മെൽബൺ: വിദേശത്തു നിന്ന് വ്യാജ സ്റ്റുഡന്റ് വിസയിൽ ഓസ്‌ട്രേലിയയിലേക്ക് എത്താൻ ശ്രമിക്കുന്നവരുടെ എണ്ണം അപകടകരമാം വിധം വർധിക്കുന്നതായി എഡ്യുക്കേഷൻ പ്രൊവൈഡർ നവിതാസ് വെളിപ്പെടുത്തി. രാജ്യത്തിന്റെ വളർച്ചയ്ക്ക് വിഘ്‌നം വരുത്തുന്ന തരത്തിലാണ് ഇത്തരത്തിലുള്ള വ്യാജ സ്റ്റുഡന്റ് വിസാ അപേക്ഷകരുടെ എണ്ണം വർധിക്കുന്നതെന്ന് നവിതാസ് ചീഫ് എക്‌സിക്യൂട്ടീവ് റോഡ് ജോൺസ് പറയുന്നു. സ്വീകാര്യമായ തലത്തിലും മുകളിലാണ് വ്യാജ സ്റ്റുഡന്റ് വിസാ അപേക്ഷകളുടെ എണ്ണം പെരുകുന്നത്. ഇത്തരത്തിൽ വ്യാജ അപേക്ഷകൾ കുന്നുകൂടുന്നത് ഓസ്‌ട്രേലിയയുടെ വളർച്ചാ നിരക്ക് താത്ക്കാലികമായെങ്കിലും തടസപ്പെടുത്തുന്നതിന് കാരണമാകുമെന്ന് റോഡ് ജോൺസ് വ്യക്തമാക്കുന്നു.

യൂണിവേഴ്‌സിറ്റി പ്രോഗ്രാമുകൾ, ഇംഗ്ലീഷ് ലാംഗ്വേജ് ട്രെയിനിങ്, ക്രിയേറ്റീവ് മീഡിയ കോഴ്‌സുകൾ എന്നിവ നടത്തുന്ന നവിതാസ് അടുത്തകാലത്തായി മികച്ചതും യഥാർഥ ആവശ്യക്കാരുമായ വിദ്യാർത്ഥികളെ മാത്രം ഓസ്‌ട്രേലിയയിലേക്ക് കടത്തുന്നതിനായി റിക്രൂട്ട്‌മെന്റ് നടപടികൾ കർശനപ്പെടുത്തിയിരുന്നു. സർക്കാരിന്റെ പരിഗണനയിലുള്ള ഹയർ എഡ്യൂക്കേഷൻ പരിഷ്‌ക്കരണം, ഫീസ് ഘടനാ മാറ്റങ്ങൾ, സ്വകാര്യ മേഖലയ്ക്ക് സർക്കാരിൽ നിന്നുള്ള പിന്തുണ എന്നിവയിൽ സെനറ്റ് അനുകൂല നിലപാട് സ്വീകരിക്കുകയാണെങ്കിൽ അവ നവിതാസിന് ഗുണകരമാകുമെന്നും റോഡ് ജോൺസ് പെർത്തിൽ നടന്ന കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ പറഞ്ഞു.