പാലക്കാട്: മുസ്ലീമിനെ ഹിന്ദുവാക്കാനും ഹിന്ദുവിനെ മുസ്ലീമാക്കി മതം മാറ്റാനും മലയാളത്തിലെ പ്രമുഖ പത്രം കേന്ദ്രീകരിച്ച് പരസ്യങ്ങൾ. വിവാഹം, സ്‌നേഹം, സ്‌നേഹിക്കുന്ന മനസ്സുകളെ തടസ്സങ്ങൾ നീക്കി ഒന്നിപ്പിക്കൽ എന്നിങ്ങനെ ഏതുകാര്യം ഉദ്ദേശിച്ചാലും നടക്കുമെന്ന് അറിയിച്ച് ചില മുസലിയാർമാരുടെ പേരിലും സ്വാമിമാരുടെ പേരിലും നൽകുന്ന പരസ്യങ്ങൾക്ക് പിന്നിൽ പണം തട്ടിപ്പിനു പുറമേ മതം മാറ്റവും നടക്കുന്നതായറിയുന്നു. ഇതിനെപ്പറ്റി മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഈ പരസ്യത്തിന്റെ പേരിൽ ജീവിത, പ്രണയ പശ്‌നങ്ങളായി വിളിക്കുന്ന ഒട്ടേറെ പേരെ രഹസ്യമായി മതം മാറ്റിക്കൊണ്ടിരിക്കുന്നു എന്നതാണ്.

പത്രത്തിൽ പരസ്യം നൽകിയ വയനാടുള്ള ഒരു മുസ്ല്യാരെയാണ് മറുനാടൻ മലയാളി ആദ്യം സമീപിച്ചത്. തൃശൂരിൽ നിന്നുള്ളയാളാണ്, ഹിന്ദു നായർ യുവാവാണ്.കുറെ ക്കാലമായി സാമ്പത്തികമായി വളരെയധികം ഉയർന്ന സുന്ദരിയായ മുസ്ലിം യുവതിയെ പ്രണയിച്ചു വരുന്നു. മൂന്നു വർഷത്തിലേറെയായി ബന്ധം തുടങ്ങിയിട്ട്. വിളിച്ചാൽ അവൾ ഇറങ്ങി വരും. അവളുടെ ഉമ്മയുടെ സമ്മതവുമുണ്ട്. പക്ഷെ ഉപ്പ കൂടി സമ്മതിച്ചു വരാനാണ് അവൾക്ക് താൽപ്പര്യം. സ്‌നേഹിക്കുന്ന മനസ്സുകളെ തമ്മിൽ യോജിപ്പിക്കുന്ന മുസ്ല്യാർ ഒന്ന് സഹായിക്കണം. ...നടക്കുന്ന കാര്യങ്ങൾ മാത്രമേ ഞാൻ ഏറ്റെടുക്കാറുള്ളൂ. ഇത് നിസാരസംഭവമാണ്. മുസ്ല്യാർ പറഞ്ഞു തുടങ്ങി.. സ്‌നേഹവശ്യം എന്ന കർമ്മം ചെയ്യണം. ഇതിന് ആകെ 5000 രൂപ ചെലവ് വരും. 4000 രൂപ കർമ്മങ്ങൾ ചെയ്യാനുള്ള സാധനങ്ങൾ വാങ്ങാൻ ആവശ്യമായി വരും. പിന്നെ ആയിരം രൂപ ഫീസ്. ഇത് കിട്ടിയാൽ ഒരു വെള്ളി ഏലസ് പോസ്റ്റലായി അയച്ചുതരും. ഏലസ് കിട്ടി ധരിച്ചു തുടങ്ങിയാൽ അന്നു മുതൽ ഏഴു ദിവസം വരെ മത്സ്യ- മാംസങ്ങൾ, മുട്ട,മദ്യം, ലഹരി എല്ലാം വർജ്ജിക്കണം. ഏഴു ദിവസം കഴിഞ്ഞാൽ പെൺകുട്ടിയുടെ വീട്ടിൽ മാറ്റങ്ങൾ വരും. അവിടെ അസ്വസ്ഥതകൾ തുടങ്ങും. 41 ദിവസത്തിനകം അവൾ നിങ്ങൾക്ക് സ്വന്തമായി തീരും. ഒരു ശക്തിക്കും തടുക്കാൻ കഴിയില്ല. പക്ഷേ ഒരു നിബന്ധനയുണ്ട്. ഹിന്ദുവായ നിങ്ങൾ മുസ്ലിം ആകണം. മരണാന്തര ജീവിതത്തിൽ വിശ്വസിക്കുന്നവരാണ് മുസ്ലിംകൾ. ഇതുവഴി നിങ്ങളും രക്ഷപ്പെടും.

