തിരുവനന്തപുരം. ചൊവ്വാഴ്ച നാലു പതിനാലോടു കൂടിയാണ് ടുറിസം സഹകരണ മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ പേരിലുള്ള ഔദ്യോഗിക വാട്‌സ് അപ്പ് മീഡിയ ഗ്രൂപ്പിൽ മാതൃഭൂമി ന്യൂസിലെ പ്രധാനിയും അവതാരകനുമായ വേണുവിനെ അപകീർത്തിപ്പെടുത്തുന്നതും അപമാനിക്കുന്നതുമായ വീഡിയോ പോസ്റ്റ് ചെയ്തത്. 9446005787 എന്ന നമ്പരിൽ നിന്നും ഗോപകുമാർ എന്നയാളാണ് ഈ അപകീർത്തി വീഡിയോ പോസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സോഷ്യൽ മീഡിയ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സി ഡിറ്റ് ഉദ്യോഗസ്ഥൻ കുടിയായ ഗോപകുമാറാണ് ഈ പോസ്റ്റിന് പിന്നിലെന്നാണ് വിവരം.

മാതൃഭൂമിയിൽ നിന്നെടുത്ത വിഡിയോയിൽ മറ്റാരേയോ കൊണ്ട് ശബ്ദം നൽകിയാണ് വിഡിയോ കൃത്രിമമായി ഉണ്ടാക്കിയിരിക്കുന്നത്. മാധ്യമ പ്രവർത്തകരെ മുഴുവൻ കളിയാക്കുന്ന സമീപനമാണ് ഇതിലുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗപ്പെടുത്തിയാണോ ഈ വിഡിയോ ഉണ്ടാക്കിയതെന്ന സംശയവും വ്യാപകം. സെൻകുമാറിനെ ഡിജിപിയാക്കാനുള്ള സുപ്രീംകോടതിയുടെ ഉത്തരവിനെ പിണറായി സർക്കാരിന് കിട്ടിയ അടിയെന്നാണ് മാതൃഭൂമിയുടെ ചർച്ചയിൽ വേണു വിശദീകരിച്ചത്. ഇതിലുള്ള പകപോക്കലാണ് കളിയാക്കൽ വിഡിയോ. മുഖ്യമന്ത്രിയുടെ ഫോട്ടോ ഉപയോഗിച്ച് ട്രോൾ ഇടുന്നവർക്കെതിരെ പോലും കേസെടുക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടവർ തന്നെ മന്ത്രിമാരുടെ ഔദ്യോഗിക സംവിധാനമുപയോഗിച്ച് ഇത്തരം വിഡിയോ പ്രചരിപ്പിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

കൃത്രിമമായി ഉണ്ടാക്കിയ വിഡിയോയിലെ വാചകങ്ങൾ ഇങ്ങനെ:

നമസ്‌ക്കാരം............സൂപ്പർ പ്രൈം ടൈമിലേക്ക് സ്വാഗതം. ഇന്ന് സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നത് മാധ്യമ പ്രവർത്തകരുടെ കുരു പൊട്ടലിനെ കുറിച്ചാണ് ......പിണറായി വിജയെനെന്നും സി പി എം എന്നും മാത്രം കേൾക്കുേേമ്പാഴാണോ ഞങ്ങൾക്ക് കുരു പൊട്ടുന്നത് ? പിണറായി വിജയൻ മുഖ്യമന്ത്രി ആയ ശേഷമാണോ ഈ കുരു പൊട്ടൽ തുടങ്ങിയത് ? അതോ നേരത്തെ തുടങ്ങിയതോ? കുരു വളർത്തുന്നത് കുമ്മനമാണോ ചെന്നിത്തലയാണോ സ്‌വന്തം മുതലാളിയാണോ? ആരാണ് ഞങ്ങളുടെ അജണ്ട സെറ്റു ചെയ്യുന്നത് ഇല്ലാത്ത ന്യൂസ്് ബ്രേക്കിങ് ആയി കൊടുത്ത് മാമ ലെവലിലാണോ ഞങ്ങളുടെ പോക്ക് .

ഈ പോക്ക് പോയാൽ ഞങ്ങൾ എവിടെ ചെന്നു നിൽക്കും ,മാധ്യമ പ്രവർത്തനം എന്നാൽ മര്യാദയില്ലാത്ത മാമ പണിയാണോ അതോ ഉളുപ്പില്ലാത്ത ഗുഡായിപ്പോണോ ഇടതു സർക്കാർ ചെയ്യുന്ന ജനക്ഷേമ പ്രവർത്തനങ്ഹളിൽ ആർക്കാണ് ഇത്ര അസഹിഷ്ണത, കൂടെ നിൽക്കുന്നവൻ പോലും പിന്നിൽ നിന്ന് കുത്തുമ്പോൾ കേരളം ഓർക്കണം മാമാ പണിയല്ല മാധ്യമ പണി. ഈ വിഷയങ്ങളെ കുറിച്ചുള്ള 100 ചോദ്യങ്ങളാണ് ഇന്ന് ചർച്ച ചെയ്യുന്നത്..............ഞാൻ ഇങങനെനെ ആയതാണോ അതോ ആക്കിയതാണോ ...പിണറായി മാത്രമാണോ ടാർഗറ്റ്.. അതോ കേരളത്തെ മൊത്തത്തിലോ ?കള്ളത്തരം എഡിറ്റു ചയെ്തു എത്രക്കാലം ഞങ്ങൾക്ക് മുന്നോട്ടു പോകാനാവും.................... 

