മെൽബൺ: ലൈംഗിക ഉത്തേജനത്തിനെന്ന വ്യാജേന ഓസ്‌ട്രേലിയൻ കരിഞ്ചന്തയിൽ വ്യാജ വയാഗ്ര ഗുളികകളുടെ നിർമ്മാണവും വില്പനയും തകൃതിയാണെന്ന് പുതിയ കണ്ടെത്തൽ. ശരീരത്തിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഇത്തരം സെക്‌സ് ഗുളികകൾ മനുഷ്യനെ കൊല്ലുമെന്ന് വരെ അധികൃതർ മുന്നറിയിപ്പു നൽകുന്നുണ്ട്.

അടുത്ത കാലത്തായി ഓസ്‌ട്രേലിയയിലെ സെക്‌സ് ഷോപ്പുകളിലും മറ്റും വ്യാപകമായ തോതിൽ ഇത്തരം വ്യാജ വയാഗ്രയുടെ വില്പന തകൃതിയായി നടക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. വിക്ടോറിയ, ക്യൂൻസ് ലാൻഡ്, ന്യൂ സൗത്ത് വേൽസ് എന്നിവിടങ്ങളിൽ ഇതുസംബന്ധിച്ച് ഇന്റലിജൻസ് റിപ്പോർട്ട് പൊലീസിന് ലഭിച്ചിട്ടുണ്ട്. ബൈക്കുകളിൽ കറങ്ങി നടക്കുന്ന ഗ്യാംഗുകളാണ് ഇത്തരം സെക്‌സ് ഗുളികകളുടെ കള്ളക്കടത്തുകാർ. മാരകമായ കെമിക്കലുകൾ അടങ്ങിയിട്ടുള്ള ഇത്തരം ഗുളികകൾ യാതൊരു വിധത്തിലുമുള്ള ലൈംഗിക ഉത്തേജനത്തിന് സഹായകരമാകുകയില്ല എന്നും  ഫെയർഫാക്‌സ് റിപ്പോർട്ട് ചെയ്യുന്നു.

2014-നു ശേഷം അഡൾട്ട് ഷോപ്പുകളിൽ നിന്നും മറ്റുമായി ഇത്തരത്തിലുള്ള 40-ലധികം വ്യത്യസ്ത മരുന്നുകൾ തെറാപ്പെറ്റീക് ഗുഡ്‌സ് അഡ്‌മിനിസ്‌ട്രേഷൻ (ടിജിഎ) പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇവയുടെ ലാബോറട്ടറി ടെസ്റ്റുകൾ തെളിയിക്കുന്നത് ഇവയിൽ Sildenafil, Tadalafil എന്നീ ഘടകങ്ങൾ മാത്രം അടങ്ങിയിട്ടുള്ളൂവെന്നാണ്.

ലൈംഗിക ഉത്തേജനത്തിന് നിലവിൽ അംഗീകൃത മരുന്നായ വയാഗ്ര പോലും ഡോക്ടറുടെ കുറിപ്പില്ലാതെ ലഭിക്കുകയുമില്ല. മാത്രമല്ല, മറ്റ് ജീവൻരക്ഷാ മരുന്നുകളേയും മറ്റും അപേക്ഷിച്ച് ഇവയ്ക്ക് ഏറെ വിലയാണു താനും. ഈ സാഹചര്യത്തിലാണ് വ്യാജ വയാഗ്രകൾ പല പേരിൽ ഇവിടെ വിലസുന്നത്. Black King Kong, Man Up Now, Stallion Pro, African Superman എന്നീ പേരുകളാണ് വ്യാജന്മാർക്കുള്ളത്. മരണം ഉൾപ്പെടെയുള്ള ഗുരുതര പ്രത്യാഘാതങ്ങൾ ഇവ സൃഷ്ടിക്കുമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകുന്നുണ്ട്.

ഇത്തരം ഗുളികകളുടെ ഇറക്കുമതിയെക്കുറിച്ചും വിതരണത്തെ കുറിച്ചും ഒട്ടേറെ പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ടിജിഎ അധികൃതർ പറയുന്നു. വ്യാജ വയാഗ്രകൾ രാജ്യത്തെത്തിക്കുന്നതിന് ഓസ്‌ട്രേലിയയുടെ പോസ്റ്റൽ സംവിധാനവും ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. വ്യാജ വിലാസത്തിലും കമ്പനികളുടേയും പേരിൽ  ആയിരക്കണക്കിന് ഗുളികകൾ രാജ്യത്തെത്തുന്നു.