മുസ്ലിം ആകാമെന്നു പറഞ്ഞപ്പോൾ ബാക്കി കാര്യങ്ങൾക്ക് തയ്യാറായി. അയ്യായിരം രൂപ നോർത്ത് പറവൂർ ഫെഡറൽ ബാങ്കിൽ ഫസീല.ടി.കെ എന്നവരുടെ 11250100273950 അക്കൗണ്ടിൽ ഇടാൻ പറഞ്ഞു. വയനാട് സുൽത്താൻ ബത്തേരിയിൽ താമസിക്കുന്ന മുസ്ല്യാർ തന്നത് നോർത്ത് പറവൂരിലെ മറ്റൊരാളുടെ പേരിലെ അക്കൗണ്ട് നമ്പർ. പണം ഇട്ട ശേഷം പൂർണവിലാസവും പേരും വിവരവും നൽകിയാൽ മന്ത്രവാദങ്ങൾ തുടങ്ങും. പണമിട്ടശേഷമേ മതംമാറ്റം ഉൾപ്പെടെയുള്ള അടുത്ത കാര്യങ്ങളിലേക്ക് കടക്കൂ. ഒന്ന് കൂടി മുസ്ല്യാർ പറഞ്ഞു. മതം മാറാനല്ല പണം. പണം പെണ്ണിന്റെ വീട്ടുകാരുടെ മനസ്സ് മാറ്റി നമ്മുടെ വീട്ടിൽ എത്തിക്കാനാണ്.

ഇത് മുസ്ല്യാരുടെ അടുത്തുനിന്നുള്ള അനുഭവമാണെങ്കിൽ ദേവീ ഉപാസന നടത്തുന്ന ഒരു സ്വാമിയും ഇതുതന്നെയാണ് ചെയ്യുന്നത്. കോട്ടയം വൈക്കത്തുള്ള സ്വാമിപ്രയോഗിക്കുന്നത് കുടുബങ്ങളെ തമ്മിൽ ഇണക്കുന്ന വശ്യമന്ത്രം. മുസ്ല്യാരോട് പറഞ്ഞ പോലെ സ്വാമിയോടും വിഷയം അവതരിപ്പിച്ചു. വിഷയം കേട്ടപ്പോൾ സ്വാമി പറഞ്ഞു. പെൺകുട്ടി ഇറങ്ങി വരാൻ അവളുടെ മനസ്സിനെ ബലപ്പെടുത്തുന്ന ഒരു കർമ്മമുണ്ട്. അഥർവ്വ വേദത്തിൽ ഇതുസംബന്ധിച്ചുള്ള മന്ത്രവാദഗ്രന്ഥത്തിൽ 1337 ാം പേജിൽ ഇതിനെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. 3600 രൂപ ചാർജ് വരും. 41 ദിവസത്തിനകം ഫലം കിട്ടും. പിന്നെ വേദപ്രകാരം പെൺകുട്ടിയെ മതം മാറ്റിയാൽ പ്രശ്‌നമില്ല. രാത്രി പത്തുമണിക്കു ശേഷം വിളിച്ചാൽ ഇതിനെപ്പറ്റി പറയാം. വേദപ്രകാരം വശ്യത്തിന്റെ കാര്യങ്ങൾ അപ്പോൾ മാത്രമേ പറയാൻ പറ്റുള്ളൂ എന്നായി സ്വാമി. അതിന്റെ കാര്യവും സ്വാമി പറഞ്ഞു തന്നു. നിലാവ് ഉദിക്കണം, സൂര്യകിരണങ്ങൾ പരിപൂർണമായും മായണം, അന്ധകാരത്തിന്റെ യാമങ്ങളിലേക്ക് പൂർണമായും കടക്കണം. അപ്പോഴേ ഇത് പറയാനാവൂ, കർമ്മം ചെയ്യുന്നതും അപ്പോഴാണ്.... സ്വാമി പറഞ്ഞു.