വാട്‌സ് ഗ്രൂപ്പ് വഴി മാധ്യമ പ്രവർത്തകനെ അപമാനിച്ച ഗോപകുമാറിനെതിരെ തീർച്ചയായും മുഖ്യമന്ത്രി നടപടി എടുക്കേണ്ടതും പരാതി കിട്ടുന്ന മുറക്ക് പൊലീസ് കേസെടുക്കേണ്ടതുമാണ്. ഇക്കാര്യത്തിൽ പത്രപ്രവർത്തക യൂണിയൻ പരാതി കൊടുക്കണമെന്ന ആവശ്യം മാധ്യമ പ്രവർത്തകർക്കിടയിൽ സജീവമാണ്. വേണു വ്യക്തിപരമായി പൊലീസിനെ സമീപിക്കാൻ ഇടയില്ലാത്ത സാഹചര്യത്തിലാണ് ഇത്. മന്ത്രി എംഎം മണി പെമ്പിളൈ ഒരുമൈ സമരവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരെ പരിഹസിച്ചിരുന്നു. ഇതിനോട് പത്രപ്രവർത്തക യൂണിയൻ സംസ്ഥാന നേതൃത്വം പ്രതികരിച്ചത് പോലും ഇല്ല. ഈ സാഹചര്യത്തിലാണ് ഈ വിഷയത്തിലെങ്കിലും നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുന്നത്.

മംഗളം പത്രത്തിലെ ജീവനക്കാരെ ഐ ടി ആക്ട് ചുമത്തി ജയിലിൽ അടച്ച മുഖ്യമന്ത്രി ഇക്കാര്യത്തിലും പക്ഷം പിടിക്കാതെ നടപടി എടുക്കുമെന്നാണ് പ്രതീക്ഷ. ഈ പോസ്റ്റ് വാട്‌സ് അപ്പ് ഗ്രൂപ്പിൽ വന്നപ്പോൾ തന്നെ മാതൃഭൂമി ന്യൂസിലെ ശ്രീജിത്ത് ഇത് ഒഫിഷ്യൽ ആണോ എന്ന് ഗ്രൂപ്പിൽ ചോദിച്ചിരുന്നു. ഉടൻ തന്നെ മാതൃഭൂമി ന്യൂസിന്റെ മുൻ ബ്യൂറോ ചീഫും ഇപ്പോൾ ടൂറിസം മന്ത്രിയുടെ പ്രസ് സെക്രട്ടറിയും ആയ മഹേഷ് ചന്ദ്രൻ ഇത്തരം വീഡിയോകൾ ഇവിടെ ഷെയർ ചെയ്യരുതെന്ന് പോസ്റ്റിടുകയും ചെയ്തു. മാതൃഭൂമി ന്യൂസിൽ വേണു അവതരിപ്പിക്കുന്ന ന്യൂസിലെ ചർച്ച ഭാഗം റെക്കാർഡു ചെയ്ത ശേഷം ഡബ്ബിംഗിന് വിധേയമാക്കിയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. അതായത് ഐ ടി ആക്ട് പ്രകാരം 5 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റം.

ഇത്തരം വീഡിയോകൾ പുറത്തുവന്നു മണിക്കൂറുകൾ കഴിഞ്ഞെങ്കിലും മറ്റു മാധ്യമപ്രവർത്തകർ ടൂറിസം മന്ത്രിയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ പ്രതികരിക്കാനോ കേരള പത്രപ്രവർത്തക യൂണിയൻ ഇതിനെ അപലപിക്കാനോ തയ്യാറായിട്ടില്ല എന്നതാണ് വാസ്തവം. മന്ത്രി മണി കുഞ്ചിത്തണ്ണിയിൽ മാധ്യമ പ്രവർത്തകരെ അപമാനിച്ച് സംസാരിച്ചിട്ടു പോലും പ്രതിഷേധിക്കാത്ത യൂണിയനാണ് കേരളത്തിലെ പത്രപ്രവർത്തകരുടേത്. ആളും തരവും നോക്കി പ്രസ്താവന ഇറക്കുകയും ചില തൽപര കക്ഷികളുടെ കയ്യിലെ പാവയായി പ്രവർത്തിക്കുകയും ചെയ്യുകയാണ് പത്രപ്രവർത്തക യൂണിയനെന്ന് ഒരു മുതിർന്ന പത്രപ്രവർത്തകനും യൂണിയന്റെ സംസ്ഥാന കമ്മിറ്റി അംഗവുമായ ഒരാൾ മറുനാടൻ മലയാളിയോടു പ്രതികരിച്ചു.

വീഡിയോക്ക് എതിരെ വേണുവോ മറ്റാരെങ്കിലുമോ പരാതി നൽകിയാൽ പൊലീസിന് ഐ ടി ആക്ട് പ്രകാരം കെസെടുക്കേണ്ടി വരും. എന്നാൽ പ്രതിക്കൂട്ടിൽ നിൽക്കുന്നായൾ മുഖ്യമന്ത്രിയുടെ സ്റ്റാഫായതിനാൽ പരാതി ഉണ്ടായാലും പൊലീസ് കേസെടുക്കുമോ എന്ന സംശയവും ബാക്കി നിൽക്കുന്നു.