിന് നിർദ്ദേശം . പ്രതിഷേധം ന്യായമാണെങ്കിലും വിഷയം വർഗ്ഗീയവത്കരിക്കുവാനുള്ള നീക്കം അപലപനീയമാണെന്ന് വിവിധ കക്ഷിനേതാക്കൾ പ്രതികരിച്ചു. ഒരു പാർട്ടിയുടേയും പ്രവർത്തകർ എന്ന് പറയാൻ പറ്റാത്തതിനാൽ സമരത്തിന് ഇറങ്ങിയവരെ അക്രമങ്ങളിൽ ന്ിന്ന് തടയാനോ നിയന്ത്രിക്കാനോ ആരുമില്ലാത്ത സ്ഥിതിയാണ് പലയിടത്തും.
ഇത്തരം വ്യാജ പ്രചരണങ്ങളെ കരുതിയിരിക്കണമെന്ന് സോഷ്യൽ മീഡിയ വഴി തന്നെ സന്ദേശങ്ങൾ കൈമാറുന്നുണ്ട്. അതേസമയം, ഹർത്താലിന് മുസ്ലിം ലീഗിന്റെ പിന്തുണയുണ്ടെന്ന പ്രചാരണം വ്യാജമാണെന്നും ക്വത്വ, ഉന്നാവ വിഷയത്തിൽ സമാധാനപരമായി പ്രതിഷേധങ്ങൾ നടന്നുകൊണ്ടിരിക്കെ ഇതിനെ വഴിതിരിച്ചുവിടാനുള്ള ബോധപൂർവമായ ശ്രമമാണ് ഹർത്താലിനു പിന്നിലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, യൂത്ത് ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി.കെ ഫിറോസ് എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.