പിന്നെ രാത്രി വിളിച്ചപ്പോൾ ഫോൺ എടുത്തില്ല. പിന്നീട് രാവിലെ ഏഴരക്ക് വിളിച്ചപ്പോൾ സ്വാമിയെ കിട്ടി. രാവിലെ ഏഴര കഴിഞ്ഞാൽ പിന്നെ രാത്രി പത്തുകഴിഞ്ഞാലേ പറയാൻ പറ്റൂ എന്നതിനാൽ സ്വാമി വേഗം കാര്യങ്ങൾ പറഞ്ഞു തന്നു. വശ്യമന്ത്രം ചെയ്യാൻ തലേന്ന് രാത്രി പറഞ്ഞത് 3600 രൂപയാണെങ്കിൽ രാവിലെ വിളിച്ചപ്പോൾ അത് 5000 ആയി. (അത്യാവശ്യക്കാരനാണെന്ന് സ്വാമിക്ക് മനസ്സിലായി) പക്ഷേ 500 രൂപ ഡിസ്‌ക്കൗണ്ടിൽ 4500 ന് സംഗതി ചെയ്തു തരും. രാത്രി മാത്രമേ ചെയ്യാനാവൂ എന്ന് പറഞ്ഞ കാര്യം പണം രാവിലെ അക്കൗണ്ടിൽ ഇട്ടാൽ വൈകുന്നേരമാവുമ്പോഴേക്കും അയയ്ക്കാം എന്നായി.

സ്വാമി മന്ത്രങ്ങൾ നടത്തി ഒരു ചരടും തകിടും തപാലായി അയയ്ക്കും. ചരട് കയ്യിൽ കെട്ടിയാൽ അതിൽനിന്നുള്ള പ്രഭാകിരണം പെൺകുട്ടിയുടെ വീട്ടിൽ എത്തും. ഇതവിടെ അസ്വസ്ഥത പടർത്തും. ഏഴുദിവസം കഴിയുമ്പോഴേക്കും ചരട് അതിന്റെ പണി തുടങ്ങും. കൂടാതെ ഒരു തകിട് വീടിന്റെ വടക്കുഭാഗത്ത് കുഴിച്ചിടണം. രാത്രി പത്ത് മണി കഴിഞ്ഞ് വിവാഹം കഴിക്കേണ്ട പെൺകുട്ടിയെ മനസ്സിൽ വിചാരിച്ച് പരിപൂർണ നഗ്നനായി വടക്കോട്ടു തിരിഞ്ഞുനിന്നു വേണം കുഴിച്ചിടാൻ. വലതു കൈ കൊണ്ട് തകിട് കുഴിച്ചിടുമ്പോൾ പെൺകുട്ടിയെ മനസ്സിൽ വിചാരിച്ച് ഇടതുകൈ കൊണ്ട് 'സാധനവും' പിടിക്കണമത്രെ. ഇല്ലെങ്കിൽ ഫലം കിട്ടില്ല. പിന്നെ കിടക്കുമ്പോൾ പെൺകുട്ടിയെ മനസ്സിൽ വിചാരിച്ച് ചൊല്ലേണ്ട മന്ത്രങ്ങൾ അക്കൗണ്ടിൽ പണം ഇട്ടാൽ പറഞ്ഞു തരും. ഇങ്ങനെ ചെയ്താൽ എല്ലാ കെട്ടുകളും പൊട്ടി പെൺകുട്ടി സ്വതന്ത്രയാകും. 41 ദിവസത്തിനകം ഫലം ഉറപ്പാണ്.

കോട്ടയം വൈക്കത്തുള്ള സ്വാമിയും പണം നേരിട്ടു വാങ്ങില്ല. പണം മലപ്പുറം പൂക്കോട്ടുപ്പാടം സൗത്ത് ഇന്ത്യൻ ബാങ്കിലെ സുനാസ് .കെ. എന്നയാളുടെ 0622053000004083 എന്ന നമ്പറിൽ നിക്ഷേപിക്കണം. ഇയാൾ സ്വാമിയുടെ മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് ആണെന്നു സ്വാമി പറഞ്ഞു. . പണം ഇട്ടാൽ ഇയാൾ അതെടുത്ത് സ്വാമിയെ ഏൽപ്പിക്കും. ഭക്തജനങ്ങളിൽനിന്ന് സ്വാമി നേരിട്ടു പണം വാങ്ങാറില്ലത്രെ.
പിന്നെ മുസലിയാരുടെ അത്ര നിർബന്ധമില്ലെങ്കിലും പെൺകുട്ടി മുസ്ലീമായതുകൊണ്ട് അവളെ വേദത്തിലേക്ക് അഥവാ ഹിന്ദുമതത്തിലേക്ക് മാറ്റിയാൽ മാത്രമേ അത് കുടുംബ ജീവിതത്തിന്റെ ശാന്തിക്ക് ഉചിതമാകൂ എന്ന് സ്വാമിക്ക് അഭിപ്രായമുണ്ട്.

ഇതിനു വേണ്ട കാര്യങ്ങളും സ്വാമി ചെയ്തു തരും. വൈക്കം ആശ്രമത്തിൽ ഇതിനു വേണ്ട സൗകര്യം സ്വാമി ഒരുക്കിത്തരും. ഫീസ് ഒന്നും കൊടുക്കേണ്ടതില്ല. സന്തോഷത്തിന് വല്ലതും വേണമെങ്കിൽ കൊടുക്കാമെന്നു മാത്രം. അതുമല്ലെങ്കിൽ ഘർവാപ്പസിക്കാരെ സ്വാമി പറഞ്ഞു വിടും. വൈക്കം ആശ്രമത്തിൽ കല്യാണത്തിനുശേഷമേ നടക്കൂവെങ്കിൽ ഘർവാപ്പസി ടീം ഒറ്റദിവസം കൊണ്ട് തന്നെ കാര്യങ്ങൾ നടത്തിത്തരുമെന്നും സ്വാമിജി മൊഴിഞ്ഞു.

മലയാളത്തിലെ പ്രമുഖ പത്രം കേന്ദ്രീകരിച്ചാണ് ഇക്കൂട്ടർ പരസ്യങ്ങൾ നൽകി വരുന്നത്. എല്ലാ മാന്ത്രിക കർമ്മങ്ങളും തപാലായി ചെയ്യുന്ന ഇക്കൂട്ടർ മാന്ത്രിക ഏലസ്സുകൾ വിറ്റ് പണം തട്ടുന്ന സംഘങ്ങളിൽനിന്ന് വിഭിന്നമാണ്. സാധാരണക്കാരുടെ പ്രണയവും പ്രശ്‌നങ്ങളും കടങ്ങളും ദുരിതങ്ങളും ദുഃഖങ്ങളുമൊക്കെ മാറ്റാൻ മാന്ത്രിക വിദ്യയുടെ പേരിൽ പണം തട്ടുന്നതിനു പുറമെ മതം മാറ്റൽ കർമ്മങ്ങളും രഹസ്യമായി നടത്തിവരുന്നു.

ഇവർക്ക് പിന്നിൽ ഒരു വൻ ലോബി തന്നെയുണ്ട്. പ്രശ്‌നങ്ങളുമായി വരുന്നവനെ വലിയ ബുദ്ധിമുട്ടില്ലാതെ മതം മാറ്റാൻ കഴിയും. വലിയ തുക മതം മാറാനായി നൽകേണ്ടതുമില്ല. ഒരാളെ മതം മാറ്റിക്കൊടുത്താൽ ഉയർന്ന ഒരു സംഖ്യ അതത് മതകേന്ദ്രങ്ങൾ ഇവർക്ക് പാരിതോഷികമായി നൽകിവരുന്നുമുണ്ട്. തുടക്കത്തിൽ ചെറുതായി തുടങ്ങിയ പരിപാടി വൻ ക്ലിക്കായതോടെ ഈ തന്ത്രവുമായാണ് വർഗീയ വാദികൾ മതം മാറാനുള്ള തങ്ങളുടെ ഇരകളെ കണ്ടെത്തുന്നത്. ഇപ്പോൾ പല മുസ്ല്യാർമാരും സ്വാമിമാരും പത്രത്താളുകളിൽ ഈ വലയുമായി ഇരകളെ കാത്തിരിക്കുന്നുണ്ട്. പക്ഷേ പൊലീസ് ഇതറിയാതിരിക്കുകയോ അറിഞ്ഞ മട്ട് നടിക്കുകയോ ചെയ്യുന്നില്ല. വ്യാജ പരസ്യം നൽകി ജനങ്ങളെ പറ്റിക്കുന്ന പത്രമുത്തശ്ശിക്ക് ഇതൊക്കെയാണ് ഒരു രസം.